റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചു, ഭക്ഷണം കഴിക്കാന്‍ വരെ ബുദ്ധിമുട്ട്

1.പരാതി നല്‍കിയ ശില്‍പ്പ 2. ആശുപത്രി ചീട്ട്‌
1.പരാതി നല്‍കിയ ശില്‍പ്പ 2. ആശുപത്രി ചീട്ട്‌

തിരുവനന്തപുരം:റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചുവെന്ന് പരാതി. നന്തിയോട്‌ പാലുവള്ളി സ്വദേശി ശില്‍പയാണ് പരാതി നല്‍കിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 22-നാണ് റൂട്ട് കനാല്‍ ചെയ്തത്.

പല്ലുവേദന കാരണം ഫെബ്രുവരിയിലാണ് ശില്‍പ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നത്. മാര്‍ച്ച് 22-നാണ് റൂട്ട് കനാല്‍ ചെയ്തത്. റൂട്ട് കനാലിന്റെ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷം ശില്‍പയെ ഡോക്ടര്‍ വിളിച്ചു വരുത്തുകയും മോണയില്‍ സൂചി തറച്ചു കിടക്കുന്നുണ്ടെന്നും അറിയിച്ചു. സൂചി സുരക്ഷിതമായ സ്ഥലത്താണ് ഇരിക്കുന്നതെന്നും ഭയപ്പെടാനില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടറുടെ വാക്ക് വിശ്വസിച്ച് ശില്‍പ വീട്ടിലെത്തിയെങ്കിലും അല്‍പ ദിവസങ്ങള്‍ക്ക് ശേഷം കലശലായ പല്ലുവേദന ആരംഭിച്ചു. വേദനാ സംഹാരിയുടെ ബലത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ഭക്ഷണം കഴിക്കാനും സംസാരിക്കാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്

സൂപ്രണ്ടിന് പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ശില്‍പ പറയുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് പോവാനും മറ്റ് ചികിത്സകള്‍ നടത്താനും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ശില്‍പ വ്യക്തമാക്കി.

Content Highlights: needle broke and stuck in the tooth during root canal treatment