സമസ്തയിൽ ഭിന്നതയില്ലെന്ന് ജിഫ്രി തങ്ങള്‍; ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാതെ സമവായ ചർച്ച അവസാനിച്ചു

സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി,ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,  എന്നിവര്‍ |ഫോട്ടോ:മാതൃഭൂമി
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി,ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എന്നിവര്‍ |ഫോട്ടോ:മാതൃഭൂമി

മലപ്പുറം: സമസ്തയിൽ രണ്ടു വിഭാ​ഗമില്ലെന്നും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇപ്പോഴില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറത്തുവെച്ചു നടന്ന ലീ​ഗ്- സമസ്ത സമവായ ചർച്ചയ്ക്കു ശേഷം നേതാക്കൾ സംയുക്തമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാത്തതെയാണ് ചർച്ച അവസാനിച്ചത്.

ലീഗ് വിരുദ്ധ വിഭാഗത്തിന്റെ അസാന്നിധ്യത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിലർ വരാൻ സാധിക്കില്ലെന്ന് അസൗകര്യം അറിയിച്ചെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. 

'അഭിപ്രായ വ്യത്യാസങ്ങളൊക്കെ സ്വാഭാവികമാണ്. പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകുക എന്നത് എല്ലാവരുടെയും ആ​ഗ്രഹമാണ്. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല. ആരുടേയെങ്കിലും പേരിൽ നടപടിയെടുക്കാൻ വേണ്ടിയുള്ളതല്ല ചർച്ച. സമസ്തയിൽ ഭിന്നതയില്ല', അദ്ദേഹം വ്യക്തമാക്കി. സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരേ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ജിഫ്രി തങ്ങൾ തയ്യാറായില്ല. മുനമ്പം വിഷയം സമസ്ത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അഭിപ്രായ വ്യത്യാസമുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും കൂടിയിരുന്ന് ആലോചിച്ച് അതിനൊരു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ചർച്ച വെച്ചതെന്നും ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 'ചർച്ചയിലേക്ക് എല്ലാവരേയും വിളിച്ചുചേർത്തിരുന്നു. വിമത വിഭാ​ഗമെന്നോ ഔദ്യോ​ഗിക വിഭാ​ഗമെന്നോ ഉള്ള ചേരിതിരിവ് ഇല്ല. എല്ലാവരും ഔദ്യോ​ഗിക വിഭാ​ഗമാണ്. കുറച്ചുപേർ വന്നു, കുറച്ചുപേർക്ക് വരാൻ സാധിക്കില്ലെന്നു പറഞ്ഞു. സമസ്ത ഒറ്റക്കെട്ടായി പോകണമെന്നത് സുന്നികളുടെ മാത്രം ആവശ്യമല്ല. അത് സമൂഹത്തിന്റെ ആവശ്യമാണ്. അതിന് വീഴ്ച വരാൻ പാടില്ലാ എന്ന ഉദ്ദേശത്തോടെയാണ് ചർച്ച നടത്തിയത്. പങ്കെടുക്കാത്ത വിഭാ​ഗവുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തും', അദ്ദേഹം വ്യക്തമാക്കി. 

ഓരോ വിഷയങ്ങൾ ഉണ്ടാകുമ്പോഴും ഇത്തരം ചർച്ചകൾ പതിവുള്ളതാണെന്നും അസാധാരണമായി ഒന്നുമില്ലെന്നും  പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അനുരഞ്ജന നീക്കത്തിനുള്ള മുസ്‌ലിംലീഗ് നീക്കത്തിന് തിരിച്ചടിയായാണ് ഇന്നു ചേർന്ന ചർച്ചയിൽനിന്ന് ലീഗ് വിരുദ്ധ വിഭാഗം പിന്മാറിയത്. ഹമീദ് ഫൈസി അമ്പലക്കടവ് നേതൃത്വം നല്‍കുന്ന വിഭാഗമാണ് ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങിയത്. 11-ന് നടക്കുന്ന സമസ്ത മുശാവറയ്ക്ക് ശേഷം മതി രാഷ്ട്രീയ നേതൃത്വവുമായുള്ള ചര്‍ച്ച എന്നാണ് ഇവരുടെ വാദം. ലീഗ് അനുകൂല വിഭാഗത്തില്‍നിന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവരാണ് യോ​ഗത്തിൽ പങ്കെടുത്തത്. ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളില്‍നിന്നും പത്തുപേരെ വീതം പങ്കെടുപ്പിക്കാമെന്നായിരുന്നു നിര്‍ദേശം. 

സമസ്തയില്‍ കുറച്ചുവര്‍ഷമായി തുടരുന്ന അസ്വാരസ്യങ്ങള്‍ കൂടുതല്‍ മറനീക്കിയത് സാദിഖലി തങ്ങളുടെ ഖാസി സ്ഥാനത്തെ ഉമര്‍ ഫൈസി മുക്കം ചോദ്യംചെയ്തതോടെയാണ്. ഉമര്‍ ഫൈസിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തുവന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തില്‍ വന്ന എല്‍.ഡി.എഫ്. പരസ്യം ഭിന്നത രൂക്ഷമാക്കി. പത്രത്തില്‍ നയത്തിനു വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു കാണിച്ച് 18 ഡയറക്ടര്‍മാര്‍ ജിഫ്രി തങ്ങള്‍ക്ക് കത്തും കൈമാറി.

പാണക്കാട് കുടുംബത്തെയും ലീഗിനെയും സംഘടനയിലെ ചിലര്‍ തുടര്‍ച്ചയായി ആക്രമിക്കുന്നത് പ്രതിരോധിക്കാന്‍ ലീഗ് അനുകൂലവിഭാഗം സമസ്ത ആദര്‍ശ സംരക്ഷണസമിതിയുണ്ടാക്കി. ഇവര്‍ വ്യാഴാഴ്ച മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അടുത്ത മുശാവറ യോഗം ചേരുന്നതിനു മുന്‍പ് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ ഉറപ്പ്. ഇതിന്റെ ഭാഗമായിരുന്നു ഇന്നത്തെ സമവായ ചര്‍ച്ച.

Content Highlights: Muslim League samastha Consensus discussion at malappuram