ഗുരുവിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ സംസാരിക്കുന്നത് തൊഗാഡിയയുടെ ശൈലിയിൽ-കുഞ്ഞാലിക്കുട്ടി

#ഫഹ്‌മി റഹ്‌മാനി
വെള്ളാപ്പള്ളി നടേശൻ, പി.കെ കുഞ്ഞാലിക്കുട്ടി | ഫോട്ടോ: മാതൃഭൂമി
വെള്ളാപ്പള്ളി നടേശൻ, പി.കെ കുഞ്ഞാലിക്കുട്ടി | ഫോട്ടോ: മാതൃഭൂമി

മുസ്ലിംലീഗ് പിറന്ന് എഴുപത്തിയെട്ടാം വര്‍ഷത്തിലാണല്ലോ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റുന്നത്. എന്തെല്ലാമാണ് ലക്ഷ്യമിടുന്നത്.

= ഈഘട്ടത്തില്‍ ദേശീയ ആസ്ഥാനം പൂര്‍ണമായും ഡല്‍ഹിലേക്ക് മാറ്റുന്നില്ല. പരമ്പരാഗതമായി ചെന്നൈയിലാണ് പാര്‍ട്ടിയുടെ ആസ്ഥാനം. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയൊട്ടാകെയുമുള്ള പ്രവര്‍ത്തനങ്ങളുടെ മികച്ച ഏകോപനമാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യസഖ്യത്തിലെ ഘടകകക്ഷി എന്നനിലയ്ക്ക് പാര്‍ട്ടിക്കിപ്പോള്‍ കൂടുതല്‍ സാധ്യതകളുണ്ട്. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലായി പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ പല സംസ്ഥാനത്തും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ദാറുല്‍ ഹുദ പോലുള്ള സ്ഥാപനങ്ങളും അതില്‍ പങ്കാളികളാണ്. അത്തരം പ്രവര്‍ത്തനങ്ങളെല്ലാം ഡല്‍ഹി കേന്ദ്രീകരിച്ച് ഏകോപിപ്പിക്കും. പാര്‍ട്ടിയില്‍ പുതുതായിവന്ന ഭാരവാഹികള്‍ ഊര്‍ജസ്വലരായ ചെറുപ്പക്കാരടങ്ങിയ സംഘമാണ്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ലീഗിന് ഇന്ത്യ മുന്നണിയില്‍ ഘടകകക്ഷിയാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ലീഗിനെ ദേശീയതലത്തിലേക്ക് വളര്‍ത്താന്‍ എന്തെല്ലാം കര്‍മപദ്ധതിയാണ് തയ്യാറാക്കിയത്.

= രാജ്യത്തെ ഏഴുമേഖലയായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള യുവനിര അതിന് മുന്നിട്ടിറങ്ങും.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇടപെടാനാണോ ലീഗ് ശ്രമിക്കുന്നത്. അത് എത്രകണ്ട് സാധ്യമാണ്.

= സാധ്യമാണ്. മഹാരാഷ്ട്രയുടെ കാര്യം പറയാം. നേരത്തേ അവിടെ പാര്‍ട്ടിക്ക് എംഎല്‍എയടക്കമുണ്ടായിരുന്നു. ജി.എം. ബനാത്തുവാല എംഎല്‍എ ആയിട്ടില്ലേ. അവിടെ പാര്‍ട്ടിസംവിധാനങ്ങള്‍ ഇപ്പോഴുമുണ്ട്. മതേതരമുന്നണിയില്‍ ഘടകകക്ഷിയായി ലീഗിന് പ്രവേശനം കിട്ടാത്തതാണ് പില്‍ക്കാലത്ത് തടസ്സമായത്. ശിവസേനയും ബിജെപിയുമെല്ലാം ശക്തിപ്പെട്ടുവന്നതോടെ ശരിയായ മുന്നണിസംവിധാനം പാര്‍ട്ടിക്ക് നഷ്ടമായി. ഇന്ത്യമുന്നണിയുടെ ഭാഗമായിനിന്ന് ഇനിയതിന് കഴിയും. മറ്റുസംസ്ഥാനത്തും സമാനമാണ് കാര്യങ്ങള്‍.

ദേശീയതലത്തില്‍ ലീഗ് ഇന്ത്യസഖ്യത്തില്‍ ഘടകകക്ഷിയാകുമോ.

= ഇ. അഹമ്മദ് യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോഴും ലീഗ് ദേശീയതലത്തില്‍ ഒരു മുന്നണിയുടെയും ഭാഗമായിരുന്നില്ല. ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുകയായിരുന്നു. ഇന്ത്യമുന്നണിയുടെ ഘടകകക്ഷി എന്നനിലയില്‍ ദേശീയതലത്തില്‍ രൂപപ്പെട്ട മുന്നണിസാധ്യതകളെ ലീഗ് പരമാവധി ഉപയോഗപ്പെടുത്തും. 'ഖായിദെ മില്ലത്ത് സെന്റര്‍' ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള കേന്ദ്ര ഓഫീസായി പ്രവര്‍ത്തിക്കും.

വെള്ളാപ്പള്ളി നടേശനടക്കമുള്ളവര്‍, ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്ന വിമര്‍ശനം തുടരുകയാണ്. എങ്ങനെയാണ് പ്രതിരോധിക്കുന്നത്.

= അത് പുതിയ കാര്യമല്ല. വര്‍ഗീയശക്തികള്‍ ലീഗിനെതിരേ ഇത്തരം വിമര്‍ശനങ്ങള്‍ തുടരുകയാണ്. ബഹുമതസമൂഹത്തെ കണക്കിലെടുത്ത് മതേതരനിലപാടുകളെ ആദരിച്ചുകൊണ്ടാണ് എക്കാലത്തും ലീഗ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ന്യൂനപക്ഷവര്‍ഗീയത ആശയമാക്കി നടക്കുന്നവര്‍ എന്നും ലീഗിനെ വിമര്‍ശിച്ചത്.

വര്‍ഗീയവാദികള്‍ ലീഗിനെ വര്‍ഗീയമായി ചിത്രീകരിച്ച് എതിര്‍വികാരമുണ്ടാക്കാനും മറുവിഭാഗത്തിന് അംഗീകാരമുണ്ടാക്കിക്കൊടുക്കാനും നോക്കുന്നവരാണ്. ആ പറയുന്നവരാണ് ഏറ്റവും വലിയ വര്‍ഗീയവികാരമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ശ്രീനാരായണഗുരു അതിനെതിരേയാണ് രംഗത്തുവന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഗുരുവിന്റെ ആശയമല്ല അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ തൊഗാഡിയ പറഞ്ഞ ശൈലിയിലാണ് അവര്‍ സംസാരിക്കുന്നത്. അത് ജനം പുച്ഛിച്ചുതള്ളും.

Content Highlights: Indian Union Muslim League (IUML) launches `Khaide Millath Centre` in Delhi