മുസ്‌ലിം ലീഗിൽ ഒറ്റപ്പദവി നടപ്പാക്കിതുടങ്ങി; മന്ത്രിമാരെയും എംഎൽഎമാരെയും സംഘടനാ ഭാരവാഹിത്വത്തിൽനിന്ന് മാറ്റി

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: മന്ത്രിമാരെയും എം.എൽ.എ.മാരെയും സംഘടനാഭാരവാഹിത്വത്തിൽനിന്നു മാറ്റി, മുസ്‌ലിം ലീഗിൽ ഒറ്റപ്പദവി നടപ്പാക്കിത്തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത നേതാക്കൾക്ക് ജില്ലാപ്രസിഡന്റ് പദവിയുൾപ്പെടെയുള്ള ഭാരവാഹിത്വം നൽകി. ഡി.വൈ.എഫ്.ഐ.യിൽനിന്ന് മുസ്‌ലിംലീഗിലെത്തിയ ശ്യാം സുന്ദറിനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. നേരത്തേ താഴെത്തട്ടിൽ ഇരട്ടപ്പദവി നടപ്പാക്കിയിരുന്നു. ഇപ്പോഴാണ് സംസ്ഥാനതലത്തിലേക്കും കൊണ്ടുവരുന്നത്. പോഷകസംഘടനാഭാരവാഹികൾക്കും ഇത് ബാധകമാണ്.

സംസ്ഥാന ഭാരവാഹികളായിരുന്ന കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ എന്നീ മന്ത്രിമാരെയും ബാക്കി എം.എൽ.എ.മാരെയുമാണ് മാറ്റിയത്. മുൻ എം.എൽ.എ. ആയിരുന്ന പി. അബ്ദുൽ ഹമീദ് (മലപ്പുറം), എ. അബ്ദുറഹിമാൻ (കാസർകോട്) എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും മുൻ എം.എൽ.എ. പി. ഉബൈദുല്ല (മലപ്പുറം), കമാൽ മാക്കിയിൽ (ആലപ്പുഴ), റഫീഖ് മണിമല (കോട്ടയം) എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മുഹമ്മദ് ടി. പാറാട് (കണ്ണൂർ), ജി. മാഹീൻ അബൂബക്കർ (തിരുവനന്തപുരം) എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ.

കാസർകോട് ജില്ലാ പ്രസിഡൻറായി മുൻ എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറിയായി പി.എം. മുനീർ ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡൻറായി ടി.ടി. ഇസ്മായിൽ, ജനറൽ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടിരി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ. എം. ഉമ്മർ, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായി അഷ്റഫ് മൂപ്പൻ, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയായി പോരേടം ബദർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നിസാർ മുഹമ്മദ് സുൽഫി, ജനറൽ സെക്രട്ടറിയായി എം. മാഹീൻ അബൂബക്കർ കാട്ടാക്കട എന്നിവരെയും തിരഞ്ഞെടുത്തു.

Content Highlights: The Muslim League has officially implemented the one-person one-post rule, removing ministers and MLAs from organizational posts and restructuring its leadership across state and district levels.