മോര്‍ച്ചറി തുറന്ന് സെക്യൂരിറ്റി യുവതിയുടെ മൃതദേഹം കാട്ടിക്കൊടുത്ത സംഭവം; മൂന്നംഗ സമിതി അന്വേഷിക്കും

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം അധികൃതരുടെ അനുവാദമില്ലാതെ സെക്യൂരിറ്റി ജീവനക്കാരന്‍ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്ത സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്‌സിങ് സൂപ്രണ്ട്, ലേ സെക്രട്ടറി, എന്നിവരുടെ സമിതിയാണ് അന്വേഷിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം. സംഭവത്തില്‍ സുരക്ഷ ജീവനക്കാരന്‍ സുരേഷ് കുമാറിനെ 15 ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. ഭര്‍തൃഗൃഹത്തില്‍ മരിച്ച ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ തീരുമാനിച്ചു.
ഇതിനിടെ, ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്നയാള്‍ക്കും ബന്ധുക്കള്‍ക്കുമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ഫ്രീസര്‍ തുറന്ന് മൃതദേഹം കാണിച്ചുകൊടുത്തത്.
മോര്‍ച്ചറിയുടെ താക്കോല്‍ സൂക്ഷിക്കേണ്ടത് നഴ്സിങ് സ്റ്റാഫ് ആണ്. ഇവര്‍ അറിയാതെയാണ് സുരേഷ്‌കുമാര്‍ താക്കോല്‍ എടുത്തുകൊണ്ടുപോയി മോര്‍ച്ചറി തുറന്നത്.
Content Highlights: Inquiry launched after security staff showed a deceased woman`s body without permission at mortuary