വിഴിഞ്ഞം: LDFന്റെ കാലത്ത് പല ചർച്ചയും നടന്നിട്ടുണ്ടാകും, ചർച്ചകൾക്ക് ഞങ്ങൾ എതിരല്ല- ഗോവിന്ദൻ

#ന്യൂസ് ഡെസ്ക്
എം.വി. ഗോവിന്ദൻ | Photo: Mathrubhumi
എം.വി. ഗോവിന്ദൻ | Photo: Mathrubhumi

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ ചർച്ചകൾ എൽഡിഎഫിന്റെ കാലത്ത് നടന്നോയെന്ന ചോദ്യത്തിന് അവ്യക്തയോടെ മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അദാനിയുടെ ഏറ്റവും വലിയ വക്താക്കളായി പ്രവർത്തിച്ചവരാണ് ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് അദാനിക്ക് എല്ലാ പിന്തുണയും നൽകുന്നതെന്ന് പ്രചരിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാർ ഒപ്പിട്ടത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദാനിയുമായി കരാർ ഉണ്ടാക്കിയത് യുഡിഎഫ് സർക്കാരാണെന്ന സത്യം നിലനിൽക്കെ, എൽഡിഎഫ് സർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മംഗലാപുരം പ്രത്യേക വിമാനത്തിൽ അദാനിയുടെ വക്താക്കൾക്കൊപ്പം എന്തിനാണ് യാത്ര നടത്തിയതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. അദാനിക്ക് എല്ലാ പിന്തുണയും നൽകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് എന്നായിരുന്നു അദ്ദേഹം ആദ്യം വിശദീകരിച്ചിരുന്നത്. എൽഡിഎഫുമായി അദാനി ഡീൽ ഉണ്ടാക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെയും ആരോപണം. പദ്ധതിയുടെ 49 ശതമാനം ഓഹരികൾ വിൽക്കാനായി സംസ്ഥാന സർക്കാരിന്റെ അറിവില്ലാതെ കേന്ദ്രത്തെ സമീപിച്ച നടപടിയുടെ അടിസ്ഥാനമെന്താണെന്ന് മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും വിശദീകരിക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചർച്ചകൾ നടന്നിട്ടില്ലേയെന്ന ചോദ്യത്തിന് ചർച്ചകൾ പലതും ഉണ്ടായിട്ടുണ്ടാകും പതിറ്റാണ്ടുകളായി വിഴിഞ്ഞം വിഷയത്തിൽ ചർച്ച നടക്കുകയല്ലേ എന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി. ആർക്കും ആരുമായിട്ടും ചർച്ച ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഇല്ല. സംസ്ഥാന സർക്കാരിന്റെ അംഗീകാരം വാങ്ങാതെ ഡീൽ ഉറപ്പിച്ചുപോയതെന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. ഓഹരി കൈമാറ്റം ഉണ്ടായിട്ടില്ല എന്ന് പറയട്ടെയെന്നും അത് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലല്ല പറയണ്ടതെന്നും നിലപാടായി പറയണമെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ വിവാദത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ കത്തിലൂടെ ഉന്നയിച്ച ആരോപണങ്ങളെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിയിരുന്നു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്ത് ഉണ്ടായോയെന്നു വെളിപ്പെടുത്താൻ പിണറായി തയ്യാറാകുമോയെന്ന് മറുപടിയിൽ സതീശൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്ന ഗോവിന്ദന്റെ പ്രതികരണം.

Content Highlights: CPM State Secretary MV Govindan addresses allegations regarding the Adani Vizhinjam port project.