‘കോടതിയെ കളിയാക്കുന്നോ’; മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് രൂക്ഷവിമർശനം, ഹാജരായത് റോജി മാത്രം

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ച് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. മുട്ടിൽ മരംമുറി വിൽപ്പന വഞ്ചനക്കേസ് പരിഗണിക്കുന്നതിനിടെയാണ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരേ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ രൂക്ഷവിമർശനം. കോടതിയിൽ ഹാജരാകാതിരുന്ന പ്രതികൾ കോടതിയെ കളിയാക്കുകയാണോയെന്ന് കോടതി ചോദിച്ചു. കേസിലെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരായത്.
കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്നതിനെ കോടതി അതീവ ഗൗരവത്തോടെയാണ് കണ്ടത്. പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ മാത്രമാണ് കോടതിയിൽ നേരിട്ട് ഹാജരായത്. ഇതിന് പിന്നാലെയാണ് കോടതി വിമർശനമുന്നയിച്ചത്.
വിചാരണനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. വയനാട് വനഭൂമിയിൽനിന്ന് മരംമുറിച്ചെന്ന കേസിൽ തീരുമാനമുണ്ടാകുംവരെ മജിസ്ട്രേറ്റ് കോടതിയിലെ വിചാരണനടപടികൾ നിർത്തിവെക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, ഈ ആവശ്യം ഹൈക്കോടതി തള്ളുകയും ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ചോറ്റാനിക്കര കോടതിയിൽ ഹാജരായപ്പോൾ ഈ കേസ് പരിഗണിക്കാൻ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന വാദമുന്നയിച്ച് പ്രതികൾ പുതിയ ഹർജി നൽകുകയായിരുന്നു.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസ് പരിഗണിക്കാൻ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നും ഈ കേസ് ചോറ്റാനിക്കര കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നുമാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ നൽകിയ പുതിയ ഹർജിയിലൂടെ വാദിച്ചത്. അതേസമയം, ഈ കേസ് പരിഗണിക്കാൻ അധികാരമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വിധിപറയുന്നത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.
ഈമാസം ആദ്യം കേസ് പരിഗണിക്കുന്നതിനിടെ പ്രതികൾ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് രൂക്ഷമായ വിമർശനമുന്നയിക്കുകയും പ്രതികൾക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നാലെ, മൂന്നുപേരും കോടതിയിലെത്തി ജാമ്യം നേടുകയായിരുന്നു.
Content Highlights: Chottanikkara Magistrate Court strongly criticized the Augustine brothers for failing to appear in the Muttil tree felling fraud case., Only Roji Augustine appeared in court, while Anto Augustine and Josukutty Augustine were absent.