ജാതിസംവരണമല്ല, സാമ്പത്തികസംവരണമാണ് നടപ്പാക്കേണ്ടത്- സുകുമാരൻ നായർ

#ന്യൂസ് ഡെസ്ക്
ജി.സുകുമാരന്‍ നായര്‍
ജി.സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ജാതിസംവരണമല്ല, സാമ്പത്തികസംവരണമാണ് നടപ്പാക്കേണ്ടതെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ.

പിന്നാക്കക്കാരിലെ സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്നവർക്ക് സംവരണത്തിന്റെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം വേണ്ടത്. ജാതിസംവരണംമൂലം, മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ എല്ലാവരും അവഗണിക്കുകയാണ്. ഇതിന് മാറ്റം വരണം. മന്നത്ത് പദ്‌മനാഭൻ മുൻപ്‌ ഇതുതന്നെയാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം നടപ്പാക്കണമെന്ന നിലപാടാണ് എൻ.എസ്.എസിന്‌ ഇപ്പോഴുമുള്ളത്.

എൻ.എസ്.എസ്. പതാകദിനാചരണത്തോടനുബന്ധിച്ച്‌ മന്നം സമാധിയിൽ പതാകയുയർത്തിയശേഷം സമുദായാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജനറൽ സെക്രട്ടറി.

സമുദായാചാര്യൻ മന്നത്ത് പദ്‌മനാഭൻ മുന്നോട്ടുെവച്ച ആശയങ്ങൾ സ്വീകരിച്ചാണ് സംഘടന ഇപ്പോഴും പ്രവർത്തിക്കുന്നത്. നായർ സർവീസ് സൊസൈറ്റിക്കെതിരേ നമ്മുടെയിടയിലുള്ള ചിലർ രംഗത്തുവരുന്നുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും സുകുമാരൻനായർ പറഞ്ഞു.

Content Highlights: NSS General Secretary G. Sukumaran Nair advocates for economic reservation., Questions the need for reservation for affluent backward classes., Highlights the neglect of economically weaker sections among upper castes., Reaffirms alignment with Mannathu Padmanabhan's vision.