അഴിയൂർ-വെങ്ങളം ദേശീയപാത: പുതിയ പ്രവൃത്തികൾ നേരിട്ട് അദാനിക്കില്ല; പുതിയ ടെൻഡർ ചെയ്യാൻ NHAI

#News Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വടകര: അഴിയൂർ-വെങ്ങളം ദേശീയപാതയിൽ വടകര ഭാഗത്ത് പുതുതായി അനുവദിച്ച ഉയരപ്പാത ഉൾപ്പെടെയുള്ളവയുടെ പ്രവൃത്തി നിലവിലുളള കരാറുകാർക്ക് നൽകാതെ പുതിയ പ്രവൃത്തിയായി ടെൻഡർ ചെയ്യാൻ എൻ.എച്ച്.എ.ഐ. നീക്കം. ഏതാണ്ട് 250 കോടിയോളം രൂപയുടെ പ്രവൃത്തികളാണ് പുതുതായി വരുന്നത്. ഇത്രയും വലിയ തുകയ്ക്കുള്ള പ്രവൃത്തി ടെൻഡർ ചെയ്യാതെ നേരിട്ട് നിലവിലുള്ള കരാറുകാരായ അദാനി എന്റർപ്രൈസസിനെ ഏൽപ്പിക്കുമ്പോഴുള്ള സാങ്കേതികപ്രശ്‌നങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് പുതിയ നീക്കം. ടെൻഡർ നടപടികളിലേക്ക് എൻ.എച്ച്.എ.ഐ. കടന്നതായാണ് വിവരം.

അഴിയൂർ-വെങ്ങളം പാതാനവീകരണം 2021-ലാണ് എൻ.എച്ച്.എഐ. ടെൻഡർ ചെയ്തത്. 1838 കോടി രൂപയ്ക്ക് അദാനി എന്റർപ്രൈസസ് പ്രവൃത്തി കരാറെടുത്തു. തുടർന്ന് അദാനി പ്രവൃത്തി, വാഗഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് ഉപകരാർ നൽകി. ഇതിനുശേഷം കുറെ ഉയരപ്പാതകളും അടിപ്പാതകളും ഉൾപ്പെടെ ഒട്ടേറെ പുതിയ പ്രവൃത്തികൾ എൻ.എച്ച്.എ.ഐ. അനുവദിച്ചു. 200 കോടിയോളം രൂപയുടെ പ്രവൃത്തി വരുമിത്. ഇതെല്ലാം അദാനി എന്റർപ്രൈസസിന് നേരിട്ട് എൻ.എച്ച്.എ.ഐ. നൽകിയതാണ്. ഇതേ മാതൃകയിൽ പുതിയ പ്രവൃത്തിയും അദാനിക്ക് നൽകുമെന്നായിരുന്നു പ്രതീക്ഷ.

ഇതുപ്രകാരം പ്രവൃത്തി ഉപകരാർ നൽകാൻ അദാനി എന്റർപ്രൈസസ് ഗൾഫാർ, ഐ.ടി.ഡി, കെ.എൻ.ആർ.സി. തുടങ്ങിയ കമ്പനികളുമായി ചർച്ച നടത്തി. മുക്കാളിയിലെ സംരക്ഷണഭിത്തി നിർമിക്കുന്ന ഗൾഫാർ കമ്പനിക്ക് പ്രവൃത്തി കിട്ടുമെന്ന് ഏതാണ്ട് ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് അദാനിക്ക് പ്രവൃത്തി നേരിട്ട് നൽകാതെ ടെൻഡർ ചെയ്യാനുള്ള തീരുമാനത്തിലേക്ക് എൻ.എച്ച്.എ.ഐ. എത്തിയത്. ഇനി അദാനിക്കും വാഗഡിനും ഗൾഫാറിനുമെല്ലാം ടെൻഡറിൽ പങ്കെടുക്കാം. വടകരയുടെ സ്വന്തം യു.എൽ.സി.സി.എസ്. വരുമോ എന്നും ജനം ഉറ്റുനോക്കുന്നുണ്ട്.

നിശ്ചിതതുകയിൽ കൂടുതലാണ് പുതുതായി അനുവദിക്കുന്ന പ്രവൃത്തിയെങ്കിൽ ടെൻഡർ ചെയ്യണമെന്നാണ് വ്യവസ്ഥ. 250 കോടി രൂപയുടെ പ്രവൃത്തി ടെൻഡറില്ലാതെ നേരിട്ടുനൽകുമ്പോൾ അത് ആരോപണങ്ങൾക്കും വഴിയൊരുക്കും. ചിലപ്പോൾ നിയമപ്രശ്‌നങ്ങളിലേക്കും നീങ്ങും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് എൻ.എച്ച്.എ.ഐ. പുതിയ പ്രവൃത്തി ടെൻഡർ ചെയ്യുന്നത്. ടെൻഡറിലേക്ക് നീങ്ങിയതോടെ പ്രവൃത്തി ഇനിയും വൈകുമെന്നുറപ്പായി.

ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കും. പുതിയ കമ്പനിയാണ് പ്രവൃത്തി എടുക്കുന്നതെങ്കിൽ ഇവർ വടകരയിലെത്തി പ്ലാന്റ് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണം. പ്രാദേശികമായി മണ്ണ്, കല്ല് തുടങ്ങിയ നിർമാണസാമഗ്രികളും സംഘടിപ്പിക്കണം. ടെൻഡർ അംഗീകരിച്ച് കരാർ ഒപ്പുവെച്ച് പ്രവൃത്തി തുടങ്ങാനും സമയമെടുത്തേക്കും.

നിലവിലുള്ള പ്രവൃത്തികൾ വാഗഡ് തന്നെയാണ് ചെയ്യുക. ഇതിനിടയിലേക്ക് മറ്റൊരു കമ്പനി വരുമ്പോൾ പ്രവൃത്തിയുടെ ഏകോപനം വെല്ലുവിളിയാകും.

Content Highlights: NHAI decides to tender new ₹250 crore highway works instead of direct allocation to existing contractors., The move aims to avoid legal complications and transparency issues regarding contract values., The decision impacts the original Azhiyur-Vengalam highway project timeline., Potential for new contractors to enter the project, creating coordination challenges with existing subcontractors like Vagad Infra.