കൺമുന്നിൽ ഉപ്പയും ഉമ്മയും മുങ്ങിത്താഴ്ന്നു, തനിച്ചായി ഹംന; മകളെക്കണ്ട് കൊതിതീർന്നില്ല, തകർന്ന് ഹനീഫ

നാദാപുരം: അരീക്കുണ്ടിൽ വീടിന്റെ ഉമ്മറത്ത് ഉപ്പയും ഉമ്മയും ഇനി വരില്ലെന്നറിയാതെ റോഡിലേക്കുനോക്കി ഇരിക്കുകയാണ് ഹംന ഫാത്തിമ. പുളിയാവ് പുഴയിൽ മുങ്ങിമരിച്ച ചെക്യാട് പുളിയാവിലെ അരീകുണ്ടിൽ അൻസാറിന്റെയും സുഹാദയുടെയും മകളാണ് ഹംന. ഉപ്പയ്ക്കും ഉമ്മയ്ക്കും എന്തോ സംഭവിച്ചെന്നറിയാം. സംഭവം നടക്കുമ്പോൾ ഹംനയും പുഴയോരത്തുണ്ടായിരുന്നു. മൂന്നുപേരും മുങ്ങിയസമയത്ത് ഹംനയാണ് വീട്ടിലെത്തി വിവരംപറയുന്നതും നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതും. ഒരുമാസം മുൻപാണ് പ്രവാസിയായ അൻസാർ ദുബായിൽനിന്ന് വന്നത്. അൻസാറിന്റെ ഭാര്യ സുഹാദയുടെ വീട് വയനാട് വെള്ളമുണ്ടയിലാണ്. വെള്ളമുണ്ട ജി.യു.പി. സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഹംന. സ്കൂൾ അടയ്ക്കുകയും ഉപ്പ നാട്ടിലെത്തുകയും ചെയ്തതിന്റെ സന്തോഷത്തിലായിരുന്നു ഹംന. ഉപ്പയുടെയും ഉമ്മയുടെയും മടിയിലിരുന്നാണ് കളിച്ചിരുന്നത്. ആ കളിചിരികൾക്കിടയിലേക്കാണ് മരണമെത്തിയത്. മരണവിവരമറിഞ്ഞ് വീട്ടിലേക്കുവരുന്നവരും നിറകണ്ണുകളോടെയാണ് വീട്ടിൽനിന്ന് തിരിച്ചുപോകുന്നത്. അൻസാറിന്റെ ഉപ്പയായ അരീക്കുണ്ടിൽ അമ്മദിന്റെ മടിയിൽ കുറെനേരം ഇരുന്നു ഹംന. വീട്ടുകാർക്കും മരണവിവരമറിഞ്ഞ് വീട്ടിലെത്തുന്നവർക്കും ഹംനയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല.
മകളെക്കണ്ട് കൊതിതീർന്നില്ല... നെഞ്ചുതകർന്ന് ഹനീഫ
മകളെക്കണ്ട് കൊതിതീരും മുൻപേ മരണം അവളെ കൊണ്ടുപോയതിന്റെ ആഘാതത്തിലാണ് ഹിസ മറിയത്തിന്റെ ഉപ്പയായ ഹനീഫ. രണ്ടുവർഷമായി ദുബായിലായിരുന്ന ഹനീഫ മൂന്നുദിവസം മുൻപാണ് ഭാര്യയുടെ പ്രസവത്തിനായി നാട്ടിലെത്തിയത്. വീട്ടിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുമ്പോഴാണ് ഹിസാ മറിയത്തിന്റെ വിയോഗം. ഹിസയുടെ ഉമ്മ അസ്മിയെ ഈ വിവരം എങ്ങനെ അറിയിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ഹനീഫയും ബന്ധുക്കളും.
സ്കൂളിലെ യാത്രയയപ്പ് ഉപേക്ഷിച്ചു
ദുരന്തത്തെത്തുടർന്ന് പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ യാത്രയയപ്പുപരിപാടികൾ ഉപേക്ഷിച്ചു. ഹെഡ്മാസ്റ്റർ കെ.എ. അബ്ദുൽ ജലീൽ, അധ്യാപകരായ സുലൈഖ, കുഞ്ഞബ്ദുല്ല എന്നിവർക്കുള്ള യാത്രയയപ്പുപരിപാടിയുടെ ആദ്യഭാഗം കഴിഞ്ഞിരുന്നു. സമാപനപരിപാടിയുടെ ഭാഗമായി ഉദ്ഘാടനത്തിന് മുൻമന്ത്രി എം.കെ. മുനീർ, ഇ.കെ. വിജയൻ എം.എൽ.എ. എന്നിവർ എത്തിയിരുന്നു. ദുരന്തവാർത്തയറിഞ്ഞതോടെ മാനേജ്മെന്റും സ്റ്റാഫുംചേർന്ന് പരിപാടി നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
കണ്ണീർപ്പുഴയായി ആശുപത്രി പരിസരം
നാദാപുരം: പുളിയാവ് നാമത്ത് താഴെക്കുനി പാലത്തിനടയിൽ വെള്ളത്തിൽ മുങ്ങി കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിൽ നാട് വിറങ്ങലിച്ചു. വിദ്യാർഥികൾ വെള്ളത്തിൽ മുങ്ങിമരിച്ചെന്ന വാർത്തയായിരുന്നു ആദ്യം പരന്നത്.
ഇതുകേട്ടതോടെ ജനം നാദാപുരം ഗവ. ആശുപത്രിയിലേക്കൊഴുകി. നാദാപുരം ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തെത്തി. ജനബാഹുല്യം വർധിച്ചതോടെ പോലീസും ആശുപത്രി അധികാരികളും ചേർന്ന് കാഷ്വാലിറ്റിയുടെ ഗേറ്റടച്ചാണ് ജനങ്ങളെ നിയന്ത്രിച്ചത്.
ഹിസാ മറിയത്തിന്റെ മൃതദേഹം കണ്ടതോടെ പിതാവായ ഹനീഫയുടെ നിയന്ത്രണംവിട്ടു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽക്കിടത്തി. രാവിലെ മകൾ ഫോണിൽ വിളിച്ച് വീട്ടിലേക്ക് കൂട്ടാൻ പറഞ്ഞതാണെന്ന് പറഞ്ഞായിരുന്നു ഹിസാ മറിയത്തിന്റെ ഉപ്പാപ്പ അമ്മദ് പൊട്ടിക്കരഞ്ഞത്.
രാവിലെ പോയി മകളെ കൂട്ടിയിരുന്നെങ്കിൽ അവൾ ഇപ്പോൾ എന്റെ കൂടെയുണ്ടാകുമായിരുന്നെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.
ദമ്പതിമാരുൾപ്പെടെ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു
നാദാപുരം: നാദാപുരം പുളിയാവിൽ ദമ്പതിമാരും സഹോദരപുത്രിയായ എട്ടുവയസ്സുകാരിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ (44), ഭാര്യ സുഹാദ (38), അൻസാറിന്റെ സഹോദരപുത്രി ഹിസാ മറിയം (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെ മയ്യഴിപ്പുഴയുടെ ഭാഗമായ വേവം പുഴയിലാണ് സംഭവം. ഹിസാ മറിയത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അൻസാറും സുഹാദയും ദുരന്തത്തിൽപ്പെട്ടത്. ആഴത്തിൽ വെള്ളമില്ലെങ്കിലും ചെളിയിൽ കുടുങ്ങിയതാണ് മരണത്തിനിടയാക്കിയത്.
അലക്കാനായി കുട്ടികൾക്കൊപ്പം എത്തിയതായിരുന്നു അൻസാറും സുഹാദയും. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പെട്ടെന്നുതന്നെ മൂവരെയും പുറത്തെടുത്ത് നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അരീക്കുണ്ടിൽ ഹനീഫയുടെയും അസ്മിനയുടെയും മകളാണ് ഹിസാ മറിയം. സഹോദരങ്ങൾ: അയിശ, ഇവാദ് റഹ്മാൻ. അൻസാറിന്റെ പിതാവ്: അമ്മദ്. മാതാവ്: ആമിന. സഹോദരങ്ങൾ: ഹനീഫ, അനീസ, അഫ്സൽ (ഖത്തർ കെ.എം.സി.സി.).
പരേതനായ തരുവണ അമ്മദ് മുസ്ല്യാരുടെയും സഫിയയുടെയും മകളാണ് സുഹാദ. മരിച്ച അൻസാർ-സുഹാദ ദമ്പതിമാർക്ക് ഹംന ഫാത്തിമ എന്ന മകളുണ്ട്.
Content Highlights: Three family members died in a drowning incident at Puliyav river, Nadapuram., The victims include Ansar (44), his wife Suhada (38), and their niece Hisa Mariyam (8).,