വാഹന ഫിറ്റ്‌നസിനായുള്ള കൈക്കൂലിയുടെ കോഡ് ടി.ആർ.6; പോരായ്മകൾ രേഖയാക്കാതെ നിരസിക്കും

#ബി. അജിത് രാജ്
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ഫിറ്റ്‌നസ് പരിശോധനയ്ക്കുവരുന്ന വാഹനങ്ങളിൽ പോരായ്മ കണ്ടെത്തിയാൽ ഫിറ്റ്‌നസ് റിന്യൂവൽ ഫോമിൽ രേഖപ്പെടുത്തി പോരായ്മകൾ പരിഹരിച്ച് ഹാജരാക്കാൻ ആവശ്യപ്പെടണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇവ രേഖയാക്കാതെ നിരസിക്കുകയും ഇടനിലക്കാർ വഴി വീണ്ടുമെത്തുമ്പോൾ ഫിറ്റ്‌നസ് നൽകുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിലുണ്ട്.

ഫിറ്റ്‌നസ് നിശ്ചയിക്കുന്നതിലെ വിവേചനാധികാരമാണ് ഇത്തരത്തിലുള്ള കൈക്കൂലിക്കും ക്രമക്കേടിനും വഴിയൊരുക്കുന്നത്. ന്യൂനതകൾ രേഖപ്പെടുത്തിയാൽ അവ പരിഹരിച്ചശേഷമേ ഫിറ്റ്‌നസ് നൽകാൻ കഴിയൂ. രാവിലെ വാഹനങ്ങൾ ഒരുമിച്ചാണ് പരിശോധിക്കുന്നത്. തകരാറുള്ളവ പരസ്യമായി തിരിച്ചയക്കും. അവയുടെ ഫയലുകൾ ഉച്ചയോടെ ഇടനിലക്കാർ വഴിയെത്തിച്ച് ഫിറ്റ്‌നസ് നേടും.

ഫിറ്റ്‌നസ് ടെസ്റ്റിനുള്ള കൈക്കൂലിത്തുക ഒരുമിച്ചാണ് സമാഹരിക്കുന്നത്. കൈക്കൂലി വാങ്ങാത്തവരുണ്ടെങ്കിൽ ഒഴിവാക്കിയാകും വീതംവെയ്പ്. ‘ടി.ആർ.6’ എന്നാണ് ഈ തുകയുടെ രഹസ്യകോഡ്. വിശ്വസ്തരായ ഇടനിലക്കാരാണ് തുക സമാഹരിക്കുക. ഓതറൈസേഷൻ ലെറ്റർവഴിയാണ് ഇടനിലക്കാരുടെ അപേക്ഷകൾ തിരിച്ചറിയുക.

റിസ്ക് എടുത്താൽ ടി.ആർ.7

പതിവ് പടിക്ക് പുറമേ ഗുരുതര ക്രമക്കേടുകളുള്ള വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകിയാൽ അതിനുള്ള പ്രതിഫലം റിസ്ക് എടുക്കുന്ന ഉദ്യോഗസ്ഥനാണ്. ഇതിൽ വീതം വെയ്പില്ല. വേഗപൂട്ട് വിച്ഛേദിക്കൽ, ജി.പി.എസ്. കാലിബറേറ്റ് ചെയ്യാതിരിക്കുക, മോശം അവസ്ഥയിലുള്ള വാഹനങ്ങൾ, മോടിപിടിപ്പിക്കൽ എന്നിവ അനുസരിച്ച് നിരക്ക് കൂടും. ഇതിനെല്ലാം ടി.ആർ 7 എന്നാണ് കോഡ്.

‌കൈക്കൂലിക്കും സ്ലാബ്

എട്ടുവർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്ക് രണ്ടുവർഷം കൂടുമ്പോഴും മറ്റുള്ളവയ്ക്കുവർഷം തോറുമാണ് ടെസ്റ്റ്. സർക്കാർ ഫീസിൽ വ്യത്യാസമില്ലെങ്കിലും കൈക്കൂലിക്ക് വേവ്വേറേ നിരക്കാണ്. ഇവ വാങ്ങാത്ത ഉദ്യോഗസ്ഥരും വകുപ്പിലുണ്ട്. ഓട്ടോറിക്ഷ 150 രൂപമുതലും ബസിന് 2000 രൂപവരെയുമാണ് ഫിറ്റ്നസിനുള്ള കൈക്കൂലി.

Content Highlights: A bribery scam within the Motor Vehicles Department reveals officers rejecting faulty vehicles without documentation and approving them via agents using secret bribe codes TR 6 and TR 7.