48 ക്യാമറ, 12 പാർക്കിങ് സോൺ, നിയന്ത്രിക്കാൻ എഐ; നിലയ്ക്കൽ ആകെ മാറും, ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

#പ്രിയേഷ് ചന്ദ്രൻ
നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ ഒന്ന്
നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ ഒന്ന്

പത്തനംതിട്ട: നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടുകളിൽ ഗതാഗതക്രമീകരണത്തിനും നിരീക്ഷണത്തിനുമായി നിർമിതബുദ്ധി (എ.ഐ.) ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ജോലി തുടങ്ങി. നേരത്തേയുണ്ടായിരുന്ന 26 പാർക്കിങ് ഗ്രൗണ്ടിൽ മാറ്റംവരുത്തി 12 പാർക്കിങ് സോണാക്കി തിരിക്കുന്നതിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത്‌ പൂർത്തിയായാൽ ക്യാമറകൾ സ്ഥാപിക്കും.

മൂന്നുകോടി രൂപ ചെലവിൽ പോലീസാണ് ക്യാമറ സംവിധാനം ഒരുക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് നേതൃത്വം നൽകുന്നു. നിലവിലെ കണക്കിൽ ഏകദേശം 9205 വാഹനമാണ് നിലയ്ക്കൽ പാർക്കുചെയ്യാനാകുക. പുതിയ പാർക്കിങ് ക്രമീകരണത്തിൽ ഇത് 11,000-നുമുകളിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

48 ക്യാമറ സ്ഥാപിക്കും

നിലയ്ക്കലിൽ പാർക്കിങ് ഗ്രൗണ്ടിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമായി 48 എ.ഐ. അധിഷ്ഠിത ക്യാമറയാണ് സ്ഥാപിക്കുക. ഇതിൽ 25 എണ്ണം പാർക്കിങ് ക്രമീകരണത്തിനുള്ളതാണ്. ഇതിൽ നിരീക്ഷണസംവിധാനമുണ്ടാകില്ല. നിരീക്ഷണത്തിനായി 23 ക്യാമറ പാർക്കിങ് ഗ്രൗണ്ടുകളിലും മറ്റ് പ്രധാന ഇടങ്ങളിലും സ്ഥാപിക്കും. കൂടാതെ, ഗ്രൗണ്ടുകളിലേക്കുള്ള പ്രവേശനവഴിയുടെ തുടക്കത്തിൽ എ.എൻ.പി.ആർ. (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) സംവിധാനം ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ രേഖപ്പെടുത്തും.

പ്രവർത്തനം ഇങ്ങനെ

ഗ്രൗണ്ടുകളിൽ എത്ര വാഹനങ്ങളുണ്ടെന്നും എവിടെയൊക്കെ ഒഴിവുകളുണ്ടെന്നും പാർക്കിങ് ക്രമീകരണ ക്യാമറകൾക്ക് സ്വയം മനസ്സിലാക്കാനാകും. ഈ വിവരങ്ങൾ ഗ്രൗണ്ടുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പ്രധാന ഇടത്തെ സിസ്റ്റത്തിലേക്ക് കൈമാറും. ഫാസ്‌ടാഗ് റീഡ് ചെയ്ത് മുന്നോട്ടുവരുന്ന വാഹനത്തിന്റെ നമ്പർ എ.എൻ.പി.ആർ. രേഖപ്പെടുത്തും. ഒപ്പം, അവിടെയുള്ള എ.ഐ. ക്യാമറ വാഹനത്തിന്റെ വലുപ്പമനുസരിച്ചുള്ള വിഭാഗം സ്വയമേ തിരിച്ചറിയും. തുടർന്ന്, ഏത് ഗ്രൗണ്ടിലേക്കാണ് പാർക്കിങ്ങിന് പോകേണ്ടതെന്ന സ്ലിപ്പ് അപ്പോൾത്തന്നെ ജനറേറ്റുചെയ്ത് കൊടുക്കും. സ്ലിപ്പിലെ ഗ്രൗണ്ട് നമ്പർ നോക്കി അവിടെ പാർക്കുചെയ്യാം.

എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള തൂണുകൾ നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിനുസമീപം ഇട്ടിരിക്കുന്നു

ഗ്രൗണ്ടുകളിൽ വരികൾ തിരിച്ച് കൃത്യമായ സ്ലോട്ട് നമ്പർ സ്ലിപ്പിൽ നൽകാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഒരു വാഹനം എത്രസമയം പാർക്കുചെയ്തു, തുടങ്ങിയവയൊക്കെ കൃത്യമായി റെക്കോഡ് ചെയ്യപ്പെടും. നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിലെ കമാൻഡ് സെന്ററിൽനിന്ന് 12 പാർക്കിങ് സോൺ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. നിർദേശങ്ങളും അറിയിപ്പുകളും ഗ്രൗണ്ടിൽ ലഭിക്കാൻ എല്ലായിടത്തും സ്പീക്കറുകളും സ്ഥാപിക്കും.

വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനകാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച രാവിലെ 10-ന് തുടങ്ങും. ഇത് സൗജന്യമാണ്. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് സ്ലോട്ടുകൾ ബുക്കുചെയ്യേണ്ടത്. നിലയ്ക്കൽ-പമ്പ പാതവഴി അറുപതിനായിരം ഭക്തർക്ക് ഒരുദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്കുചെയ്യാം.

എരുമേലി കാനനപാതയിലൂടെ 3000 പേർക്ക് ദിവസവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാർ-സത്രം പാതയിലൂടെയുള്ള ഓൺലൈൻ ബുക്കിങ് ദിവസേന 3000 പേർക്കാണ്. നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽടൈം സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും.

നിലയ്ക്കൽവഴി ഇങ്ങനെ 10,000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ സത്രത്തിലെയും റിയൽടൈം ബുക്കിങ് കേന്ദ്രങ്ങൾവഴി 2000 വീതം ഭക്തർക്കാണ് ദിവസേന പ്രവേശനം. മുറി ബുക്കിങ് ഒരാഴ്ചകൂടി കഴിഞ്ഞേ തുടങ്ങൂ.

വെർച്വൽ ക്യൂ ബുക്കിങ് സൗജന്യമാണെങ്കിലും, ഭക്തർക്ക് താത്‌പര്യമനുസരിച്ച് അഞ്ചുരൂപമുതൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വപരിപാലനത്തിന് ജനറൽ ഫണ്ടിലേക്കും സംഭാവന നൽകാം. ഇത് നിർബന്ധമല്ല.

Content Highlights: Nilackal parking grounds are being modernized with 48 AI cameras and 12 organized zones to manage over 11,000 vehicles, alongside the launch of free Sabarimala virtual queue bookings.