ദേശീയപാത നിർമിക്കാൻ ഇനി എഞ്ചിനീയർമാരും പണിക്കാരും മാത്രം പോര, സംവിധായകരും വേണം; പുതിയ നീക്കവുമായി NHAI

#പ്രത്യേക ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കോട്ടയം: ദേശീയപാതകളുടെ കഥ ഇനിമുതൽ ഡോക്യുമെന്ററി രൂപത്തിൽ കാണാം. ഇതേവരെ വെറും സാങ്കേതിക ജോലിയായിരുന്ന പാതനിർമാണത്തിന്റെ കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ പരിപാടി. 500 കോടിയിൽ കൂടുതൽ മുടക്കുള്ള ദേശീയപാതാ പദ്ധതികൾക്ക് കരാറുകാരാണ് ഡോക്യുമെൻററി തയ്യാറാക്കേണ്ടത്.

സാധാരണക്കാർക്ക് മനസ്സിലാകുംവിധം പാതയുടെ രൂപകല്പന മുതൽ സാക്ഷാത്കാരം വരെ മുഴുവൻ വിവരങ്ങളും ചിത്രീകരിക്കണം. കൃത്യമായ വിവരണങ്ങളോടെ 20 മിനിറ്റുവരെ ദൈർഘ്യമുള്ളതാകണം ഇത്. നിലവിൽ നിർമാണ പുരോഗതി കാണിക്കാനുള്ള വീഡിയോ ചിത്രങ്ങൾ ചെയ്യുന്നതിന് പുറമേയാണ് ഡോക്യുമെൻററിയും തയ്യാറാക്കേണ്ടത്. പ്രതിമാസ പുരോഗതി കാണിക്കുന്നതാണ് മാസംതോറും തയ്യാറാക്കുന്ന ഇപ്പോഴത്തെ വീഡിയോ.

ഡോക്യുമെന്ററിയിൽ സൈറ്റ് സജ്ജമാക്കുന്നത്, സർവേ, അടിത്തറ നിർമാണം, പാലം, മേൽപ്പാലംപണികൾ, യന്ത്രങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ചേർക്കണം. ഉദ്യോഗസ്ഥ പരിശോധനകൾ, സുരക്ഷാ മാർഗനിർദേശങ്ങളുടെ നടപ്പാക്കൽ, ഗുണനിലവാരം ഉറപ്പാക്കൽ, പരിസ്ഥിതി സംരക്ഷണരീതികൾ എന്നിവ പ്രത്യേകമായി ഉണ്ടാകണം. ചിത്രത്തിൽ എടുത്തുപറയേണ്ടത് ഇൗ റോഡ് കൊണ്ടുണ്ടാകുന്ന നേട്ടങ്ങളാണ്. പാത കൊണ്ടുവരുന്ന സാമ്പത്തികനേട്ടം, സമയലാഭം എന്നിവ ചേർക്കും. ചിത്രത്തിന്റെ തിരക്കഥ, വിവരണം, അവതരണം എന്നിവയെല്ലാം പ്രൊഫഷണൽ രീതിയിലാകണം. ദേശീയപാതാ അതോറിറ്റി മീഡിയ വിഭാഗം ഇത് പരിശോധിച്ച് അംഗീകാരം നൽകും.

സുതാര്യ പ്രവൃത്തി നിർവഹണം എന്ന നിലയിൽ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.

Content Highlights: The National Highways Authority of India (NHAI) has directed contractors to produce professional 20-minute documentaries for all highway projects costing over ₹500 crore to enhance transparency and awareness.