തെറ്റുതിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും തിരികെ വരാം, ഒറ്റപ്പെടുത്തില്ല- എം.വി. ജയരാജൻ

കണ്ണൂർ: തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരുന്നതിൽ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനേയും കെ.ആർ. ഗൗരിയമ്മയേയും വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റുപറ്റി എന്ന് കരുതി ഒറ്റപ്പെടുത്തി മുമ്പോട്ട് പോകില്ലെന്ന് എം.വി. ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ പാർട്ടി സ്ഥാനാർഥിയെ മാറ്റിയിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും എം.വി. ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ അന്ന് സ്വീകരിച്ച നിലപാട് പിശകായി. തളിപ്പറമ്പിൽ എസ്ഐആറിന് ശേഷം മണ്ഡലത്തിന്റെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. പയ്യന്നൂർ പോലെ ഉറച്ച് ജയിക്കുമായിരുന്ന ഒരു മണ്ഡലമായിരുന്നില്ല തളിപ്പറമ്പ്. ഈ രണ്ട് മണ്ഡലങ്ങളും നഷ്ടപ്പെടാൻ ഇടയായത് വിവിധ ഘടകങ്ങൾ ഉണ്ടെങ്കിലും അതിൽ ഒരു ഘടകം ഈ രണ്ട് മണ്ഡലങ്ങളിലേടയും സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായ പോരായ്മയാണ്. മറ്റൊരാളെ നിർത്തിയാൽ പയ്യന്നൂരിൽ ജയിക്കുമായിരുന്നു. തളിപ്പറമ്പിൽ അത്തരത്തിൽ പറയാൻ സാധിക്കില്ലായിരുന്നു- എം.വി. ജയരാജൻ പറഞ്ഞു.
നിലപാടുകൾ തിരുത്തി പാർട്ടിയുമായി സഹകരിക്കാൻ തയ്യാറായി വരുമ്പോൾ അത് വേണ്ട എന്ന് വെക്കുന്ന പാർട്ടിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.കെ. ഗോവിന്ദൻ കോടിയേരിയുടെ വീട്ടിലെത്തിയ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.
എം.വി. ജയരാജന്റെ വാക്കുകൾ;
എം.വി. രാഘവൻ അദ്ദേഹത്തിന്റെ ജീവിതാവസാന കാലത്ത് സിപിഎമ്മുമായി സഹകരിച്ചു കൊണ്ടാണ് വന്നത്. കെ.ആർ. ഗൗരിയമ്മ പാർട്ടിയിൽ നിന്ന് മാറി എതിരാളികളോടൊപ്പം ചേർന്ന് മന്ത്രിയായി. അവസാനകാലത്ത് അവരും സിപിഎമ്മുമായി സഹകരിച്ചാണ് പ്രവർത്തിച്ചത്.
ഒരിക്കൽ നയപരമായോ സംഘടനാപരമായോ തെറ്റുപറ്റി എന്നു കരുതി ഒരിക്കൽ കമ്മ്യൂണിസ്റ്റുകാരായ പഴയ ആളുകളെ മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റപ്പെടുത്തി മുന്നോട്ടുപോകുന്നവരല്ല. ആ രാഷ്ട്രീയത്തേയും അന്നത്തെ നിലപാടിനെയും എതിർക്കും. പാർട്ടിയെ വഞ്ചിക്കുന്നവരെ വർഗവഞ്ചകനാണെന്ന് പാർട്ടി ഭരണഘടനയിൽ പറയുന്ന കാര്യമാണ്. അദ്ദേഹം നാളെ നിലപാടുകൾ തിരുത്തി പാർട്ടിയുമായി സഹകരിക്കാൻ തയ്യാറായി വരുമ്പോൾ അത് വേണ്ട എന്ന് വെക്കുന്ന പാർട്ടിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടി.
ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചതിന് പിന്നാലെ വിനോദിനി ബാലകൃഷ്ണന്റെ പ്രതികരണത്തിലും എം.വി. ജയരാജൻ മറുപടി പറഞ്ഞു; 'ഒരാളുടെ വീട്ടിൽ മറ്റൊരാൾ പോയാൽ ഏത് രാഷ്ട്രീയത്തിൽ പെട്ടവരായാലും, ആ വീട്ടിൽ നിന്ന് ഗൃഹനാഥനോ നാഥയേയോ പുറത്താക്കാനാകില്ല. അവര് വന്നാൽ സ്വാഭാവികമായി ആതിഥ്യ മര്യാദ കാണിക്കണം. എന്നാൽ ഇങ്ങനെ ആളുകൾ വന്നാൽ സ്വീകരിച്ചാനയിച്ചു പോകുന്ന നിലയും നല്ലതല്ല. വന്നയാളെ തിരിച്ചയക്കാൻ പാടില്ല എന്ന് പറയുമ്പോൾ തന്നെ, വന്നയാൾ അവിടെ വന്ന് കഴിഞ്ഞാൽ സത്കരിച്ച് പറഞ്ഞയക്കുക എന്നത് നല്ലതാണ്. അതിനപ്പുറം ഉണ്ടാകുന്നത് ഗുണമല്ല'- അദ്ദേഹം പറഞ്ഞു.
Content Highlights: MV Jayarajan stated that TK Govindan and V Kunhikrishnan are welcome back to CPM if they correct past mistakes., The party does not isolate former members who acknowledge their ideological or organizational errors., Historical examples like MV Raghavan and KR Gouri Amma were cited as precedents for reconciliation., Jayarajan admitted flaws in candidate selection in Payyannur and Taliparamba constituencies., Emphasis on maintaining hospitality while keeping political boundaries clear regarding visitor etiquette.