ദേശീയ ഷൂട്ടിങ്താരം വെടിയേറ്റ് മരിച്ച സംഭവം;മൊബൈൽഫോൺ പരിശോധിക്കും,സ്വയം വെടിവെച്ചെന്ന് പ്രാഥമികനിഗമനം

പന്തീരാങ്കാവ്: ദേശീയ ഷൂട്ടിങ് താരം പന്തീരാങ്കാവ് എടക്കാട്ടുപുറത്ത് പറമ്പിൽ മണാൽ കാർത്തിക് വെടിയേറ്റുമരിച്ച സംഭവത്തിൽ മൊബൈൽഫോൺ ശാസ്ത്രീയപരിശോധന നടത്താൻ പോലീസ്. കാർത്തിക്കിന്റെ ഫോണിലെ കോൾവിവരങ്ങളും സന്ദേശങ്ങളും പരിശോധിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ഇതുവഴി മരണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വ്യക്തമായ നിഗമനത്തിൽ എത്താൻകഴിയുമെന്നാണ് കരുതുന്നത്.
കാർത്തിക് സ്വയം വെടിവെച്ചുമരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഫൊറൻസിക് പരിശോധന റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത ലഭിക്കും. മരിച്ചുകിടക്കുന്നതിന് സമീപമുണ്ടായിരുന്ന പീപ്പ് സൈറ്റ് 0.22 റൈഫിളിൽ ഉപയോഗിക്കുന്ന ബുള്ളറ്റാണ് കാർത്തിക്കിന്റെ തലയിൽനിന്ന് കണ്ടെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ മറ്റാരും വീട്ടിൽ വന്നതായി കാണുന്നില്ലെന്നും കാർത്തിക് വരുന്നതായ ദൃശ്യങ്ങൾ മാത്രമാണുള്ളതെന്നും പന്തീരാങ്കാവ് പോലീസ് പറഞ്ഞു.
ദേശീയ ചാമ്പ്യൻഷിപ്പിന് ഉപയോഗിക്കാനായി ലൈസൻസുള്ള റൈഫിൾ കാർത്തിക്കിന്റെ കൈവശമുണ്ട്. രാത്രി ഏഴേകാലോടെയാണ് കാർത്തിക്കിനെ വീടിന്റെ ഒന്നാംനിലയിൽ തലയിൽ വെടിയേറ്റ് രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. ജോലികഴിഞ്ഞ് അച്ഛനും അമ്മയും സഹോദരനും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ മാനാരി ശ്മശാനത്തിൽ കാർത്തിക്കിന്റെ സംസ്കാരച്ചടങ്ങുകൾ നടന്നു.
കേരള സ്റ്റേറ്റ് റൈഫിൾ ക്ലബ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി രഞ്ജി സെബാസ്റ്റ്യൻ, കോഴിക്കോട് റൈഫിൾ ക്ലബ് അസോസിയേഷൻ സെക്രട്ടറി അഭിജിത്ത് ശബരീഷ്, വൈസ് പ്രസിഡൻറ് ജോസ് ജോസഫ്, കാർത്തിക്കിനോടൊപ്പം ദേശീയ ഷൂട്ടിങ് മത്സരത്തിൽ പങ്കെടുത്ത താരങ്ങൾ, എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജിലെ സഹപാഠികൾ, അധ്യാപകർ, ജനപ്രതിനിധികൾ ഉൾപ്പെടെ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. പന്തീരാങ്കാവ് പോലീസ് സബ് ഇൻസ്പെക്ടർ ജാക്സൺ ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: National shooting athlete Manal Karthik found dead with gunshot wound., Police suspect self-inflicted gunshot; forensic analysis underway., Mobile phone data and call logs being examined for evidence., CCTV footage shows no external entry into the residence., Final rites performed at Manari crematorium.