നാസർ ഫൈസി നിർവഹിച്ചത് പണ്ഡിത ധർമം, റഹ്മത്തുള്ള സഖാഫിയുടെ വിമർശനം സിപിഎമ്മിന്റെ ചുവടുപിടിച്ച്–തഹ്‌ലിയ

റഹ്മത്തുള്ള സഖാഫി, എളമരം, അഡ്വ. ഫാത്തിമ തഹ്ലിയ, നാസർ ഫൈസി കൂടത്തായി
റഹ്മത്തുള്ള സഖാഫി, എളമരം, അഡ്വ. ഫാത്തിമ തഹ്ലിയ, നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: മതനേതാക്കള്‍ വിമര്‍ശനമുന്നയിക്കുന്നതില്‍ തെറ്റില്ലെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് കുറ്റിച്ചിറ വാര്‍ഡില്‍നിന്ന് യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച സ്ഥാനാര്‍ഥിയുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ. മതവിശ്വാസികള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നതാണ് നാസര്‍ ഫൈസി കൂടത്തായിയുടെ സന്ദേശമെന്നും തഹ്‌ലിയ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്‌ലിം സ്ത്രീകള്‍ രംഗത്തിറങ്ങുന്നതിനെതിരേ ഇരു സമസ്ത നേതൃത്വവും രംഗത്തുവന്ന സാഹചര്യത്തിലാണ് തഹ്‌ലിയയുടെ പരാമര്‍ശം.

മലപ്പുറം തെന്നലയില്‍ സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവ് സെയ്താലി മജീദിനെതിരേയും തഹ്‌ലിയ രംഗത്തെത്തി. സെയ്താലി മജീദിനെതിരേ പോലീസില്‍ പരാതി നല്‍കുകയും അതില്‍ കേസെടുക്കുകയും ചെയ്തു. നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് ആ പ്രദേശത്തുള്ളവര്‍ തീരുമാനിച്ചിട്ടുള്ളതെന്നും തഹ്‌ലിയ വ്യക്തമാക്കി.

നാസര്‍ ഫൈസി കൂടത്തായിയുടെ മുസ്ലിം സ്ത്രീ-പുരുഷ സങ്കലനം പാടില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലും തഹ്‌ലിയ മറുപടി നല്‍കി. നാസര്‍ ഫൈസി ഒരു മതനേതാവാണെന്നും ആ രൂപത്തിലുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും തഹ്‌ലിയ വ്യക്തമാക്കി. മതവിശ്വാസി എന്ന നിലയ്ക്ക് മതത്തിന്റെ സൂക്ഷ്മതകള്‍ പുലര്‍ത്തണം എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. മതസ്വാതന്ത്ര്യത്തിന് അവകാശമുള്ള നാട്ടില്‍ ആ രൂപത്തിലുള്ള അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയത്. ലീഗിനെതിരേയാണ് അദ്ദേഹത്തിന്റെ വിമര്‍ശനമെന്നത് നമ്മുടെ വായനയാണ്. അദ്ദേഹം ഒരു മതനേതാവ് എന്ന നിലയ്ക്കാണ് പ്രസ്താവന നടത്തിയതെന്ന് വിശ്വസിക്കുന്നു. അതിനെ വേറെ തലത്തില്‍ കാണേണ്ടതില്ല. മതത്തെ പ്രതിനിധാനം ചെയ്യുന്ന പണ്ഡിതനേതാവെന്ന നിലയ്ക്ക് ആ രൂപത്തിലുള്ള അഭിപ്രായപ്രകടനം നടത്താന്‍ നൂറ് ശതമാനം അദ്ദേഹത്തിന് അവകാശമുണ്ടെന്നും തഹ്‌ലിയ പറഞ്ഞു.

വെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്വാധീനം ലീഗിലേക്ക് വന്നു എന്ന കാന്തപുരം വിഭാഗം സമസ്ത നേതാവ് റഹ്‌മത്തുള്ള സഖാഫിയുടെ വിമര്‍ശനത്തോടും തഹ്‌ലിയ പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് കൂട്ടുകെട്ട് എന്നതു സംബന്ധിച്ച സംസാരം ഇടതുപക്ഷം നടത്തുന്നതാണ്. ആ ചുവടുപിടിച്ചാണ് കാന്തപുരം വിഭാഗം നേതാവ് നടത്തിയ പ്രസ്താവന. മുന്‍പ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി ജയിച്ചവരാണ് സിപിഎമ്മെന്നും തഹ്‌ലിയ കുറ്റപ്പെടുത്തി.

അതേസമയം ലീഗ് ലീഗിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ലീഗിന്റെ നയങ്ങള്‍ ലീഗ് നേതൃത്വമാണ് പറയുക. ചരിത്രപരമായി ലീഗിന്റെ സഞ്ചാരം പരിശോധിച്ചാല്‍, അതിന്റെ തുടക്കകാലം മുതല്‍ സ്ത്രീ സാന്നിധ്യമുണ്ട്. പിന്നീട് മത്സരരംഗത്തേക്കും സ്ത്രീകള്‍ വന്നിട്ടുണ്ട്. പണ്ഡിതരുടെയൊക്കെ അഭിപ്രായങ്ങളൊക്കെ കണക്കിലെടുത്തുതന്നെയാണ് ലീഗ് മുന്നോട്ടുപോയിട്ടുള്ളതെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.

Content Highlights: Adv. Fathima Thahliya Defends Religious Leaders' Criticism, Upholds Muslim Women's Political Participation