കെ.റെയില്‍ ബഫര്‍സോണില്‍ കള്ളക്കളി; 70 മീറ്റര്‍ അകലെയും നിര്‍മ്മാണത്തിന് ഉടക്കിട്ട് പഞ്ചായത്ത്‌

പനച്ചിക്കാട് പഞ്ചായത്ത് നല്‍കിയ കത്ത്‌
പനച്ചിക്കാട് പഞ്ചായത്ത് നല്‍കിയ കത്ത്‌

പനച്ചിക്കാട് (കോട്ടയം): കെ - റെയിലുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചയായിരിക്കുന്ന ബഫര്‍സോണ്‍ മേഖലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് 70 മീറ്റര്‍ അപ്പുറമുള്ള വീടിന് പോലും കെ-റെയിലിന്റെ പേര് പറഞ്ഞ് നിര്‍മാണ അനുമതി നല്‍കാത്തത്. രണ്ടാം വാര്‍ഡിലെ കൊച്ചുപുരയ്ക്കല്‍ ജിമ്മി മാത്യുവിനെയാണ് വീടിന്റെ മുകളിലേക്ക് നിര്‍മാണം നടത്താന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്. കെ- റെയില്‍ സര്‍വേയില്‍പ്പെട്ട ഭൂമിയാണ് എന്ന വാദമാണ് ഇതിന് കാരണമായി പറയുന്നത്.

പത്ത് മീറ്റര്‍ മാത്രമാണ് ബഫര്‍സോണെന്നും അഞ്ചുമീറ്ററിന് അപ്പുറത്തേക്ക് നിര്‍മാണത്തിന് തടസ്സമുണ്ടാവില്ലെന്നും കെ-റെയിലും സര്‍ക്കാരും വാദിക്കുമ്പോഴാണ് 70 മീറ്റര്‍ അപ്പുറത്തുള്ള വീടിന് പോലും നിര്‍മാണ അനുമതി നല്‍കാത്തത്. കഴിഞ്ഞ ഡിസംബര്‍ മാസം അവസാനമാണ് വീടിന്റെ മുകളിലെത്തെ നില പണിയാന്‍ ജിമ്മി പഞ്ചായത്തില്‍ അനുമതിക്കായി അപേക്ഷിച്ചത്. എന്നാല്‍ അനുമതി നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് പറഞ്ഞ് ഫെബ്രുവരി മാസം അഞ്ചാം തീയതി പഞ്ചായത്ത് സെക്രട്ടറി കത്ത് സ്‌പെഷ്യല്‍ തഹസിദാര്‍(എല്‍.എ)യ്ക്ക് അയക്കുകയായിരുന്നു. സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അപേക്ഷ തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ് എന്ന മറുപടി കിട്ടിയതെന്ന് കെ.റെയില്‍ ആക്ഷന്‍  കൗണ്‍സില്‍ പ്രസിഡന്റ് ജഫിന്‍ മാത്യു കൊല്ലാട് മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് മാസങ്ങളായി അനുമതിക്കായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് മാത്യുവും കുടുംബവും. 

കെ-റെയിലിനായി കല്ലിട്ട സ്ഥലത്ത് പോലും ബാങ്ക് വായ്പയ്‌ക്കോ മറ്റോ തടസ്സമുണ്ടാവില്ലെന്നും ആശങ്കയക്ക് വകയില്ലെന്നും സര്‍ക്കാര്‍ വാദിക്കുമ്പോഴാണ് 70 മീറ്റര്‍ അപ്പുറത്തുള്ള സ്ഥലത്തിന് പോലും നിര്‍മാണ വിലക്കുമായി പഞ്ചായത്ത് തന്നെ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായി ഈ സ്ഥലത്ത് തന്നെയാണ് ജിമ്മി മാത്യു താമസിച്ച് പോന്നിരുന്നത്. ഇതിനിടെയാണ് വീടിന്റെ മുകള്‍നില പണിയാന്‍ അനുമതിക്കായി അപേക്ഷിച്ചത്. കെ -റെയില്‍ പറയുന്നത് പ്രകാരം അഞ്ചു മീറ്റര്‍ പരിധിയിലുള്ള ബഫര്‍സോണില്‍ മാത്രമാണ് നിര്‍മാണത്തിന് കര്‍ശന നിയന്ത്രണം. ബാക്കി അഞ്ച് മീറ്ററില്‍ നിര്‍മാണ വിലക്കുണ്ടായിരുന്നില്ല. ഈ വാദമാണ് പനച്ചിക്കാട് പഞ്ചായത്തിന്റെ നടപടിയിലൂടെ പൊളിയുന്നത്.

ഇന്ത്യന്‍ റെയില്‍വേയ്ക്ക് പോലും മുപ്പത് മീറ്റര്‍ ബഫര്‍സോണ്‍ ഉള്ളപ്പോള്‍ എങ്ങനെ സെമി ഹൈസ്പീഡ് ട്രെയിനായ കെ-റെയിലിന് പത്ത് മീറ്റര്‍ മാത്രം ബഫര്‍സോണ്‍ വരുമെന്ന ചോദ്യം ഏറെക്കാലായി പ്രദേശത്തെ
താമസക്കാര്‍ ചോദിച്ചു വരുന്നുണ്ടായിരുന്നു. ബഫര്‍സോണില്‍ നഷ്ടപരിഹാരം പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഒന്നും കിട്ടാതെ കുടിയൊഴിയേണ്ടി വരുമോ എന്ന ആശങ്കയിലുമായിരുന്നു താമസക്കാര്‍. ഇതോടെ പലയിടങ്ങളിലും ബഫര്‍സോണില്‍ പെടുന്ന ആളുകളും കെ-റെയില്‍ വിരുദ്ധ സമരത്തില്‍ അണി നിരന്നിരുന്നു.

Content Highlights: Need NOC even 70 meeter bufferzone in Silverline