അവധി ദിവസങ്ങളിൽ ഡീസലടി,സ്‌കൂൾ ബസ് സർവീസിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട്,അധ്യാപകനെതിരെ കേസ്

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

നെടുങ്കണ്ടം: പഞ്ചായത്ത് യു.പി.സ്‌കൂളിലെ ബസ് സർവീസുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി പരാതി. എസ്.എം.സി. ചെയർപേഴ്സന്റ പരാതിയിൽ ബസ് നടത്തിപ്പിന്റെ ചുമതലക്കാരനായിരുന്ന പൊൻകുന്നം സ്വദേശിയായി അധ്യാപകനെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു. ചിറക്കടവ് സ്വദേശി കെ.ആർ. ദീപേഷിനെതിരെയാണ് കേസെടുത്തത്.

ബസിന്റെ അറ്റകുറ്റ പണികളുടെ പേരിലും അവധി ദിവസങ്ങളിൽ ഡീസൽ അടിച്ചതായും, ഒരേ എൻട്രികൾ തന്നെ ആവർത്തിച്ച് എഴുതി ചെലവ് കൂട്ടിക്കാണിച്ചും ക്രമക്കേട് നടത്തിയതായാണ് ആരോപണം. സ്‌കൂളിലെ നിലവിലുള്ള രണ്ട് ബസുകളുടെയും ഒരു ജീപ്പിന്റെയും നടത്തിപ്പ് എസ്.എം.സി-യും അധ്യാപകരും ചേർന്നാണ് നിർവഹിച്ചുപോന്നിരുന്നത്. 2021 മുതൽ ഇതിന്റെ പൂർണ ചുമതല ആരോപണ വിധേയനായ ദീപേഷിനായിരുന്നു. കോവിഡിന് ശേഷമുള്ള 2022-23 കാലയളവിൽ ബസ് നടത്തിപ്പിൽനിന്ന് ഏകദേശം 20 ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നു. എന്നിട്ടും സർവീസ് സാമ്പത്തിക പ്രതിസന്ധിയിലാവുകയും നടത്തിപ്പ് ബുദ്ധിമുട്ടിലാകുകയും ചെയ്തതോടെയാണ് വരവ് ചിലവ് കണക്കുകളെക്കുറിച്ച് ആക്ഷേപം ഉയർന്നത്.

കണക്കുകൾ വിശദമായി പരിശോധിക്കുന്നതിനായി ഹെഡ്മാസ്റ്റർ അധ്യാപകരുടെ പരിശോധനാ കമ്മിറ്റി രൂപവത്കരിച്ചു. എന്നാൽ വ്യക്തമായ ബില്ലുകൾ ഹാജരാക്കാതിരുന്നതിനാൽ കമ്മിറ്റിക്ക് പരിശോധന നടത്താൻ സാധിച്ചില്ല. പ്രതിസന്ധി രൂക്ഷമായതോടെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന് രണ്ട് ലക്ഷത്തോളം രൂപ സ്വന്തം നിലയിൽ പിരിച്ചാണ് ബസ് സർവീസ് മുന്നോട്ട് കൊണ്ടുപോയത്. ഇതിനിടെ ആരോപണ വിധേയൻ ചുമതലയൊഴിയുകയും ആറ് അധ്യാപകരടങ്ങുന്ന പുതിയ ബസ് കമ്മിറ്റി നിലവിൽ വരികയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.

കണക്കുകൾ പരിശോധിച്ചപ്പോൾ കാഷ് ബുക്കിൽ ഒരുലക്ഷത്തോളം രൂപയുടെ കുറവ് വരുത്തി പണം അപഹരിച്ചതായി കണ്ടെത്തുകയും തുടർന്ന് അധ്യാപകൻ ഒരുലക്ഷം രൂപ മടക്കി നൽകുകയും ചെയ്തു. എന്നാൽ, മാർച്ച് മാസത്തിൽ ലഭിച്ച ഓഡിറ്റ് റിപ്പോർട്ടിൽ അധ്യാപകർ കണ്ടെത്തിയതിനേക്കാൾ വലിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. നടപ്പു വർഷം 250-ൽ താഴെ കുട്ടികളിൽനിന്ന് 15 ലക്ഷം രൂപയോളം ലഭിച്ച് ബസ് ലാഭത്തിൽ ഓടിയപ്പോൾ, മുൻവർഷങ്ങളിൽ 450-ലധികം കുട്ടികൾ ഉണ്ടായിരുന്നിട്ടും 19 ലക്ഷത്തിൽ താഴെ രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതായി രേഖപ്പെടുത്തിയിട്ടുള്ളത്.

അവധിക്കാലത്ത് കുട്ടികൾ ഓഫീസിൽ അടച്ച പണം വരവിൽ കാണിക്കാതിരിക്കുകയും, രക്ഷകർത്താക്കളിൽനിന്ന് നേരിട്ട് ഗൂഗിൾ പേ വഴി പണം സ്വീകരിക്കുകയും ചെയ്തിരുന്നതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹെഡ്മാസ്റ്ററുടെ പരാതി അന്വേഷിക്കാൻ മേയ് ഏഴിന് സ്‌കൂളിലെത്തിയ ഡി.ഡി. ഓഫീസിലെ ഓഡിറ്റ് കമ്മിറ്റിയിൽ നിന്നും പരാതിക്കാർക്ക് മോശം അനുഭവമാണുണ്ടായതെന്നും പരാതിയിൽ ആരോപിക്കുന്നു.

കുറ്റാരോപിതനായ അധ്യാപകന് പ്രശ്നമുണ്ടായാൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്നും പരാതി പിൻവലിക്കണമെന്നും അവർ സമ്മർദ്ദം ചെലുത്തിയെന്ന് പരാതിക്കാർ പറയുന്നു. പ്രതിസ്ഥാനത്തുള്ള അധ്യാപകൻ ഡി.ഡി. ഓഫീസിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്വേഷണം ഒതുക്കിതീർക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു.

Content Highlights: Financial irregularity case filed against a teacher at Nedumkandam UP School., Allegations include falsifying bus maintenance costs and fuel expenses