ലീഗിൽ ഒറ്റപ്പദവി കർശനമാക്കുന്നു; മന്ത്രിമാരും എം.എൽ.എ.മാരും പാർട്ടിയിലെസ്ഥാനങ്ങൾ ഒഴിയണം

#ഫഹ്‌മി റഹ്‌മാനി
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പി.എം.എ. സലാം, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ  | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പി.എം.എ. സലാം, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

മലപ്പുറം: ഒരാൾക്ക് ഒരുപദവിയെന്ന സംഘടനാ തീരുമാനം കർശനമായി നടപ്പാക്കാൻ മുസ്‌ലിം ലീഗ്. മന്ത്രിമാരും എം.എൽ.എ.മാരും പാർട്ടി പദവികൾ ഉടൻ ഒഴിയണം. സംസ്ഥാന ഭാരവാഹിസ്ഥാനം ഒഴിയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി നിലനിർത്തും.

മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യത്തിൽ നിർദേശംനൽകിയത്. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവർ ലീഗിലെയും പോഷക സംഘടനകളിലെയും പദവികൾ ഒഴിയണമെന്നാണ് നിർദേശം. അവർ ജനപ്രതിനിധി എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സംഘടനാ ചുമതലകളിൽ കൂടുതൽപേർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് നടപടി.

ഒരാൾക്ക് ഒരുപദവി എന്ന നിർദേശവുമായി സംസ്ഥാന കമ്മിറ്റി നേരത്തേതന്നെ സർക്കുലർ ഇറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷരും ഉപാധ്യക്ഷരും സ്ഥിരംസമിതി അധ്യക്ഷരുമാകുന്നവർക്കടക്കം ഒറ്റപ്പദവി നിർദേശം ബാധകമാണ്. തദ്ദേശതലത്തിൽ നിർദേശം ഭാഗികമായെങ്കിലും നടപ്പാക്കി. എന്നാൽ, എം.പി.മാരും എം.എൽ.എ.മാരും പാർട്ടി ഭാരവാഹിത്വത്തിലും തുടർന്നു. ഈ സാഹചര്യത്തിലാണ് ഒറ്റപ്പദവി തീരുമാനം നടപ്പാക്കണമെന്ന് വീണ്ടും നിർദേശിച്ചത്.

എം.എൽ.എ. ആയി തിരഞ്ഞെടുത്ത എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞു. നവാസ് ഉൾപ്പെടുന്ന സംസ്ഥാന കമ്മിറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചിരുന്നു. കൂടുതൽപേർ ഉടൻ പാർട്ടി ഭാരവാഹിത്വം ഒഴിഞ്ഞേക്കും. അഞ്ച് ലീഗ് മന്ത്രിമാരിൽ നാലുപേർക്കും നിലവിൽ പാർട്ടി ഭാരവാഹിത്വമുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും അഡ്വ. എൻ. ഷംസുദ്ദീനും കെ.എം. ഷാജിയും സംസ്ഥാന സെക്രട്ടറിമാരുമാണ്. അഡ്വ. വി.ഇ. അബ്ദുൽഗഫൂർ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ്.

എം.എൽ.എ.മാരായ ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള (ലീഗ് സംസ്ഥാന സെക്രട്ടറിമാർ), കല്ലട്ര മാഹിൻ (കാസർകോട് ജില്ലാ പ്രസിഡന്റ്), എം.എ. റസാഖ് (കോഴിക്കോട് ജില്ലാ പ്രസിഡന്റ്), അഡ്വ. എം. റഹ്‌മത്തുള്ള (എസ്.ടി.യു. ദേശീയ പ്രസിഡന്റ്), പി.കെ. ഫിറോസ് (യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി), ടി.പി. അഷ്‌റഫലി (യൂത്ത്‌ലീഗ് ദേശീയ ജനറൽ സെക്രട്ടറി), ഫാത്തിമ തഹിലിയ (യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി) തുടങ്ങിയവരും സംഘടനാ ഭാരവാഹികളാണ്. എം.പി.മാരും സംഘടനാ ചുമതലകളിലുണ്ട്. യു.ഡി.എഫ്. സർക്കാരിന്റെ ഭാഗമായി പുതിയ പദവികൾ കിട്ടിയവർക്കും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമനം നേടിയവർക്കും സംഘടനാ പദവികൾ ഒഴിയേണ്ടി വന്നേക്കും.

Content Highlights: Muslim League enforces strict one-person-one-post policy., Ministers and MLAs must vacate party positions., Goal is to decentralize power and create opportunities for more members., Applicable to MPs, MLAs, and local body heads., Party leadership emphasizes focus on representative duties.