ആമ്പല്ലൂരില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്; നിശ്ചലം ദേശീയപാത

ആമ്പല്ലൂര്‍(തൃശ്ശൂര്‍): സര്‍വീസ് റോഡിലെ കാനപണിമൂലം ദേശീയപാതയില്‍ അടിപ്പാതയുടെ അനുബന്ധ റോഡില്‍ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായി. അടിപ്പാതയുടെ പണി നടക്കുന്ന ആമ്പല്ലൂര്‍ സെന്ററില്‍ തിങ്കളാഴ്ച രാവിലെയുണ്ടായത് ഇതുവരെയുണ്ടായതില്‍വെച്ച് ഏറ്റവും വലിയ ഗതാഗതക്കുരുക്കിലൊന്നാണ്.
നൂറുകണക്കിന് വാഹനങ്ങള്‍ ഒരു മണിക്കൂറിലേറെ ഗതാഗതക്കുരുക്കില്‍ കാത്തുകിടന്നു. തിങ്കളാഴ്ച അതിരാവിലെ മുതല്‍തന്നെ നീണ്ട വാഹനനിരയാണ് ആമ്പല്ലൂര്‍-ചാലക്കുടി പാതയിലുണ്ടായത്.
വാഹനങ്ങള്‍ നീങ്ങാനാകാതെ ഗതാഗതം നിശ്ചലമായ നിലയിലായിരുന്നു. ആമ്പല്ലൂരിലെ വാഹനനിര ഒരു സമയത്ത് ടോള്‍പ്ലാസയും കടന്ന് തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിനു സമീപം വരെ എത്തി. വാഹനങ്ങള്‍ പലതും വഴിമാറി സമാന്തരപാതകളെ ആശ്രയിച്ചു. ഇതോടെ ആമ്പല്ലൂര്‍, കല്ലൂര്‍ മേഖലയില്‍ ഗതാഗതം താറുമാറായി. ആമ്പല്ലൂര്‍, കല്ലൂര്‍ റോഡില്‍ ശ്രീകൃഷ്ണപുരം ക്ഷേത്രം വരെ ഒരു കിലോമീറ്ററോളം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.
വരന്തരപ്പിള്ളി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളും പുലക്കാട്ടുകര-കല്ലൂര്‍ റോഡിലൂടെയാണ് പോയത്. ബസുകള്‍ ആമ്പല്ലൂര്‍ സെന്റര്‍ ഒഴിവാക്കിയാണ് കടന്നുപോയത്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെനേരം ഗതാഗതക്കുരുക്കില്‍പ്പെട്ടു. ചാലക്കുടി ഭാഗത്തേക്കുള്ള വിദ്യാര്‍ഥികള്‍ ഗതാഗതക്കുരുക്കില്‍ കാത്തുനിന്ന് വലഞ്ഞ് തിരിച്ചു പോകുന്നുണ്ടായിരുന്നു.
Content Highlights: Massive traffic jam in Amballur, Thrissur, due to ongoing drainage work.