പന്തളത്ത് ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു; നിസ്സാര പരിക്ക്

#സ്വന്തം ലേഖകൻ
ജി. സുകുമാരൻ നായർ ആശുപത്രിയിൽനിന്ന് മടങ്ങുന്നു, അപകടമുണ്ടാക്കിയ വാൻ | ഫോട്ടോ: മാതൃഭൂമി
ജി. സുകുമാരൻ നായർ ആശുപത്രിയിൽനിന്ന് മടങ്ങുന്നു, അപകടമുണ്ടാക്കിയ വാൻ | ഫോട്ടോ: മാതൃഭൂമി

പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു. സുകുമാരൻ നായർക്ക് നിസ്സാര പരിക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്‌കൂൾ ജങ്ഷന് സമീപം വെള്ളിയാഴ്ച
ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം.

പെരുമ്പളിക്കൽ എൻഎസ്എസ് പോളിടെക്നിക്കിൽ പരിപാടിയിൽ സംബന്ധിക്കുവാനായി പോവുകയായിരുന്നു സുകുമാരൻ നായർ. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം എതിരെ വന്ന പിക് അപ്പ് വാനുമായി കൂട്ടയിടിക്കുകയായിരുന്നു.

കൈയ്ക്ക് നിസ്സാര പരിക്കേറ്റ അദ്ദേഹത്തെ പന്തളം മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം സുകുമാരൻ നായർ പെരുമ്പളിക്കലിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോയി.