ഉപകരാറുകളിൽ പിടിമുറുക്കുമെന്ന് ദേശീയപാത അതോറിറ്റി; ഡി.പി.ആറിന് മുമ്പ് പ്രാദേശിക അഭിപ്രായം തേടും

#പ്രകാശൻ പുതിയേട്ടി
പ്രതീകാത്മക ചിത്രം.|Photo: Mathrubhumi
പ്രതീകാത്മക ചിത്രം.|Photo: Mathrubhumi

ന്യൂഡൽഹി: നിർമാണക്കരാർ ഏറ്റെടുക്കുന്നവർ വൻതോതിൽ ഉപകരാർ നൽകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി.) ബുധനാഴ്ച വിളിച്ച യോഗത്തിൽ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവാണ് ഇക്കാര്യം അറിയിച്ചത്. ദേശീയപാതയുടെ രൂപരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്ന വേളയിൽ, സ്ഥലത്തിന്റെ ഘടനയെക്കുറിച്ച് വ്യക്തമായറിയുന്ന പ്രാദേശിക നേതൃത്വവുമായും ഭരണകൂടവുമായും വിശദമായ അഭിപ്രായം തേടുമെന്നും അതോറിറ്റി ചെയർമാൻ വ്യക്തമാക്കി.

കേരളത്തിലെ കൂരിയാട്, മൈലക്കാട് ദേശീയപാത ഭാഗങ്ങൾ ഇടിഞ്ഞ വേളയിൽ പി.എ.സി. മുന്നോട്ടുവെച്ച നിർദേശങ്ങളായിരുന്നു ഇവ. ഇതംഗീകരിച്ചതായും ഇനി മുതലുള്ള ദേശീയപാത നിർമാണത്തിൽ ഇവ പ്രാബല്യത്തിൽ വരുത്തുമെന്നും അതോറിറ്റി ചെയർമാൻ, പി.എ.സി. ചെയർമാൻ കെ.സി. വേണുഗോപാലിനെ അറിയിച്ചു. ദേശീയപാത നിർമാണത്തിലെ അപാകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മേയിൽ നടത്തിയ യോഗത്തിന്റെ തുടർച്ചയായിരുന്നു ബുധനാഴ്ചത്തെ യോഗം.

കേരളത്തിലെ ദേശീയപാത നിർമാണത്തിൽ തുടർച്ചയായുണ്ടാവുന്ന പ്രശ്‌നങ്ങൾ ഭൂമിശാസ്ത്രപരമായ പ്രത്യേകത മനസ്സിലാക്കാതെ ഡി.പി.ആർ. തയ്യാറാക്കിയതാണെന്നാണ് പി.എ.സി.യുടെ വിലയിരുത്തൽ. അതിനാൽ, ഇനി മുതൽ ഡി.പി.ആർ. രൂപകല്പന ചെയ്യുമ്പോൾ സ്ഥലം എം.പി., എം.എൽ.എ., കളക്ടർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും സ്ഥലത്തെക്കുറിച്ചറിയുന്ന വിദഗ്ധരിൽനിന്നും വിവരങ്ങൾ ശേഖരിക്കണമെന്നായിരുന്നു പി.എ.സി. ആവശ്യപ്പെട്ടത്. ഇക്കാര്യമാണിപ്പോൾ ദേശീയപാത അധികൃതർ സ്വീകരിച്ചത്.

കരാറെടുക്കുന്നവർ തങ്ങളുടെ കരാർ ചെറുകമ്പനികൾക്ക് മറിച്ചുനൽകി വൻലാഭമുണ്ടാക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. ഇനി മുതൽ പദ്ധതിച്ചെലവിന്റെ എട്ടുശതമാനത്തിൽ കൂടുന്ന തുകയ്ക്ക് ഉപകരാർ നൽകുന്നതിന് മുമ്പ് ദേശീയപാത അധികൃതരുടെ മുൻകൂർ അനുമതി കരാറുകാരൻ വാങ്ങണം. ഉപകരാർ പൂർണമായും ഒഴിവാക്കാനാവില്ലെന്ന് ദേശീയപാത അധികൃതർ വിശദീകരിച്ചു. ഒരു പദ്ധതിയിൽ വിവിധ നിർമാണ ജോലികളുണ്ടാവും. പാലം, മേല്പാലം, അടിപ്പാലം, നടപ്പാത തുടങ്ങി ഒട്ടേറെ ജോലികളിൽ വിദഗ്ധരായവരിൽനിന്ന് കരാറുകാരന് സഹായം തേടേണ്ടിവരും. ഈ സാഹചര്യത്തിൽ ഉപകരാർ ഒഴിവാക്കാനാവില്ലെങ്കിലും പൂർണമായും ഉപകരാർ നൽകി ലാഭമുണ്ടാക്കുന്ന അവസ്ഥയ്ക്ക് അറുതി വരുത്താനാണ് ഇപ്പോഴത്തെ ശ്രമം.

യോഗത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ എൻ.എച്ച്.എ.ഐ.യുടെ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി. ടോൾ പ്ലാസകളിൽ ഗുണ്ടാപ്പിരിവ് പോലെ കാര്യങ്ങൾ നടക്കുന്നതായി ആരോപണമുയർന്നു. ആംബുലൻസ്, റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സ്, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പല ടോൾപ്ലാസകളിലും കാണാനില്ല. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട റോഡുകളിൽ വാഹനങ്ങൾ സർവീസ് റോഡുകളിലൂടെ തിരിച്ചുവിട്ടിട്ടും മുഴുവൻ ടോൾ പിരിക്കുന്നു. മലയോര പ്രദേശങ്ങളിൽ റോഡുകൾ പാരിസ്ഥിതികാഘാതമില്ലാതെ ശാസ്ത്രീയമായി ചെരിച്ചുപണിയുന്നതിന് പകരം കീറിമുറിച്ച് നിർമിക്കുന്നു തുടങ്ങിയ പരാതികളാണുയർന്നത്.

ആമ്പല്ലൂരിൽ ദേശീയപാത അതോറിറ്റി സംഘമെത്തും

തൃശ്ശൂർ ആമ്പല്ലൂരിലെ കോൺക്രീറ്റ് പാളികൾ പുറത്തുവന്നത് കെ.സി. വേണുഗോപാൽ ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇനിയും മഴ പെയ്താൽ സ്ഥലം ഇരുന്ന് പോകുമെന്ന നാട്ടുകാരുടെ ആശങ്കയും അറിയിച്ചു. ഇക്കാര്യത്തിൽ സ്ഥലം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ചേർത്തല 11-ാം മൈൽ ഫ്‌ളൈ ഓവർ തുറന്നുകൊടുത്ത് ഒരാഴ്ചയ്ക്കകം ഗർത്തം ഉണ്ടായതിന് ഉടൻ പരിഹാരം കാണാനും തീരുമാനമായി.

ആലപ്പുഴ ദേശീയപാതയുടെ ഇരുവശത്തും വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. ഡ്രെയിനേജ് സിസ്റ്റം ഇല്ലാത്തതാണ് കാരണം. ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഡ്രെയിനേജിന് 65 കോടി അനുവദിക്കുമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കിയിരുന്നു. നിർമാണം സംസ്ഥാന പൊതുമരാമത്ത് ഏറ്റെടുക്കണം. കേരളത്തിൽ ദേശീയപാത മറ്റിടങ്ങളിലേക്കാൾ വീതി കുറഞ്ഞതിനാൽ ഡ്രെയിനേജ് നിർമാണം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ അതോറിറ്റി പണം അനുവദിച്ച് പകരം സംവിധാനം ഉണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് സഹായം ചെയ്യണമെന്ന് അധികൃതർക്ക് പി.എ.സി. നിർദേശം നൽകി. എലിവേറ്റഡ് ഹൈവേ ഉപകാരമാവുമോ എന്ന് പഠനം നടത്തി നടപടിയെടുക്കാനും പി.എ.സി. നിർദേശിച്ചു.

Content Highlights: NHAI to limit subcontracting to 8% of project cost without prior approval., New DPR preparation will include mandatory consultations with local MPs, MLAs, and experts., PAC addresses infrastructure failures in Kerala including drainage and toll plaza issues., Mandatory inspections planned for damaged sections in Amballur and Cherthala., Focus on scientific road construction in hilly regions to prevent environmental impact.