വിമതരെ പാർട്ടിയിലേക്ക് ക്ഷണിച്ചതിൽ വീഴ്ചപറ്റിയെന്ന് എം.വി. ജയരാജൻ; പ്രതികരിക്കാതെ പിണറായി വിജയൻ

#ബിജു പരവത്ത്
എം.വി. ജയരാജൻ, പിണറായി വിജയൻ | File Photo: Mathrubhumi
എം.വി. ജയരാജൻ, പിണറായി വിജയൻ | File Photo: Mathrubhumi

തിരുവനന്തപുരം: സി.പി.എം. വിട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചവരെ തിരികെ പാർട്ടിയിലേക്ക് ക്ഷണിച്ചത് തന്റെ വീഴ്ചയായിപ്പോയെന്ന് സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തിൽ എം.വി. ജയരാജൻ. പയ്യന്നൂരിൽനിന്ന് ജയിച്ച വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിൽനിന്ന് ജയിച്ച ടി.കെ. ഗോവിന്ദനും തെറ്റുതിരുത്തിയാൽ തിരിച്ചുവരാമെന്ന തന്റെ പ്രസ്താവന തെറ്റായിപ്പോയെന്നാണ്‌ ജയരാജൻ ഏറ്റുപറഞ്ഞത്.

പാർട്ടി അത്തരം നിലപാടെടുക്കാതെ ജയരാജൻ പരസ്യപ്രസ്താവന നടത്തിയത്, പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മറ്റുനേതാക്കൾ വിമർശിച്ചു. ആരും ജയരാജനെ പിന്തുണച്ചതുമില്ല. ഇതോടെയാണ്, തനിക്ക് വീഴ്ചപറ്റിയെന്നും സ്വയം വിമർശനപരമായി അത് ഉൾക്കൊള്ളുന്നുവെന്നും യോഗത്തിൽ ജയരാജൻ തുറന്നുപറഞ്ഞത്.

സി.പി.എമ്മിന് കടുത്ത ആഘാതമുണ്ടാക്കിയാണ് കുഞ്ഞികൃഷ്ണനും ഗോവിന്ദനും പാർട്ടിക്ക് പുറത്തുനിൽക്കുന്നത്. യു.ഡി.എഫ്. പാളയത്തിലെത്തിയാണ് അവർ മത്സരിച്ചതും ജയിച്ചതും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ആ നിലപാടിൽനിന്ന് ഒരുഘട്ടത്തിൽപോലും അവർ മാറിയിട്ടില്ല. നേരത്തേ ഉന്നയിച്ച വിമർശനങ്ങൾ ആവർത്തിക്കുകയും പാർട്ടിക്കെതിരായി പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. ആ ഘട്ടത്തിൽ, അവരെ പാർട്ടിയിലേക്ക് ക്ഷണിച്ചത് ഒരു നേതാവിൽനിന്നുണ്ടാകേണ്ട രീതിയല്ലെന്ന് മറ്റുനേതാക്കൾ കൂട്ടത്തോടെ വിമർശിച്ചു.

സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തിലും വിമർശനമുണ്ടായി. മാധ്യമങ്ങൾക്ക് ചർച്ചയുണ്ടാക്കാനുതകുംവിധം വിമതരുടെ വിഷയത്തിൽ പ്രതികരിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. പ്രതിപക്ഷനേതാവ് പിണറായി വിജയനും യോഗത്തിൽ പങ്കെടുത്തെങ്കിലും അദ്ദേഹം ഇതിലൊന്നും പ്രതികരിച്ചില്ലെന്നാണ് വിവരം.

യു.ഡി.എഫ്. സർക്കാരിനെതിരേയുള്ള സമരപരിപാടികൾ തുടങ്ങേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. വിഴിഞ്ഞം പദ്ധതിയിൽ അദാനി ഗ്രൂപ്പ് ആധിപത്യം ശക്തമാക്കുന്നത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഒട്ടേറെ പോരായ്മയുണ്ടെന്നും യു.ഡി.എഫിൽ അഭിപ്രായഭിന്നതയുണ്ടെന്നും അത് രാഷ്ട്രീയപ്രചാരണമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

എൽ.ഡി.എഫ്. യോഗം ചേരാത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾ ഒഴിവാക്കണമെന്നാണ് മറ്റൊരു തീരുമാനം. ഇതിനായി, ഇടതുമുന്നണിയോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു.

Content Highlights: CPM leader MV Jayarajan admits error in inviting rebels back to the party.