സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ മാലയും കമ്മലും മോഷണംപോയി

അരിത ബാബു | Facebook
അരിത ബാബു | Facebook

തിരുവനന്തപുരം : സമരത്തിനെത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ ആഭരണങ്ങൾ മോഷണംപോയതായി പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്റും കായംകുളം സ്വദേശിയുമായ അരിതാ ബാബുവിന്റെ മാലയും കമ്മലുമാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സമരത്തിനെത്തിയപ്പോൾ മോഷണംപോയത്. സംഭവത്തിൽ അരിതാ ബാബു കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. ഒന്നേകാൽ പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്‌.

ചൊവ്വാഴ്ച യു.ഡി.എഫ്. യുവജനസംഘടനകളുടെ നിയമസഭാ മാർച്ചിനാണ് അരിതാ ബാബു തിരുവനന്തപുരത്തെത്തുന്നത്. മാർച്ച് നടക്കുമ്പോൾ ജലപീരങ്കി പ്രയോഗത്തിൽ അരിതയ്ക്കു പരിക്കേറ്റു.

തളർന്നുവീണ അരിതയെ കൂടെയുണ്ടായിരുന്ന പ്രവർത്തകർ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കു പരിക്കേറ്റതിനാൽ സി.ടി. സ്‌കാൻ എടുക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. സ്‌കാനിങ്ങിനു പോകവേ മാലയും കമ്മലുമുൾപ്പെടെ ആഭരണങ്ങൾ മാറ്റണമെന്ന് ആംബുലൻസ് ജീവനക്കാരാണ് ആവശ്യപ്പെട്ടത്.

തുടർന്ന് കൂടെയുണ്ടായിരുന്ന പ്രവർത്തക ഇത് ഊരിമാറ്റി അവരുടെ ബാഗിൽ സൂക്ഷിച്ചു. ബാഗ് കുറച്ചുനേരം സ്‌കാനിങ് മുറിയുടെ പുറത്തുവച്ചശേഷമാണ് പ്രവർത്തകർ പുറത്തേക്കു പോയത്.

പിന്നീട് ആശുപത്രിയിൽനിന്ന് ഇറങ്ങിയശേഷം മാലയും കമ്മലും തിരഞ്ഞപ്പോൾ വാച്ച് മാത്രമാണ് ബാഗിലുണ്ടായിരുന്നത്. ആശുപത്രിയിൽ െവച്ച് മാലയും കമ്മലും മോഷണംപോയിരിക്കാനാണ് സാധ്യതയെന്ന് അരിതാബാബു പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്തെ യു.ഡി.എഫ്‌. സ്ഥാനാർഥിയായിരുന്നു അരിതാ ബാബു.

Content Highlights: necklace and earrings were stolen of congress leader