നിതിൻ രാജിന്റെ മരണം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇന്ന്

ആര്‍.എല്‍. നിതിന്‍രാജ്, ഡോ. കെ. റാം
ആര്‍.എല്‍. നിതിന്‍രാജ്, ഡോ. കെ. റാം

തലശ്ശേരി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജ് ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ പ്രതികളായ കോളേജ് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് അഡീഷണൽ ജില്ലാ കോടതി (നാല്) വ്യാഴാഴ്ചയിലേക്ക് മാറ്റി. നിതിൻ രാജിന്റെ അച്ഛൻ എൽ.വൈ.രാജനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. വിനോദ് രാഘവൻ രേഖാമൂലം കാര്യങ്ങൾ ബോധിപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്‌. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവാകുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം ആവശ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ എതിർത്തു. കോളേജ് പാതോളജി വിഭാഗം മുൻ തലവൻ ഡോ. എം.കെ.റാം, ഓറൽ പാതോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

നിതിൻ രാജിന്റെ അച്ഛൻ എൽ.വൈ.രാജൻ, സഹോദരീഭർത്താവ് അശോക്, അന്വേഷണസംഘത്തിലുള്ള ചക്കരക്കല്ല് സി.ഐ. കെ.എ.ഫക്രുദീൻ എന്നിവർ കോടതിയിൽ ഹാജരായി. ഹാജരാകാൻ രാജന് നോട്ടീസ് നൽകിയിരുന്നു. ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ ജില്ലാ കോടതി (നാല്) ജഡ്ജി ജെ.വിമലാണ് കേസ് പരിഗണിച്ചത്.

Content Highlights: The Thalassery court hears the anticipatory bail plea regarding the death of BDS student Nithin Raj.