വെടിക്കെട്ടപകടം: 'അറസ്റ്റിലായവർ മദ്യലഹരിയിലായിരുന്നു, വെടിപൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല'

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തു. നീലേശ്വരം കൊട്രച്ചാലിലെ കെ.വി. വിജയനെ (65) ആണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പ്രതികൾക്കെതിരേ വധശ്രമത്തിനാണ് കേസ്. സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഴുപേർ വെന്റിലേറ്ററിൽ; ഒരാളുടെ നില ഗുരുതരം
പൊള്ളലേറ്റ 98 പേർ ആസ്പത്രിയിൽ തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള 29 പേരിൽ ഏഴുപേർ വെന്റിലേറ്ററിലാണ്. ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുള്ള സന്ദീപിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. പൊള്ളലേറ്റ 158 പേരെയാണ് വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചിരുന്നത്. മറ്റുള്ളവർ ആസ്പത്രിവിട്ടു.
അറസ്റ്റിലായവർ റിമാൻഡിൽ
ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി കെ.ടി. ഭരതൻ, പടക്കം പൊട്ടിച്ച പി. രാജേഷ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ബുധനാഴ്ച അറസ്റ്റിലായ വിജയൻ ഈ പട്ടികയിലുണ്ടായിരുന്നില്ല. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പടക്കം പൊട്ടിക്കാൻ വിജയനുമുണ്ടെന്ന് പോലീസിന് വ്യക്തമായത്.
പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ നൽകിയ അപേക്ഷ ഒന്നിന് പരിഗണിക്കും. ജില്ലാ ക്രൈംബ്രാഞ്ചിലെ ഫൊറൻസിക് വിദഗ്ധൻ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ശേഖരിച്ച 16 സാമ്പിളുകളും കോടതിയിൽ ഹാജരാക്കി. നിരോധിത വെടിമരുന്ന് ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ ഈ സാമ്പിളുകൾ ലാബ് പരിശോധന നടത്തുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.
രണ്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ്
കാഞ്ഞങ്ങാട്: അറസ്റ്റിലായ വിജയന് ഇതേ ക്ഷേത്രത്തിൽ മുമ്പ് വെടിക്കെട്ടിനിടെ പരിക്കേറ്റ് രണ്ട് വിരലുകൾ നഷ്ടമായിരുന്നതായി പോലീസ് പറഞ്ഞു. 14 വർഷം മുൻപാണ് സംഭവം. ഇടതുകൈയിലെ ചെറുവിരലും മോതിരവിരലുമാണ് നഷ്ടമായത്. ഒരു വിരൽ സംഭവ സമയത്തുതന്നെ അറ്റു വീണു. രണ്ടാമത്തേത് പഴുപ്പ് ബാധിച്ച് ആസ്പത്രിയിൽവെച്ചു മുറിച്ചുമാറ്റുകയായിരുന്നു. 2017-ൽ നീലേശ്വരത്ത് നടന്ന അടിപിടിക്കേസിൽ പ്രതിയാണ് നേരത്തെ അറസ്റ്റിലായ രാജേഷ്. തിങ്കളാഴ്ച രാത്രി പടക്കം പൊട്ടിക്കുമ്പോൾ രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മനുഷ്യജീവന് അപായമുണ്ടാക്കുന്ന രീതിയിൽ മനപ്പൂർവം വെടിക്കെട്ട് നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്
'മനുഷ്യജീവന് അപായമുണ്ടാക്കുന്ന രീതിയിൽ മനപ്പൂർവം വെടിക്കെട്ട് നടത്തി. വെടിപൊട്ടിക്കരുതെന്ന് പലരും വിളിച്ചു പറഞ്ഞു. എന്നിട്ടും കേട്ടില്ല'- വെടിക്കെട്ടപകടത്തിൽ അറസ്റ്റിലായവർക്കെതിരെയുള്ള റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
നിയമപരമായ അനുമതിയോ ലൈസൻസോ ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായാണ് വെടിക്കെട്ട് നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
Content Highlights: Police arrest a fourth person in connection with the Nileswaram temple firecracker accident