എൽഡിഎഫ് തലപുകയ്ക്കുന്നു; ദിവസങ്ങളോളം നിലമ്പൂരിനെ ഇളക്കിമറിച്ചിട്ടും എങ്ങനെപോയി 14567 വോട്ട്

#വിമൽ കോട്ടയ്ക്കൽ
മുഖ്യമന്ത്രി പിണറായി വിജയനും എം.സ്വരാജും
മുഖ്യമന്ത്രി പിണറായി വിജയനും എം.സ്വരാജും

മലപ്പുറം: നിലമ്പൂരിൽ 2021-നെ അപേക്ഷിച്ച് എൽഡിഎഫിന് ഇത്തവണ കുറഞ്ഞത് 14567 വോട്ട്. അതെങ്ങോട്ടുപോയി എന്നത് ആര്യാടൻ ഷൗക്കത്തിനും പി.വി. അൻവറിനും ലഭിച്ച വോട്ടുകൾ പറയുന്നുണ്ട്. എങ്ങനെപോയി എന്നതിലാണ് സിപിഎമ്മിൽ ചർച്ച.

ഈ കുറവ് മുഴുവൻ പാർട്ടിയിൽനിന്ന്‌ ചോർന്നതാണെന്നു പറയാനാകില്ല. കാരണം കഴിഞ്ഞതവണ എൽഡിഎഫിനുവേണ്ടി മത്സരിച്ച പി.വി. അൻവർ തന്നെയാണ് ഇത്തവണ എതിരായി മത്സരിച്ചത്.

വ്യക്തിപരമായി അന്ന് അൻവറിന്‌ കിട്ടിയ വോട്ടുകൾ ഇത്തവണ കിട്ടാതിരിക്കാം. എന്നാലും കോട്ടയായി കണ്ടിരുന്ന നിലമ്പൂർ നഗരസഭയിലും പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളിലും വോട്ടുചോർച്ചയുണ്ടായത് പാർട്ടിക്ക് കാണാതിരിക്കാനാകില്ല.

മാത്രമല്ല, വഴിക്കടവിലെ ആദ്യബൂത്തായ തണ്ണിക്കടവിൽ അൻവറിനേക്കാൾ കുറവാണ് സ്വരാജിന്റെ വോട്ട്. അൻവറിന് 153 വോട്ട്‌ കിട്ടിയപ്പോൾ സ്വരാജിന് 128 വോട്ടേ കിട്ടിയുള്ളൂ. ഇനി യുഡിഎഫുമായുള്ള വ്യത്യാസം നോക്കിയാലും പാർട്ടിയുടെ കരുത്തായ പഞ്ചായത്തുകളിൽ ഏറെ പിന്നോട്ടുപോയിട്ടുണ്ട്. അമരമ്പലത്ത് പല ബൂത്തുകളിലും ആര്യാടൻ ഷൗക്കത്തിന് സ്വരാജിനേക്കാൾ വലിയ വോട്ടുവ്യത്യാസമുണ്ട്. 251-ാം ബൂത്തിൽ 149, 259-ൽ 149, 263-ൽ 181 എന്നിങ്ങനെയാണ് ഇവിടെ ആര്യാടന് ഭൂരിപക്ഷം. പോത്തുകല്ല് പഞ്ചായത്തിൽ 101-ാം ബൂത്തിൽ 163, 129-ൽ 290, 132-ൽ 166, 135-ൽ 195, 136-ൽ 135 എന്നിങ്ങനെ ഷൗക്കത്തിന് ഭൂരിപക്ഷമുണ്ട്. ഇവിടെ സ്വരാജിന്റെ ബൂത്തായ മാങ്കുത്ത് വെസ്റ്റിൽ ഷൗക്കത്തിനേക്കാൾ 40 വോട്ടിന്റെ കുറവുമുണ്ട്.

എൽഡിഎഫ് ഭരിക്കുന്ന നിലമ്പൂർ നഗരസഭയിൽ 165-ാം ബൂത്തിൽ ഷൗക്കത്തിന് 294 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 194-ാം ബൂത്തിൽ 243 വോട്ടാണ് അധികം. ഇവിടെ മറ്റുപല ബൂത്തുകളിലും സ്വരാജിനേക്കാൾ വലിയ വോട്ടുവ്യത്യാസം ഷൗക്കത്തിനുണ്ട്. 169-ൽ 150, 173-ൽ 170, 191-ൽ 268 എന്നിങ്ങനെ. കരുളായി പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫിന് അൽപ്പം ഭേദപ്പെട്ട നിലയുള്ളത്.

വോട്ടുചോർച്ചയുടെ കാരണം കണ്ടെത്താൻ പാർട്ടി ബൂത്തുതല പഠനം തുടങ്ങിക്കഴിഞ്ഞെങ്കിലും അണികൾക്ക് ദഹിക്കുന്ന കാരണം കണ്ടെത്തുക എളുപ്പമല്ല. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും എംഎൽഎമാരും ദിവസങ്ങളോളം നിലമ്പൂരിനെ ഇളക്കിമറിച്ചിട്ട് കിട്ടിയ വോട്ടാണിത്. അപ്പോഴും അടിസ്ഥാന വോട്ടുകളിൽ കുറവുണ്ടായിട്ടില്ലെന്നു തന്നെയാണ് പാർട്ടിയുടെ നിലപാട്. എന്നാൽ ഒരുവർഷത്തിനുള്ളിൽ തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കെ ഇത്തരം വാദങ്ങൾകൊണ്ട് ഓട്ടയടയ്ക്കാൻ പാർട്ടിക്കാകില്ല.

യുഡിഎഫിനും മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 790 വോട്ടിന്റെ കുറവുണ്ട്. ഇതുപലതും അവരുടെ ശക്തികേന്ദ്രങ്ങളിലുമാണ്. അത് തത്‌കാലം പി.വി. അൻവർ ഇഫക്ടിന്റെ പേരിലും വിജയത്തിന്റെ പേരിലും ചർച്ചയാകാതെ പോകുന്നുണ്ടെങ്കിലും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ പ്രകടനം മതിയാകില്ല.

ബിജെപിക്കാണെങ്കിൽ ഇത്തവണയും കെട്ടിവെച്ച കാശുപോയത് മിച്ചം. കേരള കോൺഗ്രസിൽനിന്ന് അടർത്തിയെടുത്ത സ്ഥാനാർഥി ക്രിസ്ത്യൻ വോട്ടുകളെങ്കിലും പിടിക്കുമെന്നു കരുതി. ആ തന്ത്രവും പാളി. വികസനവാദങ്ങളുയർത്തിയിട്ടും സുരേഷ് ഗോപിയെയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും ഇറക്കിയിട്ടും 2021-ലെ തിരഞ്ഞെടുപ്പിനേക്കാൾ 53 വോട്ടിന്റെ വളർച്ചയേ അവർക്കുണ്ടായുള്ളൂ.

Content Highlights: LDF`s vote share in Nilambur decreased significantly compared to 2021,Analysis