മുതലപ്പൊഴി ദുരന്തം: കടലിൽ കാണാതായ ഫ്രീമോന്റെ മൃതദേഹം കണ്ടെത്തി

#മാതൃഭൂമി ന്യൂസ്
Photo: Screengrab/Mathrubhumi News
Photo: Screengrab/Mathrubhumi News

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ (28) മൃതദേഹം കണ്ടെത്തി. അപകടസ്ഥലത്തുനിന്നും ഏകദേശം 22 കിലോമീറ്ററോളം അകലെയുള്ള കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് എൽ.പി സ്കൂളിന് സമീപത്തെ കടൽതീരത്തുനിന്നാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഫ്രീമോൻ ഉൾപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന വള്ളം മുതലപ്പൊഴിയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

കടലിൽ കാണാതായ ഫ്രീമോനായി കോസ്റ്റ് ഗാർഡിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഫ്രീമോൻ എവിടെയെങ്കിലും നീന്തി രക്ഷപ്പെട്ട് എത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.

ഞായറാഴ്ച രാവിലെ തീരത്തെത്തിയ പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കാറ്റ് കരയിലേക്ക് അടിച്ചതിനെത്തുടർന്ന് മൃതദേഹം ഇത്രയും ദൂരേക്ക് എത്തിയതാകാമെന്ന് കരുതപ്പെടുന്നു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: The body of Freemon, who went missing in the Mutalapozhi boat accident, was recovered at Kannanthura.