പിണറായി പറഞ്ഞത് ശരി, ജനത്തിന് തെറ്റുപറ്റി,പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻ അവകാശമില്ല-ഗോവിന്ദൻ

#സ്വന്തം ലേഖകൻ
എം.വി. ഗോവിന്ദൻ | Photo: facebook.com/CPIMKerala
എം.വി. ഗോവിന്ദൻ | Photo: facebook.com/CPIMKerala

തിരുവനന്തപുരം:തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞത് പൂർണമായും ശരിയാണെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റുപറ്റിയെന്നുതന്നെയാണ് പറഞ്ഞത്. അത് പാർട്ടിയുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പയ്യന്നൂരിൽ പാർട്ടിവോട്ടുപോലും മാറ്റിച്ചെയ്തിട്ടുണ്ട്. അത് നേരത്തേയും പറഞ്ഞതാണ്. തെറ്റിദ്ധരിക്കപ്പെട്ടതിന്റെ കാരണമാണ് പിണറായി പറഞ്ഞത്. പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻ അവകാശമില്ല. പാർട്ടി നിർത്തിയ സ്ഥാനാർഥികൾക്കാണ് അവർ വോട്ടുചെയ്യേണ്ടത്. ജനം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

പിണറായി വിജയൻ കണ്ണൂരിൽ നാല് യോഗങ്ങളിലാണ് പങ്കെടുത്തത്. ഇതിൽ കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അത് പാർട്ടി കേന്ദ്രകമ്മിറ്റിയുടെയും സംസ്ഥാനകമ്മിറ്റിയുടെയും റിപ്പോർട്ടിനെ അടിസ്ഥാനമാക്കിത്തന്നെയാണ്.

ടി.കെ. ഗോവിന്ദൻ സി.പി.എമ്മിന്റെ റിപ്പോർട്ടിനെക്കുറിച്ച് പറയാൻ ആരാണ്. അദ്ദേഹം വർഗവഞ്ചനയുടെയും ചതിയുടെയും ഭാഗമായി സി.പി.എമ്മിൽനിന്ന് മാറി യു.ഡി.എഫിലേക്ക് പോയ ആളാണ്. കുഞ്ഞികൃഷ്ണനും അങ്ങനെയാണ്. അവർ പറയുന്നത് പാർട്ടി ആധികാരികമായി എടുക്കേണ്ട കാര്യമില്ല -ഗോവിന്ദൻ പറഞ്ഞു.

ജനങ്ങൾക്ക് മാറിച്ചിന്തിക്കാൻ കാരണമൊന്നും ഉണ്ടായില്ലേ, ജനങ്ങളാണോ പാർട്ടിയാണോ തെറ്റു തിരുത്തേണ്ടത് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും അദ്ദേഹം മറുപടിനൽകിയില്ല.

തർക്കം ചർച്ചയിലൂടെ തീർക്കും

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം ചർച്ചയിലൂടെ തീർക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു. സി.പി.ഐ.യും സി.പി.എമ്മും ഇടതുമുന്നണിയുടെ പ്രധാനപാർട്ടികളാണ്. ഉപനേതാവിനെ നിശ്ചയിക്കാൻ പ്രതിപക്ഷനേതാവ് എഴുതിക്കൊടുത്താൽ മതിയെന്നുപറഞ്ഞത് ശരിയാണ്. പക്ഷേ, എഴുതിക്കൊടുക്കണമെങ്കിൽ ചർച്ചയും തീരുമാനവും ഉണ്ടാവണം.

എസ്.എഫ്.ഐ. സമരത്തെ അടിച്ചൊതുക്കാമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമാണ്. സർവകലാശാലകൾ ആർ.എസ്.എസിന് കാഴ്ചവെക്കുകയാണ് സർക്കാർ. ഇതിനായി സർവകലാശാല നിയമത്തിൽ മാറ്റം കൊണ്ടുവരുകയാണ്. വി.സി. നിയമനത്തിൽ സർക്കാരിനുള്ള എല്ലാ അധികാരവും ഇതിലൂടെ ഇല്ലാതാകും -ഗോവിന്ദൻ പറഞ്ഞു.

Content Highlights: MV Govindan confirmed Pinarayi Vijayan's statement that people made mistakes in the election., Noted that party members must vote for official candidates without deviation., Addressed criticisms from former members and discussed the LDF opposition deputy leader dispute., Criticized government policies regarding university VC appointments.