തനിക്ക് ലഭിച്ച ജാമ്യം യു.എ.പി.എ ചുമത്തിയ സര്‍ക്കാരിനേറ്റ തിരിച്ചടി- താഹ ഫസല്‍

തൃശ്ശൂര്‍: യു.എ.പി.എക്കെതിരേ നിലകൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിന് കിട്ടിയ തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ച ജാമ്യമെന്ന് താഹ ഫസല്‍. പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താഹ.
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് താഹ വിയ്യൂര്‍ ജയിലില്‍നിന്ന് മോചിതനായത്.
കൂടെ നിന്ന അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദിയുണ്ട്. നാട്ടിലെ സിപിഎംകാരായ ചില സുഹൃത്തുക്കള്‍ സഹായിച്ചെങ്കിലും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും താഹ പറഞ്ഞു. രാജ്യത്ത് യു.എ.പി.എ പോലുള്ള കിരാത നിയമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടികൂടി സമൂഹം ജാഗ്രത പാലിക്കണമെന്നും താഹ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് താഹയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് താഹ സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ പ്രതിയായ അലന്‍ ഷുഹൈബിന് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. ഈ ജാമ്യം വ്യാഴാഴ്ച സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്.
content highlights: my bail is setback for state government says taha fazal
Content Highlights: