പി.വി.ജി.യുടേത് ചുറ്റുമുള്ളവർക്ക് ആനന്ദംപകർന്ന ജീവിതം -എം.വി. ശ്രേയാംസ് കുമാർ

#ന്യൂസ് ഡെസ്ക്
മാതൃഭൂമി മുഴുവൻസമയ ഡയറക്ടറായിരുന്ന പി.വി. ഗംഗാധരനെ അനുസ്മരിക്കാൻ പി.വി.ജി. ഫൗണ്ടേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച യോഗം ഉദ്ഘാടനംചെയ്തശേഷം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ നടൻ വിജയൻ കാരന്തൂരിന് ''കൈത്താങ്ങ്'' സമർപ്പിക്കുന്നു. പി.എം. അബ്ദുറഹിമാൻ, എം. രാജൻ, എൻ. സുബ്രഹ്‌മണ്യൻ, മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ഡോ. കെ. മൊയ്തു, പി.എം. നിയാസ്, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, പുത്തൂർമഠം ചന്ദ്രൻ, ഷെറിൻ ഗംഗാധരൻ, തോട്ടത്തിൽ രവീന്ദ്രൻ, യു.കെ. കുമാരൻ എന്നിവർ സമീപം
മാതൃഭൂമി മുഴുവൻസമയ ഡയറക്ടറായിരുന്ന പി.വി. ഗംഗാധരനെ അനുസ്മരിക്കാൻ പി.വി.ജി. ഫൗണ്ടേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച യോഗം ഉദ്ഘാടനംചെയ്തശേഷം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ നടൻ വിജയൻ കാരന്തൂരിന് ''കൈത്താങ്ങ്'' സമർപ്പിക്കുന്നു. പി.എം. അബ്ദുറഹിമാൻ, എം. രാജൻ, എൻ. സുബ്രഹ്‌മണ്യൻ, മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ഡോ. കെ. മൊയ്തു, പി.എം. നിയാസ്, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, പുത്തൂർമഠം ചന്ദ്രൻ, ഷെറിൻ ഗംഗാധരൻ, തോട്ടത്തിൽ രവീന്ദ്രൻ, യു.കെ. കുമാരൻ എന്നിവർ സമീപം

കോഴിക്കോട്: എന്നും ഊർജസ്വലനായി, ചുറ്റും നിൽക്കുന്നവർക്ക് ആനന്ദംപകരുന്ന ജീവിതമാണ് പി.വി.ജി. നയിച്ചതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. സിനിമാ നിർമാതാവും മാതൃഭൂമി മുഴുവൻസമയ ഡയറക്ടറുമായിരുന്ന പി.വി. ഗംഗാധരന്റെ മൂന്നാം ചരമവാർഷികദിനത്തിൽ പി.വി.ജി. ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.അസുഖംവന്ന സാഹചര്യങ്ങളിൽ ഒരിക്കലും ഒരു രോഗിയെപ്പോലെ പി.വി.ജി. പെരുമാറിയിട്ടില്ല. എപ്പോഴും പോസിറ്റീവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതംതന്നെ അങ്ങനെയായിരുന്നു. പി.വി.ജിക്ക് ഫോട്ടോ എടുക്കാൻ വലിയ ഇഷ്ടമായിരുന്നു. എവിടെപ്പോയാലും ആ ഒരു മുഹൂർത്തം പകർത്തുക എന്നതായിരുന്നു അതുവഴി അദ്ദേഹം ചെയ്തിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ആർക്കൊപ്പം ചെലവഴിക്കുന്നതായാലും ആ ചെറിയ സന്ദർഭം വിലപ്പെട്ടതായിരുന്നു. അങ്ങനെ സാധിക്കുന്നവർ വളരെ കുറവാണ്. നമുക്ക് എന്തുണ്ടായാലും സന്തോഷം ഉണ്ടാവുക എന്നതാണ് ഏറ്റവുംപ്രധാനം. അത് പി.വി.ജിയുടെ മുഖത്ത് എന്നുമുണ്ടായിരുന്നു.

ഒരു ചടങ്ങിൽ പി.വി.ജിയുണ്ടെങ്കിൽ അദ്ദേഹം ഓടിനടന്ന് എല്ലാവരുമായി സംസാരിച്ച് അവരുടെ വിശേഷങ്ങളറിയും. അങ്ങനെ ആ ചടങ്ങിന്റെ തലംതന്നെ അദ്ദേഹം മാറ്റിയെടുക്കും. പ്രത്യേകതയുണ്ടെങ്കിലും ഒട്ടും സങ്കീർണമായിരുന്നില്ല ആ വ്യക്തിത്വമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തവർഷംമുതൽ പി.വി.ജിയുടെ ഓർമ്മദിനത്തിൽ മാതൃഭൂമിയുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനം സംഘടിപ്പിക്കുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. അദ്ദേഹം പ്രവർത്തിച്ച മേഖലകളിലെ പ്രമുഖരുമായി ആലോചിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. അതിന് മാതൃഭൂമി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അനുസ്മരണപ്രഭാഷണം നടത്തി. വിദ്വേഷത്തിന്റെ വിളവെടുപ്പായി രാഷ്ട്രീയം മാറുന്ന ഇക്കാലത്തും എ.ഐ.സി.സി. അംഗമായിരുന്ന പി.വി. ഗംഗാധരൻ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലുള്ളവരുമായി അടുത്ത ബന്ധവും സൗഹൃദവും കാത്തുസൂക്ഷിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയത്തിലെ ആശയപരമായ വ്യത്യാസങ്ങൾ വൈരുധ്യങ്ങളല്ല, മറിച്ച് ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു -ശ്രീധരൻപിള്ള പറഞ്ഞു.

കെ.പി. കേശവമേനോൻ ഹാളിൽനടന്ന പരിപാടിയിൽ പി.വി.ജി. ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷനായി.

പിവി. ഗംഗാധരന്റെ ഓർമ്മയ്ക്കായി കുടുംബം ഏർപ്പെടുത്തിയ ‘‘കൈത്താങ്ങ് ’’ നടനും നാടകപ്രവർത്തകനുമായ വിജയൻ കാരന്തൂരിന് എം.വി. ശ്രേയാംസ് കുമാർ കൈമാറി. കലാ-സാംസ്കാരികരംഗത്ത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കാണ് ഒരു ലക്ഷം രൂപയുടെ പി.വി.ജി. സ്മാരക കൈത്താങ്ങ് നൽകുന്നത്. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, വിജയൻ കാരന്തൂരിനെ പൊന്നാട അണിയിച്ചു.

മുൻ എം.എൽ.എ. തോട്ടത്തിൽ രവീന്ദ്രൻ, എഴുത്തുകാരൻ യു.കെ. കുമാരൻ, കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. നിയാസ്, എൻ. സുബ്രഹ്‌മണ്യൻ, പി.എം. അബ്ദുറഹിമാൻ, സി. രമേശ്, സുനീഷ് മാമിയിൽ, പി.വി.ജി. ഫൗണ്ടേഷൻ സെക്രട്ടറി രാധാകൃഷ്ണക്കുറുപ്പ്, കൺവീനർ എം. രാജൻ, പുത്തൂർമഠം ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Content Highlights: Mathrubhumi Managing Director M.V. Shreyams Kumar paid rich tributes to late film producer and director P.V. Gangadharan on his third death anniversary, announcing that Mathrubhumi will organize annual memorials.