മുസ്ലീം ലീഗ് ആശയകുഴപ്പത്തില്‍; നടപടിയെടുത്താല്‍ ഒരു ബഷീറില്‍ ഒതുങ്ങില്ല - പി.മോഹനന്‍
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. ഇത്തരം നടപടികള്‍ ലീഗും യു.ഡി.എഫും ചെന്നുപെട്ടിട്ടുള്ള ആശയ കുഴപ്പത്തിന്റെ സൂചനയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ ഇത്തരം സംയുക്ത സമരത്തെ പിന്തുണച്ചവരാണ് ലീഗ് നേതൃത്വം. കുഞ്ഞാലിക്കുട്ടിയെ പോലുള്ള മുതിര്‍ന്ന നേതാക്കളായിരുന്നു ഇത്തരം സമരത്തെ വളരെയധികം പിന്തുണച്ചത്. എന്നാല്‍ കെ.പി.എ മജീദിനെ പോലുള്ളവര്‍ ഇപ്പോള്‍ എതിര്‍പ്പുമായി വന്നിരിക്കുകയാണ്. ഇതാണ് ആശയക്കുഴപ്പത്തിലാണെന്ന് പറയാന്‍ കാരണം.
മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് ലീഗ് നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുകയാണെങ്കില്‍ ഒരു കെ.എം. ബഷീറില്‍ ഒതുങ്ങില്ല. അത്രത്തോളം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് പങ്കെടുത്തത്. ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യം വന്നപ്പോഴാണ് ജനങ്ങള്‍ ഒന്നടങ്കം സമരത്തില്‍ ഇറങ്ങിയത്. അതുകൊണ്ടാണ് രാഷ്ട്രീയം മറന്ന് ആളുകളെത്തിയത്. പക്ഷെ ഈ വിഷയത്തില്‍ പോലും യോജിച്ച് നില്‍ക്കാന്‍ ലീഗിന് കഴിയുന്നില്ലെന്നും പി.മോഹനന്‍ പറഞ്ഞു.
ഇതൊരു രാഷ്ട്രീയ വിഷയമായിട്ടല്ല സിപിഎമ്മും ഇടതുപക്ഷവും കാണുന്നത്. രാജ്യം ഇപ്പോഴുള്ളത് പോലെ നിലനിന്ന് പോവണമെങ്കില്‍ സമരം മാത്രമാണ് പോംവഴിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇതില്‍ ഇടത് പക്ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് ഇടത് പക്ഷത്തിന് പിന്നില്‍ ജനങ്ങള്‍ അണി നിരന്നതെന്നും ഇതില്‍ വേവലാതിപെട്ടിട്ട് കാര്യമില്ലെന്നും പി.മോഹനന്‍ ചൂണ്ടിക്കാട്ടി.
Content Highlights: Muslim League in confusion says P Mohanan
Content Highlights: