ആറുമാസംകൊണ്ട് മണ്ണിലലിയും, പരിസ്ഥിതിമലിനീകരണം തീരെ ഇല്ല; വരുന്നു, ‘ജൈവ’ പ്ലാസ്റ്റിക് കുപ്പികൾ, സാങ്കേതികവിദ്യ വികസിപ്പിച്ച് എൻ.ഐ.ഐ.എസ്.ടി.

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനും പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻ.ഐ.ഐ.എസ്.ടി.) സംവിധാനം തയ്യാറാകുന്നു. പ്ലാസ്റ്റിക് കുപ്പികൾക്ക് ബദലായി ചോളം, കരിമ്പ് എന്നിവയിൽനിന്നുള്ള ബയോ പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമിക്കാനുള്ള സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്.
കാലാവധി കഴിഞ്ഞാൽ ജൈവവിഘടനം നടക്കുന്ന പ്ലാസ്റ്റിക്കാണ് ജൈവകുപ്പികൾ അഥവാ ബയോപ്ലാസ്റ്റിക് കുപ്പികൾ. ചോളം, കരിമ്പ്, ഗോതമ്പിൽനിന്നുള്ള പ്രോട്ടീൻ, സോയ, വൈക്കോൽ, മരച്ചീളുകൾ തുടങ്ങിയ ജൈവവസ്തുക്കളിൽനിന്നാണ് ബയോപ്ലാസ്റ്റിക് നിർമിക്കുന്നത്. ചോളം, കരിമ്പ് തുടങ്ങിയ ജൈവവസ്തുക്കളിൽനിന്നാണ് ബയോപ്ലാസ്റ്റിക് നിർമാണിത്തിനാവശ്യമായ മോണറുകൾ നിർമിക്കുന്നത്.
ചൈനീസ് സാങ്കേതികവിദ്യ കടമെടുത്താണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കമ്പനികൾ ജൈവകുപ്പികൾ നിലവിൽ നിർമിക്കുന്നത്. ആദ്യമായാണ് തദ്ദേശീയമായി ബയോപ്ലാസ്റ്റിക് നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതെന്ന് എൻ.ഐ.ഐ.എസ്.ടി. അധികൃതർ അറിയിച്ചു. എൻ.ഐ.ഐ.എസ്.ടി. ഡോ. സി.അനന്ദരാമകൃഷ്ണൻ ഉൾപ്പെടെ മൂന്നംഗ സംഘമാണ് ഇതിനുപിന്നിൽ.
മൂന്നുവർഷത്തെ ഗവേഷണവും വികസനവും നടത്തിയാണ് സാങ്കേതികവിദ്യ വികസപ്പിച്ചത്. ചോളം, കരിമ്പ് എന്നിവ പുളപ്പിച്ച്(ഫെർമന്റ് പ്രക്രിയ) ലാക്റ്റികസ് ആസിഡ് ഉത്പാദിപ്പിക്കും. തുടർന്ന് രാസപ്രക്രിയയിലൂടെ പോളീ ലാക്റ്റിക് ആസിഡ് നിർമിക്കും. ഇതാണ് ജൈവ ബോട്ടിലുകൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന പ്രധാന അസംസ്കൃതവസ്തുവെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
ഉപയോഗം കഴിഞ്ഞശേഷം കുപ്പികൾ ആറുമാസംകൊണ്ട് മണ്ണിലലിയുന്നതും പരിസ്ഥിതിമലിനീകരണം തീരെ ഇല്ലാത്തതുമാണ് ഇതിന്റെ മേന്മ. ജില്ലാപ്പഞ്ചായത്തും കോർപ്പറേഷനും ഉൾപ്പെടെയുള്ള തദ്ദേശസ്ഥാനങ്ങൾ, സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവയ്ക്കു സാങ്കേതികവിദ്യ കൈമാറാനാണ് എൻ.ഐ.ഐ.എസ്.ടി. ലക്ഷ്യമിടുന്നത്.
കുപ്പികൾ നിർമിക്കാൻ പ്ലാന്റ് സജ്ജമാക്കാൻ 5,000 ചതുരശ്രയടിയോളം സ്ഥലം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഒന്നുമുതൽ രണ്ടുകോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 16 മണിക്കൂറിൽ 20,000 കുപ്പികൾ നിർമിക്കാൻ പ്ലാന്റിൽ സാധിക്കും. പ്ലാന്റുകൾ സ്ഥാപിക്കുന്നതും ഇതുമായി ബന്ധപ്പെട്ട സാങ്കേതികസഹായവും പരിപാലനവും പൂർണമായും എൻ.ഐ.ഐ.എസ്.ടി. നടത്തും.
ബയോ പ്ലാസ്റ്റിക് കുപ്പിയുടെ മാതൃക ഉടൻ വിപണിയിൽ ഇറക്കാനാണ് എൻ.ഐ.ഐ.എസ്.ടി. ആലോചിക്കുന്നത്. സാധാരണ പ്ലാസ്റ്റിക് കുപ്പിയേക്കാളും ഇരട്ടിയോളം വിലയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. പദ്ധതി വിജയിക്കുന്ന പശ്ചാത്തലത്തിൽ ബയോപ്ലാസ്റ്റിക് നിർമാണങ്ങൾ വ്യാപിപ്പിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.
സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനി 2024 മുതൽ 2025 വരെയുള്ള കാലയളവിൽ ശേഖരിച്ചത് 5,16,753 കിലോ പ്ലാസ്റ്റിക് കുപ്പികളാണ്. പ്ലാസ്റ്റിക് കുപ്പികൾ സംസ്കരിക്കുന്നത് ഇപ്പോഴും വെല്ലുവിളിയാണ്.
Content Highlights: The National Institute for Interdisciplinary Science and Technology (NIIST) is developing technology to produce biodegradable bio-plastic bottles from corn and sugarcane as an alternative to traditional plastic bottles. The technology involves fermenting corn and sugarcane to produce lactic acid, which is then processed into polylactic acid, the primary raw material for bio-plastic bottles that decompose within six months. NIIST plans to transfer this technology to local governments, startups, and industries, with the aim of expanding bio-plastic production, despite the higher cost compared to conventional plastic bottles.