മെമ്പറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പേ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; രോഗികളുടെ കുടുംബത്തിന് കൈത്താങ്ങായി ആരിഫ്

കാരശ്ശേരി (കോഴിക്കോട്): തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരുവീട്ടുകാരുടെ ദുരിതംകണ്ട് സഹായിക്കാമെന്നുനല്‍കിയ വാഗ്ദാനം ഗ്രാമപ്പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞചെയ്യുന്നതിന് മുന്‍പുതന്നെ നടപ്പാക്കി നന്മയുടെ മാതൃകയാവുകയാണ് അബ്ദുള്‍ ആരിഫ് എന്ന കുഞ്ഞാപ്പു.
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ മുരിങ്ങംപുറായി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ആരിഫ് വിജയിച്ചത്. പ്രചാരണത്തിനിടെ പട്ടര്‍ചോലയിലെ ഒരുകുടുംബം പണിതീരാത്തവീട്ടില്‍ ദുരിതജീവിതംനയിക്കുന്നത് കണ്ടു. വീടിന്റെ നിലം സിമന്റിടാതെ മണ്ണും പൊടിയും നിറഞ്ഞുകിടക്കുന്ന അവസ്ഥയായിരുന്നു. രോഗിയായ മധ്യവയസ്‌കനും സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായ ഭാര്യയും പൊടിശല്യംകാരണം വലിയ ബുദ്ധിമുട്ടു നേരിടുന്നതു കണ്ട ഉടനെ താന്‍ ജയിച്ചാലും തോറ്റാലും ഇതിനൊരു പരിഹാരമുണ്ടാക്കിത്തരുമെന്ന് വാക്കുനല്‍കി. വോട്ടെടുപ്പുകഴിഞ്ഞ ഉടനെ കെ.എ. അബു, അഷ്‌റഫ് പട്ടര്‍ചോല, സി.കെ. രവി, സിദ്ദിഖ്, എം.കെ. രവി തുടങ്ങിയ സുഹൃത്തുക്കളെയുംകൂട്ടിയെത്തി. വാഹനമെത്തുന്ന വഴിയില്ലാത്ത വീട്ടിലേക്ക് സിമന്റും മറ്റും തലച്ചുമടായെത്തിച്ച് നിലം കോണ്‍ക്രീറ്റുചെയ്തു. മാത്രമല്ല, സ്‌ട്രോക്ക് ബാധിച്ച് കിടപ്പായ വീട്ടമ്മയെ ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കായി അവരുടെ പുതുപ്പാടിയിലുള്ള മകളുടെവീട്ടില്‍ കൊണ്ടാക്കുകയും ചികിത്സയ്ക്കുവേണ്ട സഹായങ്ങള്‍ ഏര്‍പ്പാടാക്കുകയുംചെയ്തു. തുടര്‍ന്നും കഴിയുന്നസഹായങ്ങള്‍ ഈ കുടുംബത്തിന് നല്‍കുമെന്നും ആരിഫ് പറഞ്ഞു.
മുരിങ്ങമ്പുറായി ആസ്ഥാനമായി ആരിഫിന്റെ നേതൃത്വത്തില്‍ 'കൈത്താങ്ങ്' എന്ന ജീവകാരുണ്യക്കൂട്ടായ്മ വര്‍ഷങ്ങളായി ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചുവരുന്നുണ്ട്.
Content Highlights: Newly elected panchayat member Abdul Arif kept his promise to help a struggling family before taking his oath, showcasing his dedication and compassion. Read the inspiring story.