എഫ്.സി.ആർ.എയ്ക്ക് പിന്നാലെ പുതിയ വിവാദം; ദേശീയ ക്രിസ്ത്യൻ ക്ഷേമബോർഡിന് കേന്ദ്രനീക്കം

കൊല്ലം: ദേശീയതലത്തിൽ ക്രിസ്ത്യൻ ക്ഷേമ ബോർഡ് രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. ക്രൈസ്തവർക്ക് സൂക്ഷ്മ ന്യൂനപക്ഷപദവി നൽകുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന സർക്കാർ പ്രതിനിധികളടങ്ങുന്ന അർധ ജുഡീഷ്യൽ അധികാരമുള്ള ക്ഷേമ ബോർഡാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് സംഘപരിവാർ ബന്ധമുള്ള എൻ.ജി.ഒ. വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇത് റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം.
ആചാരങ്ങൾ കാരണം അവകാശലംഘനം നേരിടുന്ന ക്രിസ്ത്യാനികൾക്ക് മൗലികാവകാശങ്ങൾ ഉറപ്പാക്കുക, വിവാഹം, ശവസംസ്കാരം, മിശ്രമത വിവാഹിതരായ ദമ്പതിമാരുടെ കുട്ടികൾക്ക് മതം തിരഞ്ഞെടുക്കാനുള്ള അവകാശം, ഉപാധികളില്ലാതെ ആരാധന നടത്താനുള്ള അവകാശം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദേശ സംഭാവനാ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ.) ഭേദഗതി ചെയ്തശേഷം ക്ഷേമ ബോർഡ് രൂപവത്കരണത്തിലേക്ക് കടക്കാനാണ് സാധ്യത.
എഫ്.സി.ആർ.എ. ഭേദഗതിപ്രകാരം, കണ്ടുകെട്ടുന്ന സ്വത്തുക്കൾ ക്ഷേമ ബോർഡിന് കീഴിലാക്കാൻ ആലോചനയുണ്ട്. ഒരു സംഘടനയുടെ എഫ്.സി.ആർ.എ. ലൈസൻസ് റദ്ദാക്കുകയോ കാലാവധി കഴിഞ്ഞ് പുതുക്കാതിരിക്കുകയോ ചെയ്താൽ വിദേശ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ സർക്കാരിന് ഏറ്റെടുക്കാമെന്നാണ് വ്യവസ്ഥ.
ഇത്തരം സ്വത്തുക്കൾ നിയന്ത്രിക്കാനും പരിപാലിക്കാനും ഒരു പ്രത്യേക അതോറിറ്റിയെ നിയമിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഈ അതോറിറ്റി, പുതുതായി രൂപവത്കരിക്കുന്ന ക്ഷേമ ബോർഡ് ആയിരിക്കുമെന്നാണ് സൂചന. അതേസമയം, ക്രൈസ്തവ സഭകളുടെയും പുരോഹിതരുടെയും അവകാശങ്ങൾ കവരുന്നതാകും ബോർഡ് എന്ന വിമർശനമുയർന്നുകഴിഞ്ഞു. എഫ്.സി.ആർ.എ. ഭേദഗതിക്കു പിന്നാലെ ബോർഡ് രൂപവത്‌കരണത്തിനെതിരേയും ക്രൈസ്തവ വിഭാഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്.
അധികാരങ്ങൾ കവർന്നെടുക്കാനുള്ള നീക്കം
എഫ്.സി.ആർ.എ. ഭേദഗതി കൊടുങ്കാറ്റാണെങ്കിൽ ക്രിസ്ത്യൻ വെൽഫെയർ ബോർഡ് സുനാമിയായി മാറും. ക്രൈസ്തവ സഭയുടെ ചട്ടക്കൂട് കാനോൻ നിയമത്തിൽ അധിഷ്ഠിതമാണ്. ആ നിയമമനുസരിച്ച് സഭയ്ക്കുള്ള അധികാരങ്ങളും അവകാശങ്ങളും കവർന്നെടുക്കാനുള്ള ചിലരുടെ നീക്കമാണ് ബോർഡ് രൂപവത്‌കരണത്തിനു പിന്നിൽ. കേരള കോൺ.(എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.
Content Highlights: Proposed establishment of a semi-judicial National Christian Welfare Board in 2026., Objective to address fundamental rights regarding marriage, burial, and religious freedom., Integration with FCRA amendments allowing government control over seized assets., Concerns regarding church autonomy and potential encroachment on Canon Law.