ഗോവിന്ദച്ചാമിയെ പൂട്ടി, 1.5 കോടി ഇൻഷുറൻസിനും വഴിയൊരുക്കി'; അഭിമാനം പുതിയ ജില്ലാ പോലീസ് മേധാവി

പി നിധിൻരാജ്
പി നിധിൻരാജ്

കാഞ്ഞങ്ങാട്: നെല്ലെടുപ്പ് സമരത്തിന്റെയും കർഷക പോരാട്ടങ്ങളുടെയും ചരിത്രമെഴുതിയ രാവണേശ്വരം ഗ്രാമത്തിന് മറ്റൊരു അഭിമാനം കൂടി. നാട്ടുകാരൻ പി.നിധിൻരാജ് ജില്ലയുടെ പോലീസ് തലപ്പത്തെത്തുന്നു. അടുത്താഴ്ച ജില്ലാ പോലീസ് മേധാവിയായി അദ്ദേഹം ചുമതലയേൽക്കും.

നിധിൻരാജ് ജില്ലാ പോലീസ് മേധാവിയായെന്ന് അറിഞ്ഞതുമുതൽ കാഞ്ഞങ്ങാട്ടെയും രാവണേശ്വരത്തെയും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വെള്ളിയാഴ്ച രാവിലെ മുതൽ നിറഞ്ഞോടുകയായിരുന്നു ഈ വിവരം. നിധിൻരാജിന്റെ ഫോട്ടോവെച്ച് രാവണേശ്വരത്തിന്റെ അഭിമാനമെന്ന ടാഗ്ലൈനോടെയുള്ള പോസ്റ്റ് ഒരുപാട് ആളുകൾ സ്റ്റാറ്റസുമാക്കി.

രാവണേശ്വരം 'എക്കാൽ ഹൗസി'ൽ കെ.രാജേന്ദ്രൻ നമ്പ്യാരുടെയും പി.ലതയുടെയും മകനാണ് നിധിൻരാജ്. പത്താംതരംവരെ രാവണേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിലും തുടർന്ന് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളുലും പഠിച്ചു. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദധാരിയാണ്. 2018-ൽ 210-ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചു. ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽനിന്നാണ് പരിശീലനം പൂർത്തിയാക്കിയത്.

പരിശീലനകാലയളവിൽ മാനന്തവാടി, കൊല്ലം ഏരൂർ എന്നിവിടങ്ങളിലും ജോലിചെയ്തു. നാദാപുരം, തലശ്ശേരി, പാല എന്നിവിടങ്ങളിൽ എ.എസ്.പി.ആയും ജോലിചെയ്തു. എസ്.പി.ആയി പ്രൊമോഷൻ ലഭിച്ചതോടെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ പ്രവർത്തിച്ചു. ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോന്റായായും തിരുവനന്തപുരം ഡി.സി.പിയായും കോഴിക്കോട് റൂറൽ എസ്.പി.യായും സേവനമനുഷ്ഠിച്ചു. ഒന്നരവർഷമായി കണ്ണൂർ സിറ്റി പോലിസ് കമ്മിഷണറാണ്.

തട്ടിക്കൊണ്ടുപ്പോയ രണ്ടുവയസ്സുള്ള കുട്ടിയെ കണ്ടെത്തി പ്രതിയെ പിടിച്ചതിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസയ്ക്ക് അർഹനായി. ഈ പ്രതിക്ക് 60 വർഷമാണ് കോടതി ശിക്ഷവിധിച്ചത്. തിരുവനന്തപുരം ഡി.സി.പി.ആയിരിക്കെയും കോഴിക്കോട് റൂറൽ എസ്.പി.ആയിരിക്കുമ്പോഴും ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. നടന്നുപോകുകയായിരുന്ന വയോധിക മരിക്കാനിടയായ വാഹനാപകടത്തിൽ നിർത്താതെ പോയ കാർ ഏഴുമാസത്തിനുശേഷം കണ്ടെത്തിയത് നിധിൻരാജിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു. ഈ വാഹനം കണ്ടെത്തിയതോടെ അന്ന് അപകടത്തിൽ പരിക്കേറ്റ പേരക്കുട്ടിക്ക് ഒന്നരക്കോടി രൂപ ഇൻഷുറൻസ് ലഭിക്കുകയും ചെയ്തു.

നിധിൻരാജ് കണ്ണൂർ കമ്മിഷണറായെത്തി അധികം വൈകാതെയായിരുന്നു ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീം കൈയടി നേടി. മാജിക് ഷോയും മെന്റലിസവും പഠിച്ചിട്ടുണ്ട്. മികച്ച ഫോട്ടോഗ്രാഫറുമാണ്. 2012-ൽ മാതൃഭൂമി സീഡ് നടത്തിയ പ്രസംഗമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ആലപ്പുഴ സ്വദേശിനിയും മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിൽ ഡോക്ടറുമായ ലക്ഷ്മി കൃഷ്ണൻ ആണ് ഭാര്യ. മകൻ: മൂന്നുവയസ്സുള്ള വംശി.

വിഷ്ണുപ്രദീപ് ആലപ്പുഴയിൽ

കാഞ്ഞങ്ങാട് മാവുങ്കാലിലെ വിഷ്ണുപ്രദീപിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായാണ് സ്ഥലംമാറ്റം. കൊല്ലം ജില്ലാ പോലീസ് മേധാവിയായിരുന്നു. കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ അഡ്വ. ടി.കെ.സുധാകരന്റെയും എലിസബത്തിന്റെയും മകനാണ് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥിയായ വിഷ്ണുപ്രദീപ്. 

Content Highlights: Nithin Raj appointed as new District Police Chief., Vishnu Pradeep transferred as Alappuzha District Police Chief., Detailed career background of Nithin Raj including his Civil Service journey., Notable achievements and awards of Nithin Raj during his service., Local pride in Ravaneswaram and Kanhangad regarding the appointment.