നീലക്കുറിഞ്ഞിപ്പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട്; യുവാക്കൾക്കെതിരേ കേസ്; കുറ്റംതെളിഞ്ഞാൽ 3 വർഷം തടവ്, പിഴ

മൂന്നാർ: ഇടുക്കിയിൽ നീലക്കുറിഞ്ഞിപ്പൂക്കൾ പറിച്ച് തലയിൽ ചൂടുകയും പൂച്ചെണ്ടായി കയ്യിൽപിടിച്ച് ഫോട്ടോഷൂട്ട് നടത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരേ കേസ്. ഇടുക്കി, എറണാകുളം സ്വദേശികളാണ് ഇവരെന്നാണ് സൂചന. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് വനംവകുപ്പ് കേസ് എടുത്തത്.
വംശനാശഭീഷണി നേരിടുന്ന തദ്ദേശസസ്യമായതിനാൽ നീലക്കുറിഞ്ഞിയുടെ പൂക്കളോ ചെടിയോ പറിക്കരുത്, നീലക്കുറിഞ്ഞി 1,500 അടി ഉയരത്തിൽമാത്രം വളരുന്ന സസ്യമായതിനാൽ വീടുകളിൽ വളർത്താനാകില്ല എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ ഇവിടെയെത്തുന്ന സന്ദർശകർക്ക് അധികൃതർ നൽകാറുണ്ട്. മാത്രമല്ല, കർശന നിയന്ത്രണത്തോടെയാണ് ആളുകളെ കടത്തിവിടുന്നതും.
അതിനിടെയാണ് രണ്ട് യുവാക്കൾ സ്ഥലത്തെത്തി നീലക്കുറിഞ്ഞിപ്പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഫോട്ടോകൾ വൈറലാവുകയും ഇത് വനംവകുപ്പിന്റെ ശ്രദ്ധയിൽപെടുകയും ചെയ്തു. തുടർന്നാണ് മൂന്നാർ ഡിഎഫ്ഒയുടെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
ചൊക്രമുടിയിലും ചിന്നക്കനാലിലുമാണ് ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്. ഒരു യുവാവ് ചിത്രം പകർത്തിയത് ചിന്നക്കനാലിൽനിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റംതെളിഞ്ഞാൽ മൂന്നുവർഷം തടവും 25,000 രൂപവരെ പിഴയുമാണ് ലഭിക്കുക.