മുട്ടിൽ മരംമുറി; കുറ്റപത്രത്തിൽ പിഴവുകളുണ്ടായി, പരിശോധന നടത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

#ന്യൂസ് ഡെസ്ക്
ഷിബു ബേബി ജോൺ | ചിത്രം: പ്രവീൺ ദാസ് എം., മാതൃഭൂമി
ഷിബു ബേബി ജോൺ | ചിത്രം: പ്രവീൺ ദാസ് എം., മാതൃഭൂമി

കൊല്ലം: മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചില പിശകുകളുണ്ടെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ക്ലറിക്കൽ പിഴവുകൾ ഉൾപ്പെടെയുള്ളവ കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് അത് മടക്കിയത്. കുറ്റപത്രത്തിലെ പിഴവുകൾ ബോധപൂർവം പ്രതികളെ സഹായിക്കാനാണോ അല്ലയോ എന്നത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പി.സി.സി.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ 108 ഈട്ടി മരങ്ങൾ മുറിച്ചത് വനംവകുപ്പ് നേരത്തേ പിടിച്ചെടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിൽ ഒൻപത് മരങ്ങൾ മുറിച്ചുമാറ്റിയത് പട്ടയഭൂമിയിൽനിന്നല്ലെന്ന് വ്യക്തമായിട്ടുണ്ട്. തടിവെട്ടിയ സ്ഥലത്ത് മരത്തിന്റെ കുറ്റി കാണിച്ചുകൊടുക്കാൻ പ്രതികൾക്ക് സാധിക്കാതെ വന്നതോടെ വനഭൂമിയിൽനിന്നാണ് മരംമുറിച്ചതെന്ന വനംവകുപ്പ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാദ റവന്യൂ ഉത്തരവിന്റെ മറവിൽ തട്ടേക്കാട് ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ വ്യാപകമായി മരംമുറി നടന്നിട്ടുണ്ട്. വിവാദ റവന്യൂ ഉത്തരവ് ഇറക്കാനുള്ള കാരണത്തെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മടക്കിയയച്ചിരുന്നു. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കുറ്റപത്രം നൽകുന്നതിലുണ്ടായ കാലതാമസം വ്യക്തമാക്കുന്ന രേഖ കുറ്റപത്രത്തോടൊപ്പമില്ലെന്നതും മറ്റു സാങ്കേതിക പിഴവുകളുമാണ് കാരണമായിപ്പറഞ്ഞത്. പുതുക്കിയ കുറ്റപത്രം വീണ്ടും സമർപ്പിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ തടികൾ എറണാകുളം കരിമുകളിൽനിന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് ഇപ്പോൾ വനംവകുപ്പ് കുറ്റപത്രം നൽകിയത്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന ഈ വഞ്ചനാ കേസിൽ വനംവകുപ്പ് കുറ്റംപത്രം നൽകിയിട്ടില്ലായെന്ന വാദം പ്രതികൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് തിരക്കിട്ട് ഈ ഒരു കേസിൽ വനംവകുപ്പ് കുറ്റപത്രം നൽകിയത്.