പുസ്തകം കൈയിലേന്തിയ യുവാവ്, ഏത് വീട്ടിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം; മൊറാഴയുടെ വിപ്ലവവീര്യം

#സജീവന്‍ പൊയ്ത്തുംകടവ്
എം.വി. ഗോവിന്ദന്‍ | ഫോട്ടോ: മാതൃഭൂമി
എം.വി. ഗോവിന്ദന്‍ | ഫോട്ടോ: മാതൃഭൂമി

കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോരാട്ടവഴികളെ ചുവപ്പിച്ച മൊറാഴയിലായിരുന്നു എം.വി. ഗോവിന്ദന്റെ കുട്ടിക്കാലം. മൊറാഴ സംഭവത്തില്‍ പ്രതിയായ കെ.പി.ആര്‍. ഗോപാലന്‍ തൂക്കുകയറില്‍നിന്ന് ഇറങ്ങിവന്ന വീരകഥ കേട്ടാണ് വളര്‍ന്നത്. മൊറാഴയിലെ വിശാലമായ കളിക്കളത്തില്‍ പന്തുതട്ടി നടന്ന കുട്ടിക്കാലത്തുനിന്ന് നടന്നുകയറിയത് ഗ്രന്ഥശാലയിലെ പുസ്തകത്താളുകളിലേക്ക്. പരന്ന വായനയ്‌ക്കൊപ്പം ഇ.എം.എസ്., പി. ഗോവിന്ദപ്പിള്ള എന്നിവരില്‍നിന്ന് കിട്ടിയ രാഷ്ട്രീയവിദ്യാഭ്യാസം കൂടിയായപ്പോള്‍ എം.വി. ഗോവിന്ദന്‍ എന്ന സി.പി.എം. നേതാവ് ഉയര്‍ന്നുവന്നു. 

തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായ രണ്ടുവര്‍ഷം എം.വി. ഗോവിന്ദന്റെ ജീവിതം മാറ്റിമറിച്ച കാലഘട്ടമായിരുന്നു. അക്കാലത്ത് പാര്‍ട്ടിപ്രവര്‍ത്തനങ്ങളുമായി ഓഫീസിലെത്തിയിരുന്ന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. സി.പി.എം. സൈദ്ധാന്തികരായ ഇ.എം.എസ്., പി. ഗോവിന്ദപ്പിള്ള എന്നിവരുമായി ഇടപഴകാന്‍ കഴിഞ്ഞതോടെ രാഷ്ട്രീയവിദ്യാര്‍ഥിയുടെ നിരവധി സംശയങ്ങള്‍ തീര്‍ക്കാനും കമ്യൂണിസ്റ്റ് ആശയങ്ങളിലൂന്നി ചര്‍ച്ചകള്‍ നടത്താനും അവസരം കിട്ടി. 

മുതിര്‍ന്ന നേതാക്കളില്‍നിന്ന് കൂടുതല്‍ രാഷ്ട്രീയവിദ്യാഭ്യാസം ലഭിച്ചതോടെ ഒരു കമ്യൂണിസ്റ്റുകാരന്റെ പോരാട്ടവീര്യമുള്ള മനസ്സ് പാകപ്പെടുകയായിരുന്നു. അതുകൊണ്ടായിരിക്കാം, ഇന്നും സമകാലിക വിഷയങ്ങളോട് സൈദ്ധാന്തികരീതിയിലുള്ള മറുപടി നല്‍കുന്നത് ശീലമാക്കിയത്.

ഓഫീസ് സെക്രട്ടറിയായിരുന്ന എം.വി. ഗോവിന്ദന് പാര്‍ട്ടിയിലേക്ക് മുഴുവന്‍സമയ പ്രവര്‍ത്തകനാകണമെന്ന ചിന്തയുണര്‍ത്തിയത് ഈ നേതാക്കളുടെ ശിക്ഷണമാണ്. സ്‌കൂള്‍കാലഘട്ടത്തില്‍ തന്നെ ബാലസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. എം.വി. ഗോവിന്ദനെ പരന്ന വായനക്കാരനാക്കിയതും നല്ലൊരു പ്രാസംഗികനായതും മൊറാഴ ഗ്രാമീണ ഗ്രന്ഥാലയമാണ്. സ്‌കൂള്‍കാലത്ത് തന്നെ വായനശാലയുടെ പ്രവര്‍ത്തകനായിരുന്നു. കാള്‍ മാര്‍ക്‌സിന്റെ 'മൂലധനം' ഉള്‍പ്പെടെ ഗ്രന്ഥാലയത്തിലെ 2000-ലധികം പുസ്തകങ്ങളും സ്‌കൂള്‍കാലത്തുതന്നെ വായിച്ചുതീര്‍ത്തു. പിന്നീട് യുവജന പ്രസ്ഥാനത്തിലേക്കും പാര്‍ട്ടിതലത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

പുസ്തകം കൈയിലേന്തി വീടുകളിലെത്തുന്ന യുവാവ് 

മൊറാഴയുടെ ഗ്രാമങ്ങളില്‍ പുസ്തകം കൈയിലേന്തി വീടുകളിലെത്തുന്ന രാഷ്ട്രീയപ്രവര്‍ത്തകനെ നാട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നു. തറവാട്ടിലെ ഉമ്മറത്ത് പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ഗോവിന്ദനെയാണ് സുഹൃത്തുകള്‍ക്ക് എന്നും കാണാന്‍ കഴിഞ്ഞിരുന്നത്. എം. സുധാകരന്‍, എം.ഇ.കെ. ഗോപാലന്‍, എം. ശ്യാമസുന്ദര്‍ദാസ്, എം. കേശവന്‍, എം.വി. ഗോവിന്ദന്‍ എന്നിവരാണ് അക്കാലത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നത്. 

നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗ്രന്ഥാലയ പ്രവര്‍ത്തനത്തിലും ഫുട്‌ബോള്‍ മത്സരങ്ങളിലും സജീവമായിരുന്നു. വിദ്യാര്‍ഥികാലഘട്ടത്തില്‍ ലോങ്ജംപിലും ഹൈജംപിലും മിടുക്കനായ കായികതാരമായിരുന്നു. കായിക വിദ്യാഭ്യാസത്തില്‍ ഡിപ്ലോമ നേടി. 18-ാം വയസ്സില്‍ തളിപ്പറമ്പ് ഇരിങ്ങല്‍ യു.പി. സ്‌കൂളില്‍ കായികാധ്യാപകനായി.

ഏത് വീട്ടിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം

ചെറുപ്പത്തില്‍ തന്നെ നാട്ടിലെ ഏത് വീട്ടിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരും നാട്ടുകാരുമായി എന്നും നല്ല ബന്ധം. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടും. മറ്റ് രാഷ്ട്രീയപ്രവര്‍ത്തകരോടും സൗഹൃദം പുലര്‍ത്തിയിരുന്നു. ഇക്കാര്യങ്ങള്‍ മൊറാഴയിലെ നാട്ടുകാര്‍ എന്നും ഓര്‍ക്കാറുണ്ട്.
-എം.എം. സുധാകരന്‍
സുഹൃത്ത്, മൊറാഴ

പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റുമോ

മൊറാഴയില്‍ 87-കാരനായ എം.വി. രാഘവന് ഇത് അഭിമാനനിമിഷം. ഒന്നരവയസ്സിലാണ് എം.വി. ഗോവിന്ദന്‍ തറവാട് വീടായ മൊറാഴയിലേക്ക് എത്തുന്നത്. പിന്നീട് കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അമ്മാവനായ രാഘവനായിരുന്നു. കുറച്ച് ദിവസത്തേക്ക് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി ഗോവിന്ദനെ അയക്കണമെന്ന് പാച്ചേനി കുഞ്ഞിരാമനാണ് വീട്ടില്‍ വന്ന് പറഞ്ഞതെന്ന് രാഘവന്‍ അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ. കൂട്ടിക്കോയെന്ന് പറഞ്ഞു. പിന്നീടാണ് മുഴുവന്‍ സമയ പ്രവര്‍ത്തകനായ നേതാവായത്-രാഘവന്‍ പറഞ്ഞു. 

Content Highlights: M.V. Govindan: CPM Leader`s Journey