മരണത്തോട് മല്ലിട്ട് നടുക്കടലിൽ മണിക്കൂറുകൾ! രക്ഷകരായി കോസ്റ്റ് ഗാർഡ്; അനുഭവം പങ്കുവെച്ച് റെക്സി

#ന്യൂസ് ഡെസ്ക്
Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കടലാക്രമണത്തിലും മോശം കാലാവസ്ഥയിലുംപ്പെട്ട് നടുക്കടലിൽ മണിക്കൂറുകളോളം ജീവനുവേണ്ടി പോരാടിയ ഭീതിജനകമായ അനുഭവം പങ്കുവെച്ച് മത്സ്യത്തൊഴിലാളിയായ റെക്സി. അപകടത്തിൽപ്പെട്ട തങ്ങൾക്ക് നേരെ രക്ഷകരായി എത്തിയത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആണെന്ന് റെക്സി പറഞ്ഞു.

മുതലപ്പൊഴി ഭാഗത്ത് വെച്ചാണ് റെക്സിയും സംഘവും സഞ്ചരിച്ചിരുന്ന വള്ളം അപകടത്തിൽപ്പെട്ടത്. വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കടലിലെ ശക്തമായ തിരമാലകളിലും കാറ്റിലുംപ്പെട്ട് മണിക്കൂറുകളോളം കരയിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിക്കിടക്കുകയുമായിരുന്നു. രാത്രി 9.30നായിരുന്നു വള്ളം അപകടത്തിൽപ്പെട്ടത്. രാവിലെ 6.30 വരെ വള്ളത്തിന് മുകളിൽ നിന്ന് മരണത്തോട് മല്ലടിക്കുകയായിരുന്നു റെക്സി. വള്ളത്തിന്റെ പുറത്ത് മണിക്കൂറുകളോളം കിടക്കേണ്ടി വന്നുവെന്നും വിഴിഞ്ഞം അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളി റെക്സി പറഞ്ഞു.

"ജീവനിൽ പ്രതീക്ഷയറ്റ നിമിഷങ്ങളായിരുന്നു അത്. നടുക്കടലിൽ മണിക്കൂറുകളോളം എന്തുചെയ്യണമെന്നറിയാതെ കിടന്നു. ഒടുവിൽ കോസ്റ്റ് ഗാർഡിന്റെ സമയോചിതമായ ഇടപെടലാണ് ഞങ്ങളുടെ ജീവൻ തിരികെ നൽകിയത്," എന്ന് റെക്സി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.

“ഞങ്ങൾ വല വലിക്കുകയായിരുന്നു. ഈ സമയത്ത് ഞാൻ ദൂരേക്ക് തെറിച്ചു. നോക്കിയപ്പോൾ വള്ളവും കൂടെ ഉള്ളവരേയും കാണാനില്ല. തിരിഞ്ഞ് നോക്കിയപ്പോൾ പന്ത്രണ്ടടി ദൂരത്തായി വള്ളം കിടക്കുന്നുണ്ട്. ഞാൻ അവിടെക്ക് പോയി. കൂടെ ഉള്ളവരേയും പിടിക്കാൻ നോക്കി. പിന്നെ വള്ളത്തിന് പുറത്ത് കയറി. ഈ സമയം വള്ളത്തിൽ നിന്ന് എല്ലാം ഒഴുകിക്കൊണ്ടിരുന്നു. വള്ളക്കാരെ ആരേയും വിളിച്ച് വന്നില്ല. മൂന്നുപേരും തണുപ്പത്ത് മഴയും കാറ്റും കൊണ്ട് വള്ളത്തിന് മുകളിൽ ഇരുന്നു. നേരം വെളുക്കാറായി. ഇതിനിടെയാണ് എവിടെ നിന്നോ ഒരു ബോട്ട് വന്നത്. അവര് ഞങ്ങളുടെ ജീവൻ രക്ഷിച്ചു. ബോട്ടിന്റെ പൊടിപോലും കിട്ടിയില്ല. ആശുപത്രിയിൽ പോണം. പക്ഷെ കൈയിൽ പണമൊന്നും ഇല്ല”- റെക്സി പറയുന്നു.

വള്ളം അപകടത്തിൽപ്പെട്ടുവെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ കോസ്റ്റ് ഗാർഡ് കപ്പലും സംഘവും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് കടലിൽ കുടുങ്ങിയവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. തുടർച്ചയായി മുതലപ്പൊഴി കേന്ദ്രീകരിച്ച് ഉണ്ടാകുന്ന വള്ളം അപകടങ്ങൾ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ഭീതിയിലാഴ്ത്തുകയാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ഉണ്ടാകണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

Content Highlights: Fisherman Rexi survived hours in rough seas after his boat capsized at Mutalapozhi., The accident occurred due to severe weather and strong tidal waves., The Indian Coast Guard successfully rescued the fishermen after a night-long struggle., Fishermen are demanding better safety measures at the Mutalapozhi harbor.