ജനങ്ങൾക്കരികെയെത്തി പഠനം, പറയാനുള്ളത് കേൾക്കും; 'നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പിണറായി വിജയൻ | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി
പിണറായി വിജയൻ | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

തിരുവനന്തപുരം: 'നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം' എന്ന പേരിൽ നവകേരള വികസനക്ഷേമ പഠന പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും സമ്മാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്താകെ സന്നദ്ധ സേനാംഗങ്ങൾ ജനങ്ങൾക്കരികിലെത്തി പഠനം നടത്തും. ജനങ്ങൾക്ക് പറയാനുള്ളതെല്ലാം സശ്രദ്ധം കേൾക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കും. അതിന്റെ തുടർച്ചയായി സമഗ്രമായ പഠന റിപ്പോർട്ട് തയ്യാറാക്കും. അത് ക്രോഡീകരിച്ച് വരുംകാലത്തേക്കുള്ള നാടിന്റെ പുരോഗതി എങ്ങനെയാകണമെന്നുള്ള രൂപരേഖ തയ്യാറാക്കും. ഇതിലൂടെ നവകേരളത്തിലേക്കുള്ള പാതയിൽ കൂടുതൽ വെളിച്ചവും പ്രതീക്ഷയും പകരാൻ സാധിക്കുമെന്നാണ് സർക്കാർ പ്രത്യാശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ ഘട്ടത്തിലും സംവദിച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ നാടിന്റെ പുരോഗതി ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇനിയുള്ള നാളുകളിലും കൂടുതൽ ക്രിയാത്മകമായി അത് ഉറപ്പുവരുത്താൻ സഹായകമായ ബൃഹത്തും സമഗ്രവുമായ ഒരു പഠനപദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

''രാജ്യത്തെ പൊതുനയങ്ങളിൽനിന്നും ഭിന്നമായി സ്വീകരിച്ച ജനപക്ഷനയങ്ങളാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന ജീവിത നിലവാരമുള്ള നാടാക്കി കേരളത്തെ വളർത്തിയത്. ഈ വികസനരീതി കേരളമോഡൽ എന്നപേരിൽ ലോകശ്രദ്ധനേടി.

ജീവിതനിലവാര സൂചികയിൽ ഏറെ മുന്നിലാണ് നമ്മുടെ സംസ്ഥാനം. ലോകചരിത്രത്തിൽ അടയാളപ്പെടുത്തിയ നിരവധി ജനാധിപത്യ ജനക്ഷേമ ഇടപെടലുകളുടെ ഫലമായാണ് ഇന്നത്തെ കേരളസമൂഹം വാർത്തെടുക്കപ്പെട്ടത്. ആ അടിത്തറയിൽ ഊന്നിയാണ് ജനക്ഷേമ പദ്ധതികളെ കൂടുതൽ ഊർജസ്വലമാക്കിയും ഇതുവരെ കാണാത്ത നേട്ടങ്ങൾ വ്യവസായിക മേഖലകളിലടക്കം സ്വന്തമാക്കിയും നാം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത്. ഇത് സാർവത്രികമായി അംഗീകരിക്കപ്പെട്ട കാര്യമാണ്.

ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി കഴിഞ്ഞ ദിവസം കൊളംബിയയിൽ നടത്തിയ പ്രസംഗം എല്ലാവരും കേട്ടതാണ്. 'ചില സ്ഥലങ്ങളിൽ വികേന്ദ്രീകരണം വളരെ ഫലപ്രദമാണ്. ഉദാഹരണത്തിന് രാഷ്ട്രീയപരമായി ഏറ്റവും ഫലപ്രദമായ സംസ്ഥാനമാണ് കേരളം. അവിടെയുള്ളത് ഏറ്റവും വികേന്ദ്രീകൃതമായ രാഷ്ട്രീയസംവിധാനമാണ്. കൂടാതെ കഴിഞ്ഞ 40 വർഷംകൊണ്ട് ഏറ്റവും മികച്ച ആരോഗ്യസംവിധാനവും വിദ്യാഭ്യാസസംവിധാനവും ഒരുക്കാൻ കേരളത്തിന് സാധിച്ചു' എന്നാണ് രാഹുൽഗാന്ധി പറഞ്ഞത്. ഈ നേട്ടങ്ങൾക്കൊപ്പം ജനാധിപത്യത്തെ അർഥവത്താക്കുന്ന, ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളും ഒപ്പംകൊണ്ടുപോകാനും നമുക്ക് സാധിച്ചു.

തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഓരോ വാഗ്ദാനവും പൂർത്തീകരിക്കുക മാത്രമല്ല, ഓരോ വർഷവും പ്രോഗസ് റിപ്പോർട്ടിലൂടെ അവയുടെ പുരോഗതി ജനങ്ങളെ അറിയിക്കുന്ന സമ്പ്രദായം രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചു. നവകേരള കർമപദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കുന്നതിനും അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിനുമായി മന്ത്രിസഭ ഒന്നടങ്കം പങ്കെടുത്ത് 140 നിയമസഭാ മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിച്ചു. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാൻ മേഖലാ  അവലോകനയോഗങ്ങൾ നടത്തി. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ വികസനസദസ്സുകൾ ആരംഭിച്ചു. അത് ഇപ്പോഴും തുടരുന്നു''- മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Kerala CM Pinarayi Vijayan announces `Navakeralam Citizens` Response Program` to gather public feedback and shape future development plans for the state`s progress.