കോൺഗ്രസിനെക്കാൾ സംഘപരിവാർപ്രേമം മുസ്‌ലിം ലീഗിന് -എം.വി. ജയരാജൻ

#ന്യൂസ് ഡെസ്ക്
എം.വി. ജയരാജൻ | ചിത്രം: മാതൃഭൂമി
എം.വി. ജയരാജൻ | ചിത്രം: മാതൃഭൂമി

കാസർകോട്: കോൺഗ്രസിനെക്കാൾ സംഘപരിവാർപ്രേമം മുസ്‌ലിം ലീഗിനാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. സവർക്കറെ മഹത്ത്വവത്‌കരിക്കുന്ന ക്വിസ് മത്സരം സ്‌കൂളിൽ സംഘടിപ്പിച്ചതും വന്ദേമാതരം പൂർണരൂപത്തിൽ ചൊല്ലണമെന്ന സർക്കുലർ സ്‌കൂളുകൾക്കയച്ചതും പി.എം. ശ്രീ നടപ്പാക്കാൻ രംഗത്തിറങ്ങിയതും പ്രധാനമന്ത്രിയുടെ ലോഗോ വീടുകളിൽ പ്രദർശിപ്പിക്കാമെന്ന കേന്ദ്രവ്യവസ്ഥ അംഗീകരിച്ചതും ലീഗ് മന്ത്രിമാരുടെ വകുപ്പുകളിലാണെന്ന് ജയരാജൻ ആരോപിച്ചു. കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ബാങ്ക് പിരിച്ചുവിടാനുള്ള യു.ഡി.എഫ്. നീക്കം പ്രതിഷേധാർഹമാണ്. കേരള ബാങ്ക് രൂപവത്കരിച്ചത് നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ്. റിസർവ് ബാങ്കിന്റെ അനുമതിയും ഉണ്ട്. അനുമതി ലഭിച്ചത് ജില്ലാ ബാങ്കുകളുടെ ലൈസൻസ് സറണ്ടർ ചെയ്തതുകൊണ്ടാണ്. തിരിച്ചുപോക്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ താത്‌പര്യത്തിന്‌ ഹാനികരമാണ്. ജില്ലാ ബാങ്കുകളുണ്ടായാൽ റിസർവ് ബാങ്കിന്റെ ഇടപെടലുണ്ടാകില്ലെന്നും സ്വതന്ത്രമായി ഇടപാട് നടത്താൻ കഴിയുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കേരള ബാങ്കിനെ പിരിച്ചുവിട്ട് ജില്ലാ ബാങ്കുകൾ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും പറയുന്നത് ‘ബി.ജെ.പി. ഡീലാ’ണോയെന്ന് വ്യക്തമാക്കണം.

റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെയും ടെൻഡറില്ലാതെയും കൂടിയ നിരക്കായ 11 രൂപയ്ക്ക് വി.ഇ.എച്ച്. ഗ്ലോബൽ ഇന്ത്യയിൽനിന്ന്‌ വൈദ്യുതി വാങ്ങിയതിൽ എത്ര കോടിയാണ് കമ്മിഷൻ ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം-ജയരാജൻ പറഞ്ഞു.

Content Highlights: MV Jayarajan claims Muslim League shows more affinity toward Sangh Parivar than Congress., Accuses League ministers' departments of implementing pro-Sangh policies in schools., Criticizes UDF move to dissolve Kerala Bank and calls it a potential BJP deal., Demands clarification from the Chief Minister on high-rate power purchases without tender.