പരാജയകാരണം ബിജെപി-യുഡിഎഫ് ഡീൽ, തളിപ്പറമ്പിലെ സ്ഥാനാർഥിനിർണയത്തിൽ വീഴ്ചയുണ്ടായി- എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ബിജെപി-യുഡിഎഫ് ഡീൽ ആണെന്ന ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നും മൂന്നിടത്ത് ബിജെപി ജയിച്ചത് ഗൗരവമേറിയ വിഷയമാണെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അവതരിപ്പിച്ച അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്നും ആഴത്തിലുള്ള വിമർശനവും സ്വയ വിമർശനവും അവലോകനത്തിൽ വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമാണ്. ഭരണത്തിലെത്തി ദിവസങ്ങൾ കഴിയുമ്പോഴും ബിജെപി-യുഡിഎഫ് ഡീൽ നിലനിൽക്കുന്നു. സ്വത്വരാഷ്ട്രീയ ചിന്തകൾ ഉപയോഗിച്ച് സിപിഎമ്മിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. പരാജയം മുൻകൂട്ടി മനസ്സിലാക്കാൻ എൽഡിഎഫിന് സാധിച്ചില്ലെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരമ്പരാഗത തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു.
വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിംവിരുദ്ധ പ്രസ്താവനകൾ പാർട്ടി തള്ളിക്കളഞ്ഞിരുന്നു. എസ്എൻഎഡിപി ശ്രീനാരായണഗുരുവിന്റെ ആശയങ്ങളിൽനിന്ന് വ്യതിചലിക്കുന്ന എല്ലാ സന്ദർഭങ്ങളിലും ശക്തമായ നിലപാട് പാർട്ടി സ്വീകരിച്ചിരുന്നു. എന്നാൽ, അടുത്തകാലത്ത് വെള്ളാപ്പള്ളി നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ല എന്ന പൊതു അവബോധം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായി. ഇത്തരത്തിൽ രൂപപ്പെട്ട സംശയത്തെ ദൂരീകരിക്കുന്ന തരത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചുവെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരാജയം പാർട്ടി കേരളത്തിലുടനീളം പരിശോധിച്ചു. എല്ലാ വിഭാഗങ്ങളിൽനിന്നും വോട്ടുകൾ കുറേശ്ശെയായി എൽഡിഎഫിന് കുറവുണ്ടായിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗം പൂർണ്ണമായി ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തിയെന്ന് പറായാനാകില്ല. എസ്ഐആർ ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായിക്കിയിട്ടുള്ള ആശങ്ക ലീഗ്, ജമാഅത്ത് ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് നല്ലപോലെ ഉപയോഗിച്ചു.
എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയൻ ആണെന്ന കള്ളപ്രചാരണവേലയും നടത്തി. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽനിന്ന് മാറ്റി. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ശ്രമമാണ് മുസ്ലിം ലീഗ് നടത്തിയത്. മതനിരപേക്ഷ കേരളത്തിൽ വളരെ അപകടകരമായ ഒന്നാണ് ഇത്. ദുരവ്യാപകമായ ഫലമുണ്ടാക്കുന്ന ഒന്നാണ് ഇത്. മതനിരപേക്ഷ ഉള്ളടക്കത്തെ അംഗീകരിച്ചു പോകുന്ന സമീപനമായിരുന്നു മുമ്പ് ലീഗ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ, അത് മാറ്റി മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് ശ്രമിച്ചു. ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസും അതിന് കൂട്ടുനിന്നു.
അപ്രതീക്ഷിതമായ വലിയ തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായത്. ലോകത്ത് പൊതുവെ വലതുപക്ഷ സ്വാധീനം ശക്തിപ്പെട്ടു വന്നു. ഇന്ത്യയുൾപ്പെടെയുള്ളിടങ്ങളിൽ വലതുപക്ഷ വത്കരണത്തിന്റെ വലതുപക്ഷത്തിന്റെ സ്വാധീനം കേരളത്തിന്റെ ചിന്താമണ്ഡലങ്ങളിലും ഉണ്ട്. കേരളം ഒറ്റപ്പെട്ട ഒരു തുരുത്തുപോലെ നിൽക്കുകയല്ല. ലോക സമ്പദ്വ്യവസ്ഥയുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ട് നിൽക്കുന്ന നാടാണ് കേരളം. നിർമ്മാണ മേഘലയിൽ ഉൾപ്പെടെയുള്ള പരമ്പരാഗത മേഖലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാനായിട്ടില്ല എന്നത് താഴെത്തട്ടിൽനിന്ന് ചർച്ചയിൽ ഉയർന്നു വന്നു. ഈ അസംതൃപ്തി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതികൂലമായി ബാധിച്ചു.
30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകുകയും ചില മണ്ഡലങ്ങളിൽ യുഡിഎഫിന് ജയിക്കാൻ സാധിക്കില്ലെന്ന കണ്ട് ബിജെപിക്ക് ജയിക്കാൻ വോട്ടു നൽകുന്ന യുഡിഎഫ്- ബിജെപി ഡീൽ ഉണ്ടായി. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തുകൊണ്ട് പിണറായി വിജയനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ കേരളത്തിൽ വന്ന് പ്രസംഗിച്ചത്. എന്നാൽ, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രേരണയോടെയാണ് പിണറായിക്കെതിരായി കേന്ദ്ര ഏജൻസികൾ ഇടപെടണമെന്ന ആവശ്യമുന്നയിച്ചതെന്ന് ഇന്ത്യ കൂട്ടായ്മയുടെ യോഗത്തിൽ രാഹുൽ ഗാന്ധി തന്നെയാണ് പറഞ്ഞത്.
ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് നേതാവായ ഹിറ്റ്ലറിൽനിന്ന് ആവേശം ഉൾക്കൊണ്ടാണ് താൻ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവായ തെലങ്കാന മുഖ്യമന്ത്രി പരസ്യമായി നിലപാട് സ്വീകരിച്ചു. ലോകം കണ്ട ഏറ്റവും ക്രൂരനായ ഫാസിസ്റ്റ് നേതാവിന്റെ അനുയായിയെപ്പോലെയാണെന്നാണ് രേവന്ദ് റെഡ്ഡിയുടെ നിലപാട് ചൂണ്ടിക്കാട്ടുന്നത്. ഇതും അടിയന്തരാവസ്ഥാ കാലഘട്ടവും കൂട്ടിച്ചേർത്താൽ, ഏത് തരത്തിലുള്ള അമിതാധികാര നിലപാടും മനസ്സുകൊണ്ട് സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നവരാണ് കോൺഗ്രസിലെ വലിയൊരു വിഭാഗം എന്ന് വ്യക്തമാകും.
അതേപോലെ പ്രധാനപ്പെട്ട മറ്റൊന്നാണ്, മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.ഡി. സതീശൻ അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായും എൻഡിഎ ഘടകകക്ഷി നേതാക്കളുമായും മംഗലാപുരത്ത് വെച്ചുള്ള കൂടിക്കാഴ്ച. പിന്നിൽ എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
തുറമുഖവകുപ്പ് മുഖ്യമന്ത്രി സ്വയം ഏറ്റെടുത്തു. കേരളത്തിലേയും കർണാടകത്തിലേയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം അവതരിപ്പിച്ചു. ഇപ്പോൾ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് ബന്ധപ്പെട്ടുള്ള കാര്യങ്ങൾ. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വി.സിയായി ആർഎസ്എസ് നേതാവിനെയാണ് നിശ്ചയിച്ചത്. സംഘപരിവാറിന്റെ ഭാഗമായ 19 പേരെ എം.ജി. യൂണിവേഴ്സിറ്റിയിൽ സെനറ്റ് അംഗങ്ങളായി തീരുമാനിച്ചു. ഗവർണറുടെ നടപടിക്കെതിരായി ഒരക്ഷരം പറയാൻ സർക്കാരോ വിദ്യാഭ്യാസവകുപ്പ് മന്ത്രിയോ തയ്യാറല്ല. കാവിവത്കരണം നിലപാടിനെതിരായ സമീപനം ഇടതുപക്ഷം എല്ലാ സന്ദർഭത്തിലും ശക്തമായി ഉയർത്തിയതാണ്. എന്നാൽ, യാതൊരു പ്രതികരണമോ പ്രതിഷേധമോ ഇല്ലാതെ സർവകലാശാല പൂർണമായും ഉന്നതവിദ്യാഭ്യാസം കാവിവത്കരണത്തിലേക്ക് നയിക്കുന്ന സമീപനത്തിന് കൂട്ടുനിൽക്കുന്നതാണ് ഇവിടെ കണ്ടത്. ഇത് കോൺഗ്രസ്- ബിജെപി ഡീൽ വ്യക്തമാക്കുന്നതാണ്.
കേരളത്തിൽ മൂന്ന് സീറ്റിൽ ബിജെപി ജയിച്ചത് അതീവ ഗൗരവതരമാണ്. റിസൾട്ട് പ്രഖ്യാപിച്ച ശേഷം രാജീവ് ചന്ദ്രശേഖർ പറഞ്ഞത്, ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ടത് സിപിഎമ്മിനെയും ഇടതുപക്ഷത്തേയും ആണ് എന്നാണ്. അന്ന് അത് എത്രത്തോളമെന്ന് ജനങ്ങൾക്ക് വ്യക്തതയില്ലായിരുന്നു. 30 നിയോജകമണ്ഡലത്തിൽ യുഡിഎഫിന് ബിജെപി വോട്ടുകൾ അനുകൂലമായി മറിച്ച പശ്ചാത്തലത്തിലാണ് ഈ കാര്യം പറഞ്ഞത് എന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നു. സിപിഎം-ബിജെപി ഡീൽ എന്ന പ്രചാരണം നടത്തി കൃത്യമായ അജണ്ടവെച്ച് ബിജെപി വോട്ടും കോൺഗ്രസ് വോട്ടും പരസ്പരം കൈമാറുന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും ഗോവിന്ദൻ പറഞ്ഞു.
Content Highlights: MV Govindan attributes LDF defeat to an alleged BJP-UDF vote-sharing deal., Claims 30 constituencies saw BJP votes transferred to UDF., Identifies communal polarization and identity politics as factors in the loss., Criticizes Congress for aligning with RSS-linked elements in education and governance., Admits LDF failed to address traditional labor sector grievances effectively.