വീഡിയോ കോൺഫറൻസ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കും; അഗസ്റ്റിൻ സഹോദരങ്ങൾക്കതിരേ കടുപ്പിച്ച് കോടതി

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട മരം വിൽപനയിലെ വഞ്ചനാക്കേസിൽ പ്രതികൾ ഹാജരാകാത്തതിനെ തുടർന്ന് ചൊറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി നിലപാട് കടുപ്പിച്ചു. വിചാരണയ്ക്ക് തടസ്സമായി ഏന്തെങ്കിലുംതരത്തിലുള്ള സ്റ്റേ ഉണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. അല്ലാത്തപക്ഷം പ്രതികൾക്ക് വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാകുന്നതിന് നൽകിയിട്ടുള്ള അനുമതി റദ്ദാക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.
കേസിൽ പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ള കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശമുണ്ടായിരുന്നു. കേസിലെ മൂന്ന് പ്രതികൾക്കും വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നതിനായി അനുമതി നൽകിയിരുന്നുവെങ്കിലും ഇവർ മൂന്നുപേരും കോടതിയിൽ ഹാജരായില്ല. വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്ന കാരണത്താലാണ് ഇന്ന് ഹാജരാകാതിരുന്നത് എന്നാണ് കോടതിയെ അറിയിച്ചത്.
ഇതേത്തുടർന്നാണ് കോടതി കടുത്ത നിലപാട് സ്വീകരിച്ചത്. സ്റ്റേ ഉണ്ടെങ്കിൽ അത് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം മൂന്ന് പ്രതികൾക്കും വീഡിയോ കോൺഫറൻസ് മുഖേന ഹാജരാകാൻ നൽകിയ അനുമതി റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി ഈ മാസം 11-ാം തീയതിയാണ് കോടതി പരിഗണിക്കുന്നത്.
നാളെ ഹൈക്കോടതിയിൽനിന്ന് പ്രതികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായാൽ 11-ാം തീയതി ഇവർ ഹാജരാകേണ്ടി വരില്ല. എന്നാൽ, ഹൈക്കോടതിയിൽനിന്ന് തിരിച്ചടി നേരിടുകയാണെങ്കിൽ സ്വാഭാവികമായും പ്രതികൾ 11-ാം തീയതി ഹാജരാകേണ്ടിവരും.