സി.പി.എം. പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച കേസ്: മുൻകൂർ ജാമ്യമെടുത്ത് സി.പി.എം. ബ്രാഞ്ച് മുൻ സെക്രട്ടറി

കാസർകോട്: കഴിഞ്ഞ നീലേശ്വരം നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അട്ടിമറിവിജയം നേടിയ കരുവാച്ചേരി വാർഡിൽ സി.പി.എം. പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച കേസിൽ മുൻകൂർ ജാമ്യമെടുത്ത് സി.പി.എം. ബ്രാഞ്ച് മുൻ സെക്രട്ടറി. നഗരസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറിവിജയം നേടിയ ഇ. ഷജീറിന്റെ എതിർസ്ഥാനാർഥി കൂടിയായിരുന്ന കരുവാച്ചേരി തൈവളപ്പിൽ സ്ട്രീറ്റിലെ പി. അനൂപാണ് കാസർകോട് സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയത്.
യു.ഡി.എഫ്. സ്ഥാനാർഥി അട്ടിമറിവിജയം നേടിയതിനെത്തുടർന്ന് പാർട്ടിനടപടി നേരിട്ടവരിൽ ഒരാളായ തോട്ടുംപുറം ഇട്ടപ്പുറത്തെ ഇ. പ്രകാശന്റെ സ്കൂട്ടറാണ് സെപ്റ്റംബർ 27-ന് അർധരാത്രി അഗ്നിക്കിരയാക്കിയത്. വീട്ടിൽ അതിക്രമിച്ചുകയറി സ്കൂട്ടർ കത്തിച്ച സമൂഹവിരുദ്ധർക്കെതിരേ കേസെടുത്ത് നീലേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കിവരുന്നതിനിടെയാണ് അനൂപിന്റെ മുൻകൂർ ജാമ്യം. കേസന്വേഷണം ഊർജിതമാക്കി ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് അടുത്തിടെ പ്രകാശന്റെ വീട് സന്ദർശിച്ച രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യമുന്നയിച്ചിരുന്നു.
ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഏഴ് ദിവസത്തിനകം ഹാജരാകണമെന്നും അറസ്റ്റ് ചെയ്യപ്പെട്ടാൽ അരലക്ഷം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിലും ജാമ്യം അനുവദിക്കണമെന്നും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കരുവാച്ചേരി വാർഡിന്റെ അയൽവാർഡായ കൊയാമ്പുറത്ത് അട്ടിമറിവിജയം നേടിയ കോൺഗ്രസ് സ്ഥാനാർഥി ഇട്ടപ്പുറം പ്രദീപന്റെ അർധസഹോദരൻകൂടിയാണ് സ്കൂട്ടർ ഉടമ ഇട്ടപ്പുറം പ്രകാശൻ.
Content Highlights: Former CPM branch secretary P. Anoop secured anticipatory bail from the Kasaragod Sessions Court in connection with the midnight arson of a CPM worker's scooter following local body election rivalries in Nileshwaram.