ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, UDF സ്ഥാനാർഥി പ്രഖ്യാപനംവരെ മാധ്യമങ്ങളോട് സംസാരിക്കാനില്ല- അൻവർ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വരെ ഇനി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് മണ്ഡലം മുൻ എംഎൽഎ പി.വി. അൻവർ. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്)സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. "ചിന്തിക്കുന്നവർക്ക്" ദൃഷ്ടാന്തമുണ്ട് - അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിനെ കുഴപ്പിക്കുംവിധത്തിലായിരുന്നു പി.വി. അൻവറിന്റെ നിലപാടുകൾ. വി.എസ്. ജോയിയെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കണമെന്നായിരുന്നു അൻവറിന്റെ ആവശ്യം. ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് എ.പി. അനിൽകുമാറുമായുള്ള ചർച്ചയിൽ അൻവർ ആവർത്തിച്ചിരുന്നു. അതേസമയം ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പിവി അൻവറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
Content Highlights: nilambur bypoll pv anvar facebook post