ഉദ്വേഗത്തിന്റെ അവസാന മണിക്കൂറുകളിൽ ആശ്വാസത്തിന്റെ വെട്ടം തെളിയിച്ച് കാന്തപുരം

വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ, നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചിരിക്കുകയാണ് സനായിലെ കോടതി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലാണ് ഈ താൽകാലിക ആശ്വാസത്തിന് വഴിവച്ചത്. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതിയുള്ള യെമെനില്‍ വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു കാന്തപുരത്തിന്റെ അനുനയനീക്കം. ജൂലായ് 16-ന് വധശിക്ഷ നടപ്പാക്കാനായിരുന്നു സനാ ജയില്‍ അധികൃതര്‍ക്ക് ലഭിച്ച നിര്‍ദേശം. അതുപ്രകാരം, ശിക്ഷ നടപ്പാവാന്‍ ഇനി 24 മണിക്കൂര്‍ തികച്ചില്ല എന്ന ഘട്ടത്തിലാണ് കാന്തപുരം കൊണ്ടുപിടിച്ച അനുരഞ്ജനശ്രമങ്ങൾ നടത്തിയത്.
മറ്റ് അറബ് രാഷ്ട്രങ്ങളിലെന്ന പോലെ, യെമെനിലും വലിയ സ്വാധീനവും സൗഹൃദങ്ങളുമുണ്ട് കാന്തപുരത്തിന്. പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയാണ് കാന്തപുരം ഇടപെട്ടത്. യെമെന്‍ ഭരണകൂടത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കെല്പുള്ള വ്യക്തിയാണ് അദ്ദേഹം. ഇദ്ദേഹവുമായുള്ള കാന്തപുരത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടുന്ന കാര്യത്തിൽ കാന്തപുരത്തിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.
യെമെന്‍ ഭരണകൂടവുമായി നടന്ന പലവട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ശിക്ഷ നീളുന്നത്. ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമെന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത്ത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരന്‍, ഗോത്രത്തലവന്മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ദിയാ ധനം സ്വീകരിച്ച് മാപ്പുനല്‍കി വധശിക്ഷയില്‍നിന്ന് ഒഴിവാക്കുകയും മോചനം നല്‍കുകയും വേണമെന്നാണ് തലാല്‍ കുടുംബത്തോട് അപേക്ഷിച്ചിരുന്നത്. എന്നാല്‍ തലാലിന്റെ കുടുംബത്തിനകത്ത് ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്നു. ഈ ഭിന്നാഭിപ്രായങ്ങളെ ഏകോപനത്തിലെത്തിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് കാന്തപുരം.
കീറാമുട്ടിയായി നയതന്ത്രം
യെമെനില്‍ സർക്കാർതലത്തിലുള്ള നയതന്ത്ര ഇടപെടല്‍ ഏതാണ്ട് അസാധ്യമാണെന്നുതന്നെ പറയാം. നിലവില്‍ വ്യവസ്ഥാപിതമായ ഒരു ഭരണസംവിധാനം അവിടെ പ്രവര്‍ത്തിക്കുന്നില്ല. ദക്ഷിണ യെമെനില്‍ ഒരു വിഭാഗവും ഉത്തര യെമെനില്‍ ഹൂതികളുടെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സിലുമാണ് ഭരണം കൈയാളുന്നത്. ഇത് രണ്ടിലും പെടാതെ കിടക്കുന്ന ചില ഗോത്രവിഭാഗങ്ങളുമുണ്ട്. മറ്റു രാജ്യങ്ങളിലേതുപോലെ യെമെനില്‍ നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി തന്നെ സുപ്രീംകോടതിയെ അറിയിച്ചതാണ്. ഹൂതികളുടെ നിയന്ത്രണത്തിലായതിനാല്‍ യെമെനെ നയതന്ത്രതലത്തില്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ സർക്കാരിന് അധികമൊന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ യെമെന്‍ മേല്‍ക്കോടതി ശരിവെച്ചതു മുതല്‍ ഈ വിഷയത്തില്‍ ഇടപെടാനുള്ള ശ്രമങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും നടത്തിയിട്ടുണ്ട്. നാട്ടില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചും യെമെനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സാമുവല്‍ ജെറോം വഴിയുമെല്ലാം നീക്കം നടത്തിയതുമാണ്. ഒടുവില്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമെനിലെത്തിച്ചും മോചനത്തിനുള്ള വഴിനോക്കി. പക്ഷേ, സനായിലെ ജയിലിലെത്തി മകളെ കണ്ടു എന്നതില്‍ക്കവിഞ്ഞതൊന്നും ആ സന്ദർശനം കൊണ്ട് ഉണ്ടായില്ല.
ചാണ്ടി ഉമ്മന്റെ അഭ്യര്‍ഥന
പുതുപ്പള്ളി എംഎല്‍ ചാണ്ടി ഉമ്മന്‍ അഭ്യര്‍ഥിച്ചതു പ്രകാരമാണ് കാന്തപുരം നിമിഷപ്രിയ കേസില്‍ ഇടപെട്ടത്. യെമെനിലെ കാന്തപുരത്തിന്റെ പണ്ഡിതസൗഹൃദങ്ങള്‍ മനസ്സിലാക്കിയ രാഷ്ട്രീയ നിരീക്ഷകന്‍ വി.ആര്‍. അനൂപ് ഇക്കാര്യം ചാണ്ടി ഉമ്മനോട് സൂചിപ്പിക്കുകയായിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായുള്ള പലവഴികള്‍ തേടിക്കൊണ്ടിരിക്കുകയായിരുന്ന ചാണ്ടി ഉമ്മന്‍, ഇതറിഞ്ഞ് കാന്തപുരത്തെ ബന്ധപ്പെട്ടു. യെമെനില്‍ ഇടപെടാന്‍ സാധ്യമാവുന്ന ഏറ്റവും പ്രായോഗികമായ മാര്‍ഗവും ഇതായിരുന്നു.
ലോകത്തുതന്നെ ഏറ്റവും സ്വാധീനമുള്ള മുസ്ലിം നേതാവായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരം ബന്ധപ്പെടുന്നത് അങ്ങനെയാണ്. ഇതുവഴി തലാലിന്റെ കുടുംബവുമായും യെമെന്‍ ഭരണകൂടവുമായും പിറ്റേന്നുതന്നെ ബന്ധപ്പെടാന്‍ കാന്തപുരത്തിന് കഴിഞ്ഞു. നിമിഷപ്രിയയെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അന്നുമുതല്‍ തലാലിന്റെ കുടുംബത്തെ ബന്ധപ്പെടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നിരുന്നു. ഇക്കാലംവരെ അത് സാധ്യമായിരുന്നില്ല. ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും മുഖം കൊടുക്കലിനും കുടുംബം തയ്യാറായിരുന്നില്ല. എന്തെന്നാല്‍ തലാലിന്റെ കൊലപാതകം കുടുംബത്തില്‍ മാത്രമല്ല, ദമാര്‍ ഗോത്രങ്ങള്‍ക്കിടയിലും വലിയ വൈകാരിക പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. കൊലപാതകത്തിന്റെ രീതി, ക്രൂരസ്വഭാവം എന്നിവയെല്ലാം അവരെ ചൊടിപ്പിച്ചു. അതിനാല്‍ത്തന്നെ എല്ലാ തരത്തിലുള്ള ദിയാധന ചര്‍ച്ചകളും വഴിമുട്ടി.
വര്‍ഷങ്ങളോളം ഒരു പുരോഗതിയുമില്ലാതെ കിടന്ന ഈ കേസ്, കേവലം ദിവസങ്ങള്‍കൊണ്ട് ആശാവഹമായ പുരോഗതിയിലേക്കെത്തിക്കാന്‍ കാന്തപുരത്തിന് കഴിഞ്ഞു. തലാലിന്റെ കുടുംബത്തെ ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതുതന്നെ ഏറ്റവും വലിയ കാര്യമാണ്. കുടുംബം അനുനയപാതയിലെത്തിയിട്ടുണ്ടെന്നാണ് വധശിക്ഷ നീട്ടിവെച്ചതില്‍നിന്ന് മനസ്സിലാകുന്നത്.
ഉപകരിച്ചത് സുഹൃത്ത് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെയും പരിശ്രമങ്ങൾ
ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരത്തിന്‍ പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. ദക്ഷിണ യെമെനിലെ ഹളര്‍മൗത്തിലെ തരീമില്‍നിന്നുള്ള ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനാണ് അദ്ദേഹം. തരീം സയ്യിദുമാരിലെ ഏറ്റവും പ്രധാനി. തരീമിലെ ദാറുല്‍ മുസ്തഫ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഉമര്‍ ബിന്‍ ഹഫീളില്‍ നിന്ന് ഇസ്ലാമിക വിജ്ഞാനം നേടുക എന്ന ഉദ്ദേശ്യത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് തരീമിലെത്തുന്ന ആളുകളുണ്ട്. യെമെനിലെ പൗരപ്രമുഖരും ഭരണകൂടത്തിലെ ഉന്നതരുമെല്ലാം അദ്ദേഹത്തിന്റെ ക്ലാസുകളും പ്രഭാഷണങ്ങളും കേള്‍ക്കാനായി സ്ഥിരമായി എത്താറുണ്ട്.
കേരളത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, മലപ്പുറം മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി എന്നിവരുമായാണ് അദ്ദേഹത്തിന് ഹൃദ്യമായ ബന്ധമുള്ളത്. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫൂതൂഹെന്ന് പേരുള്ള മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അദ്ദേഹമാണ്. മര്‍കസ് സമ്മേളനം, മഅദിന്‍ സമ്മേളനം തുടങ്ങി കാന്തപുരം നേതൃത്വം നല്‍കുന്ന പല പരിപാടികളിലും മുഖ്യാതിഥിയായി അദ്ദേഹമെത്തിയിട്ടുണ്ട്. കാന്തപുരം രോഗിയായിരുന്നപ്പോള്‍ നേരിട്ട് കാണാനെത്തുകയും ചെയ്തിരുന്നു.
Content Highlights: nimisha priya execution kanthapuram intervention