ടീം യുഡിഎഫ് തകർന്നുതരിപ്പണമായി, ഭരണസ്തംഭനം, അഴിമതി നടത്താനുള്ള ത്വര; എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: ആറു മാസക്കാലം കൊണ്ട് 'ടീം യുഡിഎഫ്' എന്നത് പൂർണമായും തകർന്നു തരിപ്പണമായ ചിത്രമാണ് കാണാൻ സാധിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിലെ ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും കാരണം കേരളത്തിൽ ഭരണം സ്തംഭിച്ച അവസ്ഥയിലാണ്, എന്താണ് കേരളത്തിൽ നടക്കുന്നതെന്നും ഗോവിന്ദൻ ചോദിച്ചു.
'മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ നടന്നു. ഇത്തരമൊരു ഏറ്റുമുട്ടൽ ഉണ്ടായി എന്ന കാര്യം മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. 'സ്ഥാനം നൽകിയില്ലെങ്കിലും വേണ്ട, തരില്ലെന്ന് പറയാനുള്ള മര്യാദയെങ്കിലും കാണിക്കണം' എന്ന് ഘടകകക്ഷി നേതാക്കൾ മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചു.
കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ സണ്ണി ജോസഫും എ.പി. അനിൽകുമാറും വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടുകയുണ്ടായി. ഇവർക്കെതിരെ വി.ഡി. സതീശൻ ടീമിന്റെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. മുന്നണിയിലെ 'പവർ ഗ്രൂപ്പ്' പ്രവർത്തനങ്ങളിൽ കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാർക്ക് കടുത്ത അസംതൃപ്തിയാണുള്ളത്' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഭരണസംവിധാനത്തിലെ അനാസ്ഥയും തമ്മിലടിയും കാരണം ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഭാഗത്തുനിന്ന് കാര്യശേഷിയോടെ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ പ്രാപ്തിക്കുറവും നിശ്ചലാവസ്ഥയും അനാസ്ഥയും കാണപ്പെടുന്നു. തങ്ങൾക്ക് ആവശ്യമായ സ്ഥാനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോയി അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ കടുത്ത പ്രതിസന്ധികൾ കാരണം ആറു മാസം തികയുന്നതിന് മുമ്പ് തന്നെ യുഡിഎഫ് കൺവീനർ 'ഞാൻ സ്ഥാനം ഒഴിയാൻ തയ്യാറാണ്' എന്ന് പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. കഴിഞ്ഞ ആറു മാസമായി കെപിസിസിയോ യുഡിഎഫോ യാതൊരുവിധ സംഘടനാ പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: CPM State Secretary MV Govindan states that Team UDF has collapsed within six months., Highlights severe infighting, cabinet clashes, and administrative paralysis in Kerala., Accuses leaders of seeking positions primarily to facilitate corruption., Points out the UDF Convenor's willingness to resign due to ongoing alliance crises.