പി.കെ. ശശിക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ; അറിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

എം.വി. ഗോവിന്ദന്‍, പി.കെ. ശശി, എം.ബി. രാജേഷ് | ഫോട്ടോ: മാതൃഭൂമി
എം.വി. ഗോവിന്ദന്‍, പി.കെ. ശശി, എം.ബി. രാജേഷ് | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂര്‍/പാലക്കാട്: പി.കെ. ശശിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അദ്ദേഹം നിലവിലെ ചുമതലകളില്‍ അതുപോലെ തുടരും. നിലവില്‍ പി.കെ ശശി ജില്ലാ കമ്മിറ്റി അംഗമാണെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്തയെക്കുറിച്ച് പി.കെ. ശശിയോടുതന്നെ ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

കെ.ടി.ഡി.സി. ചെയര്‍മാന്‍സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. രാജിവെക്കേണ്ടകാര്യമില്ല. പാര്‍ട്ടിക്കകത്തെ ശുദ്ധീകരണം തുടര്‍ച്ചയായ പ്രക്രിയയാണ്. ഇപ്പോള്‍ പി.കെ. ശശിക്കെതിരെ ഒരുനിലപാടും സ്വീകരിച്ചുകഴിഞ്ഞിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പി.കെ. ശശിക്കെതിരായ നടപടിയെക്കുറിച്ച് താനറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷും പ്രതികരിച്ചു. ഇന്നലെ എന്താണ് തീരുമാനം ഉണ്ടായതെന്ന് താനറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്ന ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്.

പിന്നാലെ, പി.കെ. ശശി കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയെ സമീപിക്കാനും നീക്കമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതാണ് നല്ലത്'
ഹേമ കമ്മിറ്റിയെ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നതാണ് നല്ലത്. ജനങ്ങളുടെ മുമ്പില്‍ അത് അവതരിപ്പിക്കുന്നതില്‍ ആര്‍ക്കാണ് ഭയപ്പെടേണ്ടകാര്യമുള്ളത്. കൃത്യമായി ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്നതാണ് നന്നാവുകയെന്നതാണ് നിലപാടെന്നും പ്രസിദ്ധീകരിക്കുന്നതില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: MV Govindan, MB Rajesh denies action against PK Sasi