രാഷ്ട്രീയശക്തിയെന്ന നിലയിൽ ഇന്ത്യയിൽ ഇടതുപക്ഷം അപ്രസക്തം- എൻ.എസ്. മാധവൻ

എന്‍.എസ്. മാധവന്‍ | ഫോട്ടോ: കൃഷ്ണപ്രദീപ് പി.
എന്‍.എസ്. മാധവന്‍ | ഫോട്ടോ: കൃഷ്ണപ്രദീപ് പി.

തിരുവനന്തപുരം: ഒരു രാഷ്ട്രീയശക്തിയെന്ന നിലയിൽ ഇന്ത്യയിൽ ഇടതുപക്ഷം അപ്രസക്തമാണെന്ന് പ്രമുഖ സാഹിത്യകാരൻ എൻ.എസ്. മാധവൻ. ബംഗാളിൽ ഇല്ലാതായതോടെ അവർ ഒരു രാഷ്ട്രീയശക്തിയല്ലാതായി. ഒരു ആശയമെന്ന നിലയിൽ മാത്രമാണ് കമ്യൂണിസം ലോകത്തെല്ലായിടത്തും അവശേഷിക്കുന്നതെന്നും എൻ.എസ്. മാധവൻ പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ’മീറ്റ് ദി ഓതർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ എന്ന ആശയം മാറ്റിമറിക്കാനായി ഒരു പദ്ധതി രൂപപ്പെട്ടുവെന്നും അത് ഓരോ വർഷവും ഓരോ രീതിയിൽ മുന്നോട്ടുപോവുകയാണെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ആദ്യം വളരെ മൃദുവായ മുഖമാണ് ആവശ്യമെന്നതിനാൽ വാജ്‌പേയിയെ അവതരിപ്പിച്ചു. പിന്നീട് രൂക്ഷമായ മുഖമാണ് ആവശ്യമെന്നു കണ്ടപ്പോൾ അത് വന്നു. അതിനെ എതിർക്കാൻ ഒരു ആശയവും മറുവശത്തില്ല എന്നതാണ് തേരോട്ടം തുടരാൻ പ്രധാന കാരണം. രാഷ്ട്രീയശക്തിയെന്നനിലയിൽ ഇടതുപക്ഷം അപ്രസക്തമായതിനാൽ കോൺഗ്രസും സോഷ്യലിസ്റ്റുകളുമാണ് ഇതിനെ എതിർക്കേണ്ടത്. എന്നാൽ, അവരും കാലാകാലങ്ങളായി ഇവരെ അനുകൂലിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ, 21-ാം നൂറ്റാണ്ടിൽ കാര്യങ്ങൾ മാറാൻ നിമിഷങ്ങൾ മതി. പലയിടത്തും ഭരണം മാറുന്നത് ജനങ്ങളുടെയും വിദ്യാർഥികളുടെയുമൊക്കെ പ്രക്ഷോഭങ്ങളിലൂടെയാണ്. ബംഗ്ലാദേശും ശ്രീലങ്കയും ഇതിന് ഉദാഹരണമാണ്. ഒരു സംഘടിത ശബ്ദം ഏതെങ്കിലും രൂപത്തിൽ വരും. അതിന്റെ ഒരു മിന്നലാട്ടമാണ് കർഷകസമരത്തിൽ കണ്ടത്.

തീവ്ര ഇടതുപക്ഷ നിലപാടുകൾ ശരിയല്ലെന്ന് തോന്നിയതിനുശേഷം ഇടതുപക്ഷത്തുനിന്ന് ഒരു കുതിപ്പുണ്ടായില്ല. കേന്ദ്രനേതൃത്വത്തിന്റെ തെറ്റായ സമീപനമാണ് കാരണം. കേരളം പൊതുവേ ഇടതുപക്ഷ മനസ്സുള്ള സംസ്ഥാനമാണ്. ഇന്ത്യയെക്കുറിച്ച് നോക്കുമ്പോൾ എല്ലാവിധ ആശയസമരത്തിനും നേതൃത്വംനൽകേണ്ട ഇടതുപക്ഷം നിശ്ശബ്ദമായിരിക്കുന്നു. ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ് ഈ സാമൂഹികമാധ്യമ കൃത്രിമത്വം. ആദർശശുദ്ധിയുണ്ടായിരുന്ന ഇടതുപക്ഷംപോലും ഇന്ന് പിആർ ഏജൻസികളെ െവച്ച് ആശയപ്രചാരണം നടത്തുകയാണ്- എൻ.എസ്. മാധവൻ പറഞ്ഞു.

എഴുത്തുകാരൻ എൻ.ഇ. സുധീറാണ് എൻ.എസ്. മാധവനുമായി സംസാരിച്ചത്.

Content Highlights: Renowned author N.S. Madhavan states the Indian Left is irrelevant politically, with Communism surviving only as an idea. Discusses challenges to Indian democracy.